ഗസ: ഒരു മാസത്തിനുള്ളിൽ ഗസയിൽ ഭക്ഷണം തേടിയെത്തിയ 600 ലധികം പേരെ ഇസ്രഈൽ സേന സഹായ വിതരണ കേന്ദ്രങ്ങൾക്ക് മുന്നിൽ വെച്ച് കൊലപ്പെടുത്തിയതായി ഗസയിലെ ഗവൺമെന്റ് മീഡിയ ഓഫീസ്. ഇത്തരം ആക്രമണങ്ങളിൽ 4,200 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭക്ഷണം തേടിയെത്തുന്നവർക്ക് നേരെയുള്ള ആക്രമണങ്ങൾ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്.
ഫലസ്തീനിൽ അമേരിക്കൻ-ഇസ്രഈലി ഏജൻസിയായ ഗസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനാണ് മാനുഷിക സഹായങ്ങൾ നൽകുന്നത്. ഐക്യരാഷ്ട്രസഭയുടെ ഏജൻസികളെ മറികടന്ന് സഹായം നൽകുന്ന യു.എസ്-ഇസ്രഈലി ഫൗണ്ടേഷനെ യു.എൻ ഉദ്യോഗസ്ഥർ സൈനികവത്ക്കരിക്കപ്പെട്ടതും അപകടകരവും നിയമവിരുദ്ധവുമാണെന്ന് വിമർശിച്ചിട്ടുണ്ട്.
ഇസ്രഈലി പത്രമായ ഹാരെറ്റ്സ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ, ഒരു ഭീഷണിയും ഇല്ലാതിരുന്നിട്ടും നിരായുധരായ ജനക്കൂട്ടത്തിലേക്ക് വെടിവയ്ക്കാൻ തങ്ങൾക്ക് ഉത്തരവ് ലഭിച്ചെന്ന് ഇസ്രഈലി സൈനികരെ ഉദ്ധരിച്ച് പറയുന്നു.
മെയ് മാസത്തിൽ ഇസ്രഈലിന്റെ ഏകോപനത്തോടെ ആരംഭിച്ച ജി.എച്ച്.എഫിന്റെ ലക്ഷ്യം തെക്കൻ ഗസയിലേക്ക് നേരിട്ട് ഭക്ഷണം എത്തിക്കുക എന്നതായിരുന്നു. എന്നാൽ ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള യു.എൻ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യുഎ പോലുള്ള പരമ്പരാഗത മാനുഷിക ഏജൻസികളിലൂടെയല്ല ഇതിന്റെ ഡെലിവറികൾ നടത്തുന്നത്. ഇവർ നേരിട്ട് ഡെലിവറി നടത്തുന്നത് കൊണ്ട് തന്നെ കൃത്യമായ ഏകോപനമോ മേൽനോട്ടമോ ഇവിടെയില്ല ഇത് സുരക്ഷാ തകർച്ചക്ക് കാരണമായെന്ന് വിമർശകർ പറയുന്നു.
സഹായ വിതരണത്തിന് സൗകര്യമൊരുക്കുകയാണെന്നും ഹമാസിൽ നിന്നുള്ള ഭീഷണികളെ മാത്രമേ ലക്ഷ്യമിടുന്നുള്ളൂ എന്നും ഇസ്രഈൽ വാദിക്കുമ്പോഴും പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ സാധാരണക്കാരുടെ മരണമാണ് കൂടുതലും വരുന്നത്.
കഴിഞ്ഞ ദിവസം ഗസയിലെ ഒരു കഫേ, സ്കൂൾ, ഭക്ഷ്യ വിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഇസ്രൽ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ കുറഞ്ഞത് 95 ഫലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. കൂടാതെ ഗസ നഗരത്തിലെ സെയ്തൂൺ പരിസരത്തുള്ള ഒരു ഭക്ഷ്യ വിതരണ കേന്ദ്രത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു.
അതേസമയം ഫലസ്തീനിൽ അമേരിക്കൻ-ഇസ്രഈലി സഹായ കേന്ദ്രങ്ങൾ വിതരണം ചെയ്ത ഭക്ഷ്യകിറ്റുകളിൽ നിന്നും മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തിയതായി ഗസ അധികൃതർ പറഞ്ഞിരുന്നു. യു.എസ് പിന്തുണയുള്ളതും ഇസ്രഈലി സൈന്യം നടത്തുന്നതുമായ ഗസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജി.എച്ച്.എഫ്) പലസ്തീനികൾക്കുള്ള സഹായമായി വിതരണം ചെയ്ത ഭക്ഷ്യ കിറ്റുകളിൽ നിന്നാണ് ഓപിയോയിഡ് ഗുളികകൾ കണ്ടെത്തിയത്. ‘ഓക്സികോഡോൺ’ ഇനത്തിൽപ്പെട്ട മയക്കുമരുന്ന് ഗുളികകളാണ് കണ്ടെത്തിയതെന്ന് ഗസയിലെ ഗവൺമെന്റ് മീഡിയ ഓഫീസ് (ജി.എം.ഒ) സ്ഥിരീകരിച്ചു.
2023 ഓഗസ്റ്റ് ഏഴിന് ഹമാസ് നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെ ഇസ്രാഈൽ ആരംഭിച്ച വംശഹത്യ ഇനിയും തുടരുകയാണ്. ഇതുവരെ, ഇസ്രഈൽ ആക്രമണം 56,500ലധികം ഫലസ്തീനികളെ കൊന്നൊടുക്കി. ഫലസ്തീനിലേക്കുള്ള മാനുഷിക സഹായം ഇസ്രഈൽ തടഞ്ഞതോടെ ഫലസ്തീനിൽ രൂക്ഷമായ ക്ഷാമം ബാധിച്ചു. പിന്നാലെ അന്താരാഷ്ട്ര സമ്മർദത്തിന് പിന്നാലെ ഇസ്രഈൽ വളരെ ചെറിയ അളവിൽ മാനുഷിക സഹായങ്ങൾ വിതരണം ചെയ്യാൻ തുടങ്ങുകയായിരുന്നു.
Content Highlight: The Palestinians killed by Israel at Gaza’s aid centres