ഭാരതത്തെ മുഴുവനായി കാണുന്നവര്‍ക്ക് സംഘപരിവാറിനൊപ്പം നില്‍ക്കാന്‍ കഴിയില്ല; ക്രിസ്ത്യാനികളുടെ കാര്യം നോക്കാന്‍ പി.സി. ജോര്‍ജിനെ ഏല്‍പിച്ചിട്ടില്ല: ഓര്‍ത്തഡോക്‌സ് സഭ
Kerala News
ഭാരതത്തെ മുഴുവനായി കാണുന്നവര്‍ക്ക് സംഘപരിവാറിനൊപ്പം നില്‍ക്കാന്‍ കഴിയില്ല; ക്രിസ്ത്യാനികളുടെ കാര്യം നോക്കാന്‍ പി.സി. ജോര്‍ജിനെ ഏല്‍പിച്ചിട്ടില്ല: ഓര്‍ത്തഡോക്‌സ് സഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th May 2022, 1:58 pm

കോട്ടയം: ക്രിസ്ത്യാനികളുടെ കാര്യം നോക്കാന്‍ പി.സി. ജോര്‍ജിനെ ഏല്‍പിച്ചിട്ടില്ലെന്നും അദ്ദേഹം ക്രൈസ്തവരുടെ പ്രതിനിധിയല്ലന്നും ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്.

നാര്‍ക്കോട്ടിക് ജിഹാദ്, ലവ് ജിഹാദ് എന്നീ വിഷയങ്ങള്‍ കേരളത്തിലെ ചില കത്തോലിക്ക സഭ നേതാക്കള്‍ ഉന്നയിക്കുന്നതിന് പിന്നില്‍ അവരുടെ വ്യക്തി താത്പര്യമാണെന്നും അദ്ദേഹം പറഞ്ഞു.

‘പി.സി ജോര്‍ജ് ക്രൈസ്തവ സമുദായത്തിന്റെ ചാമ്പ്യനാകാന്‍ നോക്കേണ്ട. ക്രിസ്ത്യാനികളുടെ കാര്യം നോക്കാന്‍ ജോര്‍ജിനെ ഏല്‍പ്പിച്ചിട്ടില്ല. കാണ്‍ഗ്രസും ഇടതുപക്ഷവും എടുക്കാത്തത് കൊണ്ട് ബി.ജെ.പിയില്‍ പോകാതെ ജോര്‍ജിന് നിവൃത്തിയില്ല.

വിശ്വാസികളാണ് സഭാ നേതൃത്വത്തെ തിരുത്തേണ്ടത്. ഭാരതത്തെ മുഴുവനായി കാണുന്ന ആര്‍ക്കും സംഘപരിവാറിനൊപ്പം നില്‍ക്കാന്‍ കഴിയില്ല.

ലവ് ജിഹാദോ നാര്‍കോട്ടിക് ജിഹാദോ ഉണ്ടെന്ന് തെളിവുസഹിതം പറയുക സാധിക്കില്ല. അന്യോന്യം സ്‌നേഹിക്കുകയോ വിവാഹിതരാകുകയോ ചെയ്യുന്നുണ്ട്.

അതില്‍ ചില കുടുംബങ്ങളില്‍ പ്രതിസന്ധികളുണ്ടാവുകയോ മതംമാറ്റത്തിന് പ്രേരിപ്പിക്കുകയോ ചിലയാളുകളെങ്കിലും അത് മറ്റൊരു രീതിയിലേക്ക് കൊണ്ടുപോകുകയോ ചെയ്യാറുണ്ട്. എല്ലാം ആലോചിച്ച് നടത്തുന്ന വിവാഹങ്ങള്‍ പോലും ചിലപ്പോള്‍ വലിയ പ്രതിസന്ധിയിലാകുന്ന സാഹചര്യമുണ്ട്. അതില്‍ ഏതെങ്കിലും ഒന്നോ രണ്ടോ എടുത്തുകൊണ്ട് ലോകം മുഴുവന്‍ ലൗ ജിഹാദാണ് നടപ്പാകുന്നത് എന്ന് പറയാന്‍ ഞാനാളല്ല,’ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് കൂട്ടിച്ചേര്‍ത്തു.

ജിഹാദ് എന്ന വാക്ക് ഒരു വിശ്വാസ സമൂഹത്തെ കേന്ദ്രീകരിച്ചുള്ളതാണ്. അവരെ ഒറ്റപ്പെടുത്തിക്കൊണ്ട് ഈ വാക്ക് ചേര്‍ത്തുവെക്കാമെന്ന് എനിക്ക് തോന്നുന്നില്ലെന്നും ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

CONTENT HIGHLIGHTS: The Orthodox Church says PC George  is not a representative of the Christians