രാഹുലിനെ ന്യായീകരിച്ച് മുഖപ്രസംഗം എഴുതിയ മാധ്യമപ്രവർത്തകനെതിരെ നടപടിയെടുക്കും: വീക്ഷണം മാനേജിങ് ഡയറക്ടര്‍
Kerala
രാഹുലിനെ ന്യായീകരിച്ച് മുഖപ്രസംഗം എഴുതിയ മാധ്യമപ്രവർത്തകനെതിരെ നടപടിയെടുക്കും: വീക്ഷണം മാനേജിങ് ഡയറക്ടര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th November 2025, 7:15 am

തിരുവനന്തപുരം: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് മുഖപ്രസംഗം എഴുതിയതില്‍ പത്രത്തിന് വീഴ്ച സംഭവിച്ചുവെന്ന് വീക്ഷണം മാനേജിങ് ഡയറക്ടര്‍ ജെയിന്‍സണ്‍ ജോസഫ്.

ലേഖനം പാര്‍ട്ടിയുടെ നിലപാടല്ലെന്നും രാഹുലിനെ അനുകൂലിച്ച് എഡിറ്റോറിയല്‍ വന്നതില്‍ പത്രത്തിന് ജാഗ്രതക്കുറവ് ഉണ്ടായെന്നും ജെയിന്‍സണ്‍ ജോസഫ് പറഞ്ഞു. പാര്‍ട്ടി സസ്പെന്‍ഡ് ചെയ്ത ഒരാളെ ന്യായീകരിക്കേണ്ട ബാധ്യത പാര്‍ട്ടിക്കില്ലെന്നും ജെയിന്‍സണ്‍ പ്രതികരിച്ചതായി റിപ്പോര്‍ട്ടര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

എഡിറ്റോറിയൽ എഴുതിയ മാധ്യമപ്രവർത്തകനെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

ഇന്നലെ (ശനി) പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് ബലാത്സംഗ കേസ് നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ വീക്ഷണം ദിനപത്രം ന്യായീകരിച്ചത്. ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്ന തലക്കെട്ടോടെയായിരുന്നു ലേഖനം. രാഹുല്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണെന്നാണ് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ പറഞ്ഞിരുന്നത്.

കോണ്‍ഗ്രസിന്റെ കുപ്പായത്തില്‍ വീണ ചാണകത്തുള്ളി കണ്ട് മൂക്കുപൊത്തുന്നത് പോലെയാണ് സി.പി.ഐ.എം രാഹുല്‍ മാങ്കൂട്ടത്തിലിനെ ചൂണ്ടിക്കാട്ടി സദാചാര പ്രസംഗം നടത്തുന്നതെന്നും ലേഖനം വിമര്‍ശിച്ചിരുന്നു.

കോണ്‍ഗ്രസില്‍ വാദങ്ങളും പ്രതിവാദങ്ങളുമായി ശ്രദ്ധേയമായ ജ്ഞാനതൃഷ്ണയുള്ള ഒരുപറ്റം ചെറുപ്പക്കാര്‍ വേറെയുമുണ്ടെന്നും മറ്റ് പാര്‍ട്ടികള്‍ക്കില്ലാത്ത മികച്ച വിത്തുഗുണത്തെ ചവിട്ടിയരച്ച് കുലമൊടുക്കുകയാണ് ഇത്തരം രാഷ്ട്രീയപ്രേരിത ആരോപണങ്ങളുടെയും വ്യക്തിഹത്യയുടെയും ലക്ഷ്യമെന്നും എഡിറ്റോറിയലില്‍ പരാമര്‍ശമുണ്ടായിരുന്നു.

എഡിറ്റോറിയല്‍ വിവാദമായതോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അടക്കമുള്ളവര്‍ക്ക് വിഷയത്തില്‍ വ്യക്തമായ പ്രതികരണം നല്‍കാനായില്ല. പ്രതികരണം തേടിയ മാധ്യമങ്ങളോട്, എഴുതിയവരോട് ചോദിക്കൂ എന്നാണ് വി.ഡി. സതീശന്‍ പറഞ്ഞത്.

എഡിറ്റോറിയല്‍ പരിശോധിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫും ലേഖനം വായിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് എം.എല്‍.എ രമേശ് ചെന്നിത്തലയും പ്രതികരിച്ചിരുന്നു.

അതേസമയം വീക്ഷണത്തിന്റേത് സി.പി.ഐ.എമ്മിനെയും എല്‍.ഡി.എഫിനെയും ലക്ഷ്യമിട്ടുള്ള ലേഖനമാണെന്നാണ് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പ്രതികരിച്ചത്. വീക്ഷണത്തിന് കോണ്‍ഗ്രസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും എന്നാല്‍ പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് വിരുദ്ധമായി എഴുതിയാല്‍ തിരുത്തുമെന്നും കെ. മുരളീധരന്‍ പറഞ്ഞിരുന്നു.

ചാര്‍ജ് ഷീറ്റ് കൊടുത്തിട്ടുപോലും മുകേഷിനെ പോലെയുള്ള ഒരു എം.എല്‍.എ രാജിവെക്കാതിരുന്നതിന്റെയും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങള്‍ ഉണ്ടായപ്പോള്‍ മാത്രം ധാര്‍മികത പറയുന്നതിന്റെയും തെറ്റുകളാണ് ലേഖനം ചൂണ്ടിക്കാട്ടുന്നതെന്നും കെ. മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Content Highlight: The newspaper made a mistake in writing an editorial defending Mamkootatil, says Jainson Joseph, MD of Veekshanam