ചൈനയില്‍ പടരുന്ന ന്യുമോണിയ ഇന്ത്യയില്‍ സ്ഥിരീകരിച്ചുവെന്ന വാര്‍ത്ത തെറ്റ്; റിപ്പോര്‍ട്ട് തള്ളി കേന്ദ്രം
national news
ചൈനയില്‍ പടരുന്ന ന്യുമോണിയ ഇന്ത്യയില്‍ സ്ഥിരീകരിച്ചുവെന്ന വാര്‍ത്ത തെറ്റ്; റിപ്പോര്‍ട്ട് തള്ളി കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th December 2023, 4:25 pm

ന്യൂദല്‍ഹി: ചൈനയില്‍ പടരുന്ന ന്യുമോണിയ ഇന്ത്യയിലും സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. ഈ റിപ്പോര്‍ട്ടുകള്‍ വസ്തുതാ വിരുദ്ധമാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ കേസുകള്‍ക്ക് ചൈനയിലെ രോഗാവസ്ഥയുമായി ബന്ധമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

വ്യാഴാഴ്ച രാവിലെ ദല്‍ഹി എയിംസില്‍ നടത്തിയ സാമ്പിള്‍ പരിശോധനകളില്‍ ഏഴ് പേര്‍ക്ക് ചൈനയില്‍ വ്യാപിച്ചിരിക്കുന്ന ന്യുമോണിയ സ്ഥിരീകരിച്ചുവെന്ന വാര്‍ത്ത ചില മാധ്യമങ്ങള്‍ പുറത്തിവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ആരോഗ്യ മന്ത്രാലയം പ്രതികരണം നടത്തിയത്.

ഏഴ് പേര്‍ക്ക് മൈക്രോ പ്ലാസ്മ ന്യുമോണിയ സ്ഥിരീകരിച്ചെന്നുള്ളത് ശരിയാണെന്നും എന്നാല്‍ ഇത് ദല്‍ഹി എയിംസില്‍ രോഗവ്യാപനത്തിന്റെ ഭാഗമായി നടത്തുന്ന പഠനത്തില്‍ കണ്ടെത്തിയതാണെന്നും മന്ത്രാലയത്തിന്റെ വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടി. ചൈനയില്‍ രോഗവ്യാപനം സ്ഥിരീകരിച്ചതിന് ശേഷം ഇന്ത്യയില്‍ കൃത്യമായ നിരീക്ഷണങ്ങളും പരിശോധനകളും നടത്തുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇതുസംബന്ധിച്ച് ഇതുവരെ 611 സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ടെന്നും ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് ഏതെങ്കിലും പ്രദേശങ്ങളില്‍ ഈ രോഗം വ്യാപിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതായും മന്ത്രാലയം ചൂണ്ടിക്കാട്ടി.

Content Highlight: The news that the pneumonia spreading in China has been confirmed in India is false