പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ പ്രധാനവേഷത്തിലെത്തുന്ന ഐ ആം ഗെയിം. ആര്‍.ഡി.എക്സിന്റെ സംവിധായകന്‍ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം വന്‍ ഹൈപ്പിലാണ് ഒരുങ്ങുന്നത്. കിങ് ഓഫ് കൊത്തക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും ഐ ആം ഗെയിമിന് ഉണ്ട്.
#ImGame Kerala Theatre Charting Completed 🔥🔥 All Set for 2026 Onam Release 🔥 All Big Main Screens Across Kerala Locked by #WayfarerFilms for August 20 , 2026 Grand Release 👏👏
ഹൈദരാബാദ്, മുംബൈ, ദുബായ്, കൊച്ചി എന്നിവിടങ്ങളിലായി ഷൂട്ട് പുരോഗമിക്കുന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. സിനിമയുടെ തിയേറ്റര്‍ ചാര്‍ട്ടിങ് കഴിഞ്ഞുവെന്നാണ് അറിയാന്‍ കഴിയുന്നത്. 2026ല്‍ ഓണം റിലീസായി ഓഗസ്റ്റ് 20ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പല സിനിമാ പേജുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്.
കുറച്ച് ദിവസം മുമ്പ് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി ഐ ആം ഗെയിമിന്റെ ലൊക്കേഷനിലെത്തിയത് വലിയ വാര്‍ത്തയായയിരുന്നു. മമ്മൂട്ടി ക്രൂ അംഗങ്ങളോടൊപ്പവും നഹാസിന്റെ കൂടെയും സംസാരിക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ചുള്ള ഫോട്ടോ ഇല്ലാതിരുന്നത് ആരാധകരെ നിരാശരാക്കിയിരുന്നു.
അതേസമയം സ്‌പോര്‍ട്‌സ് ആക്ഷന്‍ ഴോണറിലാണ് ഐ ആം ഗെയിം ഒരുങ്ങുന്നത്. ചിത്രത്തില്‍ ആന്റണി വര്‍ഗീസ് പെപ്പെ, കയേദു ലോഹര്‍, മിഷ്‌കിന്‍, കതിര്‍, സാന്‍ഡി തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. പാന്‍ ഇന്ത്യന്‍ ചിത്രമായി റിലീസിനൊരുങ്ങുന്ന ഐ ആം ഗെയിം നിര്‍മിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ്.
ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര, 2018 എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ചമന്‍ ചാക്കോയാണ് സിനിമയുടെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്.
Content Highlight: The new update of the Dulquer salman movie I Am game is out