സ്വവര്‍ഗ സൂപ്പര്‍മാന്‍; ചരിത്രം സൃഷ്ടിക്കാനൊരുങ്ങി ഡി.സി. കോമിക്‌സ്
World News
സ്വവര്‍ഗ സൂപ്പര്‍മാന്‍; ചരിത്രം സൃഷ്ടിക്കാനൊരുങ്ങി ഡി.സി. കോമിക്‌സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th October 2021, 1:13 pm

ന്യൂയോര്‍ക്ക്: അന്യഗ്രഹമായ ക്രിപ്ര്‌റ്റോണില്‍ നിന്നെത്തി 80 വര്‍ഷത്തിലധികം ഭൂമിയെ രക്ഷിക്കുകയാണ് സൂപ്പര്‍മാന്‍. ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍മാന്‍ കോമിക്‌സില്‍ ഇതിഹാസതുല്യമായ മാറ്റം കൊണ്ടുവരാനൊരുങ്ങുകയാണ് സൂപ്പര്‍മാന്റെ സൃഷ്ടാക്കള്‍. ചരിത്രത്തിലാദ്യമായി സൂപ്പര്‍മാനെ സ്വവര്‍ഗാനുരാഗിയായി അവതരിപ്പിക്കാനൊരുങ്ങുകയാണ് ഡി.സി.

ഡി.സി. കോമിക് സീരിസായ ‘സൂപ്പര്‍മാന്‍: സണ്‍ ഓഫ് കാള്‍ എല്‍’ അഞ്ചാം പതിപ്പ് മുതലാണ് സൂപ്പര്‍മാനെ സ്വവര്‍ഗാനുരാഗിയായി അവതരിപ്പിക്കുന്നത്. സൂപ്പര്‍മാനായി ഭൂമിയില്‍ എത്തപ്പെടുന്ന കെന്റ് ക്ലര്‍ക്കിന്റെ മകനായ ജോണ്‍ കെന്റാണ് ഇതില്‍ സൂപ്പര്‍മാന്‍.

നേരത്തെ കെന്റ് പത്രപ്രവര്‍ത്തകയായ ലോയിസ് ലെയിനുമായി പ്രണയത്തിലാകുന്നതെങ്കില്‍, ജയ് നാകമൂറ എന്ന പത്രപ്രവര്‍ത്തകനുമായാണ് ഈ സീരീസില്‍ പ്രണയത്തിലാകുന്നത്.

ഈ ആഴ്ച ഡി.സി. ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു. അടുത്തമാസമാണ് പുതിയ ലക്കം സൂപ്പര്‍മാന്‍ കോമിക് ബുക്ക് ഇറങ്ങുന്നത്.

എന്താവും പുതിയ കോമിക്‌സിന്റെ ഇതിവൃത്തം എന്ന് വ്യക്തമായിട്ടില്ലെങ്കിലും സൂപ്പര്‍മാനും പങ്കാളിയും ഒരുമിച്ചിരിക്കുന്നതിന്റെയും ചുംബിക്കുന്നതിന്റെയും ചിത്രങ്ങള്‍ ഡി.സി. പുറത്ത്് വിട്ടിട്ടുണ്ട്.

സൂപ്പര്‍മാന്റെ സ്വഭാവികമായ എല്ലാ പ്രത്യേകതകളും നിലനിര്‍ത്തിയാണ് പുതിയ സാഹചര്യത്തിലേക്ക് കഥ കടക്കുന്നതെന്നും ഇത് ഇതിഹാസ തുല്യമായ മാറ്റമാണെന്നുമാണ് കഥകൃത്തായ ടോം ടെയ്‌ലര്‍ പറയുന്നത്.

‘അവരേയും ഒപ്പം കൂട്ടാനാണ് ഞങ്ങള്‍ ഇതിലൂടെ ശ്രമിക്കുന്നത്. ഇത് അവര്‍ക്കായാണ് ഒരുക്കുന്നത്. ഇത് കണ്ട് അവരും പറയും സൂപ്പര്‍മാനും എന്നെപ്പോലെയാണെന്ന്. എന്നെയും ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കും വേണ്ടിയാണ് സൂപ്പര്‍മാന്‍ പോരാടുന്നത്,’ ടെയ്‌ലര്‍ പറയുന്നു.

ആദ്യമായല്ല ഡി.സി തങ്ങളുടെ കഥാപാത്രങ്ങളെ ബൈ സെക്ഷ്വലായി അവതരിപ്പിക്കുന്നത്. നേരത്തെ ബാറ്റ്മാനിലെ രോബിനേയും, വണ്ടര്‍ വുമണിനേയും ഇത്തരത്തില്‍ അവതരിപ്പിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: The new Superman comes out as bisexual in an upcoming comic