അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന ചത്ത പച്ചയുടെ പുതിയ പോസ്റ്റര്‍ പുറത്ത്. അനൗണ്‍സ്‌മെന്റ് മുതല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഒരോ അപ്‌ഡേറ്റും സിനിമാപ്രേമികളെ ആവേശം കൊള്ളിച്ചിരുന്നു.
ഇപ്പോള്‍ കേന്ദ്ര കഥാപാത്രങ്ങളെല്ലാം ഒരുമിച്ച് ഉള്ള പുതിയ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള wwe സ്റ്റൈല്‍ ആക്ഷന് കോമഡി ചിത്രമായൊരുങ്ങുന്ന ചത്ത പച്ച ദി റിങ് ഓഫ് റൗഡീസ് ജനുവരി 22നാണ് തിയേറ്ററുകളിലെത്തുന്നത്.
റീല്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. രമേഷ് റിതേഷ് രാമകൃഷ്ണന്‍, ഷിഹാന്‍ ഷൗക്കത്ത് എന്നിവരോടൊപ്പം എസ്. ജോര്‍ജ്, സുനില്‍ സിങ് എന്നിവരും ഈ നിര്‍മാണ സംരഭത്തില്‍ പങ്കാളികളാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് സിനിമ കേരളത്തിലെ തിയേറ്ററുകളില്‍ വിതരണം ചെയ്യുന്നത്.
അര്‍ജുന്‍ അശോകന്‍, വിശാഖ് നായര്‍ തുടങ്ങിയവരുടെ ക്യാരക്ടര്‍ പോസ്റ്റുകള്‍ നേരത്തെ റിലീസ് ചെയ്യുകയും പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്തിരുന്നു. ചിത്രത്തില്‍ ലോക്കോ ലോബോ എന്ന കഥാപാത്രമായി അര്‍ജുന്‍ അശോകന്‍ എത്തുമ്പോള്‍, വെട്രി എന്ന കഥാപാത്രമായാണ് റോഷന്‍ മാത്യു എത്തുന്നത്. ചെറിയാാന്‍ എന്ന കഥാപാത്രമായാണ് വിശാഖ് നായര്‍ എത്തുന്നത്.
ചത്ത പച്ചയില്‍ മലയാളത്തിന്റെ മഹാനടന് മമ്മൂട്ടി അതിഥിവിശേഷത്തില്‍ എത്തുന്നുവെന്ന വാര്‍ത്തകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ബോളിവുഡ് വമ്പന്മാരായ ശങ്കര്- എഹ്സാന്‍- ലോയ് കോമ്പോയാണ് ചത്താ പച്ചയുടെ സംഗീതം ഒരുക്കുന്നത്.
പ്രേമം, ഭീഷ്മപര്‍വം തുടങ്ങിയ സിനിമകള്‍ക്കായി ക്യാമറ ചലിപ്പിച്ച ആനന്ദ് ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. മാര്‍ക്കോയിലൂടെ ഞെട്ടിച്ച കലൈ കിങ്സനാണ് ചത്താ പച്ചയുടെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
Content Highlight: The new poster of ‘Chattha Pacha’ is out