തെരഞ്ഞെടുപ്പ് കമ്മീഷണറെ പത്മഭൂഷണ്‍ നല്‍കി ആദരിക്കണം; എന്തിനാണ് ഈ തെഞ്ഞെടുപ്പ് പ്രഹസനം; ആഞ്ഞടിച്ച് കപില്‍ സിബല്‍
India
തെരഞ്ഞെടുപ്പ് കമ്മീഷണറെ പത്മഭൂഷണ്‍ നല്‍കി ആദരിക്കണം; എന്തിനാണ് ഈ തെഞ്ഞെടുപ്പ് പ്രഹസനം; ആഞ്ഞടിച്ച് കപില്‍ സിബല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd April 2026, 12:28 pm

ന്യൂദല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ കപില്‍ സിബല്‍.

ബംഗാളിലെ വോട്ടര്‍മാരുടെ അവകാശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബോധപൂര്‍വ്വം നിഷേധിച്ചെന്നും ബി.ജെ.പിയെ വിജയിപ്പിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഒത്തുകളിച്ചെന്നും അദ്ദേഹം ആരോപിച്ചു. ജനാധിപത്യ പ്രക്രിയയെ പരിഹസിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളെ ‘ദേശീയ നാണക്കേട്’ എന്നാണ് കപില്‍ സിബല്‍ വിശേഷിപ്പിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ബി.ജെ.പിക്ക് വേണ്ടിയുള്ളതായിരുന്നെന്നും അദ്ദേഹം തുറന്നടിച്ചു. വോട്ടര്‍മാരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതില്‍ കമ്മീഷന്‍ ഒരു ‘പരീക്ഷണം’ തന്നെ നടത്തുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

‘തെരഞ്ഞെടുപ്പ് കമ്മീഷന്‍ പശ്ചിമ ബംഗാളില്‍ അവകാശ നിഷേധത്തിന്റെ പരീക്ഷണമാണ് നടത്തുന്നത്. വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് പുറത്താക്കുന്ന ഇത്തരം നീക്കങ്ങള്‍ നടത്തുന്ന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിക്കണം!’ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ കപില്‍ സിബല്‍ പറഞ്ഞു.

ഇത്തരമൊരു സാഹചര്യത്തില്‍ എന്തിനാണ് ഒരു തെഞ്ഞെടുപ്പ് പ്രഹസനമെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തെ ഉന്നത തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ പറയുന്ന കാര്യങ്ങള്‍ യുക്തിക്ക് നിരക്കാത്തതാണെന്നും, ജനാധിപത്യത്തിന്റെ കാവലാളാകേണ്ട കമ്മീഷന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചട്ടുകമായി മാറുന്നത് രാജ്യത്തിന് തന്നെ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യുന്നതിലെ അസ്വാഭാവികതകള്‍ കപില്‍ സിബല്‍ അക്കമിട്ടു നിരത്തി.

വൈരുദ്ധ്യം എന്ന വാദം ഉയര്‍ത്തി വോട്ടര്‍മാരെ കൂട്ടത്തോടെ പുറത്താക്കുകയാണ്. വോട്ടറും വോട്ടറുടെ പിതാവും തമ്മിലുള്ള പ്രായവ്യത്യാസം 15 വയസ്സില്‍ താഴെയാണെന്നോ അല്ലെങ്കില്‍ 50 വയസ്സില്‍ കൂടുതലാണെന്നോ കാണിച്ച് വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യുന്നു. ഇത് ജനങ്ങളെ വോട്ടവകാശത്തില്‍ നിന്ന് അകറ്റാനുള്ള ഗൂഢനീക്കമല്ലാതെ മറ്റെന്താണ്?

ഇത്തരം കര്‍ശനമായ മാനദണ്ഡങ്ങള്‍ ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലോ മഹാരാഷ്ട്രയിലോ നടപ്പിലാക്കാതെ പശ്ചിമ ബംഗാളില്‍ മാത്രം പ്രയോഗിക്കുന്നത് ദുരൂഹമല്ലേ.

ബംഗാളില്‍ വന്‍തോതില്‍ കേന്ദ്ര സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുകയാണ്. ഇത് വോട്ടര്‍മാരെ ഭയപ്പെടുത്താനല്ലാതെ മറ്റെന്തിനാണ്?,’ കപില്‍ സിബല്‍ ചോദിച്ചു.

അഴിമതി, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചരണമാക്കിയപ്പോള്‍ പൗരത്വം, ഐഡന്റിറ്റി, വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍, വികസനം എന്നിവ ഉയര്‍ത്തിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രചരണം നയിച്ചത്.

പശ്ചിമ ബംഗാളിലെ 294 സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്നാണ് (വ്യാഴാഴ്ച) ആരംഭിച്ചത്. വടക്കന്‍ ബംഗാളിലെ എട്ട് ജില്ലകളിലെ 54 സീറ്റുകളും മുര്‍ഷിദാബാദ്, നാദിയ, ബിര്‍ഭം, ഹൂഗ്ലി എന്നിവിടങ്ങളിലെ സീറ്റുകളും ഉള്‍പ്പെടെ 152 സീറ്റുകളിലേക്കാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ടം ഏപ്രില്‍ 29നാണ്. മെയ് 4നാണ് ഫലപ്രഖ്യാപനം.

Content Highlight: ‘The Nation Should Honor the CEC with Padma Bhushan; Kapil Sibal Attack on Election Commission