ഇന്ത്യാവിഷന്റെ പേരും ലോഗോയും ദുരുപയോഗപ്പെടുത്തി; പുതുതായി ആരംഭിച്ച മാധ്യമ സ്ഥാപനം വ്യാജമെന്ന് എം.കെ. മുനീര്‍
Kerala
ഇന്ത്യാവിഷന്റെ പേരും ലോഗോയും ദുരുപയോഗപ്പെടുത്തി; പുതുതായി ആരംഭിച്ച മാധ്യമ സ്ഥാപനം വ്യാജമെന്ന് എം.കെ. മുനീര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th October 2025, 7:23 pm

മലപ്പുറം: മലയാളത്തിലെ ആദ്യ വാര്‍ത്താ ചാനലായ ഇന്ത്യാവിഷന്റെ പേരും ലോഗോയും ഉപയോഗപ്പെടുത്തി പുതുതായി ആരംഭിച്ച മാധ്യമസ്ഥാപനം വ്യാജമെന്ന് ഇന്ത്യാവിഷന്‍ സ്ഥാപകനും എം.എല്‍.എയുമായ എം.കെ. മുനീര്‍. അങ്ങനെയൊരു സ്ഥാപനവുമായി ഇന്ത്യാവിഷന് ഒരു വിധത്തിലുള്ള ബന്ധവുമില്ലെന്ന് എം.കെ. മുനീര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഇന്ത്യാവിഷന്‍ വീണ്ടെടുക്കാനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ക്കിടെയുള്ള ഒരു വ്യാജനീക്കം ശ്രദ്ധയില്‍പ്പെട്ടെന്നും ഇന്ത്യാവിഷന്റെ പേരും സമാനമായ ലോഗോയും ഉപയോഗപ്പെടുത്തി പുതുതായി ആരംഭിച്ച മാധ്യമസ്ഥാപനവുമായി ഇന്ത്യാവിഷന് ഒരു രീതിയിലുള്ള ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല നിയമലംഘനഘങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സമൂഹമാധ്യമങ്ങളിലെ കള്ളപ്രചാരണങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും എം.കെ മുനീര്‍ കൂട്ടിച്ചേര്‍ത്തു.

എം.കെ. മുനീര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ രൂപം

‘പ്രിയപ്പെട്ടവരെ, കേരളത്തില്‍ ദൃശ്യമാധ്യമരംഗത്ത് പുതിയ വഴിയും ചരിത്രവും തെളിച്ച ഇന്ത്യാവിഷന്‍ വീണ്ടെടുക്കാനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ക്കിടെ, ഒരു വ്യാജനീക്കം ശ്രദ്ധയില്‍പ്പെട്ടു. ഇന്ത്യാവിഷന്റെ പേരും സമാനമായ ലോഗോയും ഉപയോഗപ്പെടുത്തി പുതുതായി ആരംഭിച്ച മാധ്യമസ്ഥാപനവുമായി ഇന്ത്യാവിഷന് യാതൊരു ബന്ധവുമില്ലെന്ന് അറിയിക്കുന്നു. ഈ നിയമലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. സമൂഹമാധ്യമങ്ങളിലെ കള്ളപ്രചാണങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’.

Content Highlight: The name and logo of Indiavision were misused