മാടാക്കര പള്ളിയില്‍ ബൂട്ടിട്ട് കയറി പൊലീസ് അതിക്രമമെന്ന് മുസ്‌ലിം ലീഗും പാറക്കല്‍ അബ്ദുല്ല എം.എല്‍.എയും
Kerala
മാടാക്കര പള്ളിയില്‍ ബൂട്ടിട്ട് കയറി പൊലീസ് അതിക്രമമെന്ന് മുസ്‌ലിം ലീഗും പാറക്കല്‍ അബ്ദുല്ല എം.എല്‍.എയും
നിഷാന. വി.വി
Wednesday, 26th August 2026, 9:28 am

വടകര: കണ്ണൂക്കര മാടാക്കര പള്ളിയില്‍ പൊലീസ് ബൂട്ടിട്ട് കയറിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. പള്ളിയിലെ തര്‍ക്കം പഴുതായെടുത്ത് വിശ്വാസികള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് മുസ്‌ലിം ലീഗ്.

നബിദിന പരിപാടിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ കാര്യമായ പ്രകോപനമില്ലാതെ പൊലീസ് പള്ളിക്കകത്ത് ബൂട്ടിട്ട് കയറി ലാത്തി വീശുകയും അസഭ്യം പറയുകയും ചെയ്യുന്ന പൈശാചികതയാണ് ചോമ്പാല സി.ഐയുടെ നേതൃത്വത്തിലുണ്ടായതെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് റസാഖ് മാസ്റ്ററും എം.എല്‍.എയും ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായിലും പറഞ്ഞു.

അസഭ്യവും അക്രമവും അഴിച്ചുവിട്ടവര്‍ക്കെതിരെ ആഭ്യന്തര വകുപ്പ് ഉടന്‍ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പളളിയില്‍ പൊലീസ് നടത്തിയത് അഴിഞ്ഞാട്ടമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പാറക്കല്‍ അബ്ദുല്ല എം.എല്‍.എ പറഞ്ഞു. പൊലീസ് കാണിച്ച അതിക്രമം അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസികള്‍ നബിദിന പരിപാടിയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ യാതൊരു പ്രകോപനവുമില്ലാതെ ചോമ്പാല സി.ഐയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ക്കെതിരെ ലാത്തി ചാര്‍ജ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

അതിക്രമിച്ച് കയറി ലാത്തി ചാര്‍ജ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നാട്ടില്‍ സമാധാനമുണ്ടാക്കാന്‍ വിശ്വാസികള്‍ മുന്നിട്ടിറങ്ങണമെന്നും എം.എല്‍.എ പറഞ്ഞു.

മഹല്ല് കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് പൊലീസ് പള്ളിയില്‍ കയറിയത്. പള്ളിയിലെ ഖത്തീബിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം നിലനിന്നിരുന്നു. ഈ വിഷയത്തില്‍ മഹല്ല് കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

ഖത്തീബിനെ മാറ്റണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. പള്ളിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പാണക്കാട് വെച്ച് നടത്തിയ അനുരജ്ഞന ചര്‍ച്ചയില്‍ നിലവിലെ ഖത്തീബ് വെള്ളിയാഴ്ച ജുമ നിസ്‌ക്കാരത്തിന് നേതൃത്വം നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നബിദിനവുമായി ബന്ധപ്പെട്ട് നിലവിലെ ഖത്തീബിന്റെ നേതൃത്വത്തില്‍ മൗലീദ് പാരായണം നടത്താനുള്ള ഒരുക്കത്തെ എതിര്‍ വിഭാഗം ചോദ്യം ചെയ്തതോടെയാണ് തര്‍ക്കമുണ്ടാവുന്നത്.

ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇതിനിടെ ചോമ്പാല്‍ പൊലീസ് സംഘം ബൂട്ടിട്ട് പള്ളിക്കകത്ത് കയറി ലാത്തി വീശുകയായിരുന്നു. നിസ്‌ക്കാര പടത്തിലടക്കം ബൂട്ടിട്ട് കയറി ലാത്തി വീശുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

പള്ളിയിലെ വരുമാനത്തെ ചൊല്ലി രണ്ടുവര്‍ഷമായി ഭിന്നതയുണ്ട്. ലീഗ് അനുകൂലികളായ കഴിഞ്ഞ കമ്മിറ്റിയുടെ കാലയളവില്‍ പള്ളിയിലെയും മറ്റ് സ്ഥാപനങ്ങളിലേയും രണ്ട് കോടി രൂപയുടെ കണക്കുമായി ബന്ധപ്പെട്ടാണ് വിശ്വാസികള്‍ക്കിടയില്‍ ഭിന്നത.

സംഘര്‍ഷത്തില്‍ നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയും ചോമ്പാല എസ്.ഐ. പി.പി ഷമീലിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് കനത്ത പൊലീസ് കാവലുണ്ട്.

Content Highlight: The Muslim League and MLA Parakkal Abdulla have alleged police brutality, stating that officers entered the Madakkara mosque wearing boots.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.