കൊച്ചി: വാവരെ ‘വാപുര’നാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ട് കുറേ നാളുകളായെന്ന് സാമൂഹിക നിരീക്ഷകന്‍ ടി.എസ്. ശ്യാം കുമാര്‍.
വാപുരനെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു എന്നല്ലാതെ പുരാണങ്ങളിലെവിടെയും വാപുരനെ പറ്റി യാതൊരു പരാമര്‍ശവുമില്ലെന്നും ശ്യാം കുമാര്‍ ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിലൂടെയാണ് ശ്യാം കുമാറിന്റെ പ്രതികരണം.
ഇന്നലെ (വെള്ളി) എരുമേലിയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ ക്ഷേത്ര നിര്‍മാണം തടഞ്ഞ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ‘വാപുര സ്വാമി ‘ എന്ന പേരിലുള്ള ക്ഷേത്ര നിര്‍മാണമാണ് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് തടഞ്ഞത്.
പിന്നാലെ വാപുരന്‍ എന്ന സങ്കല്‍പ്പമുണ്ടെന്നും എന്നാല്‍ ക്ഷേത്ര നിര്‍മാണവുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നും വിശ്വഹിന്ദു പരിഷത്ത് പ്രതികരിച്ചിരുന്നു. ഇതിനുമുമ്പും വാപുര സങ്കൽപ്പത്തെ അനുകൂലിച്ചും ശബരിമലയിലെ വാവർ പള്ളി തകർക്കണമെന്നും ആവശ്യപ്പെട്ട് വി.എച്ച്.പി രംഗത്തെത്തിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് ശ്യാം കുമാറിന്റെ പ്രതികരണം. ന്യൂസ് 18ന്റെ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വാവരുടെ മുസ്‌ലിം ഐഡന്റിറ്റി ഹിന്ദുത്വത്തെ അത്രമേല്‍ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അതുകൊണ്ടാണ് വാവരെ വാപുരനാക്കി മാറ്റാന്‍ ശ്രമിക്കുന്നതെന്നും ശ്യാം കുമാര്‍ പറഞ്ഞു. വാവരെ വാപുരനാക്കി, കേവലം ഒരു ഭൂതമാക്കി അരികുവത്ക്കരിക്കാനുള്ള ഹിന്ദുത്വയത്നം വിശ്വാസത്തിന്റെ ബഹുസ്വര ധാരയെ തകര്‍ക്കുന്നതിന്റെ ഭാഗമാണെന്നും ശ്യാം കുമാര്‍ കുറിച്ചു.
അതേസമയം പി. ജോഷി എന്ന വ്യക്തിയുടെ സ്ഥലത്തായിരുന്നു ക്ഷേത്ര നിര്‍മാണത്തിനുള്ള നീക്കങ്ങള്‍ തുടങ്ങിയത്. തിങ്കളാഴ്ച വാപുര സ്വാമിയുടെ ബാലാലയ പ്രതിഷ്ഠാ ചടങ്ങും തീരുമാനിച്ചിരുന്നു.
ഇതിനിടെ നോര്‍ത്ത് പറവൂര്‍ സ്വദേശിയായ ഒരാള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചട്ടം പാലിക്കാതെയാണ് ക്ഷേത്രം നിര്‍മാണം നടക്കുന്നതെന്നായിരുന്നു ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
തുടര്‍ന്ന് വിഷയത്തില്‍ എരുമേലി പഞ്ചായത്തിനോട് കോടതി വിശദീകരണം തേടി. എന്നാല്‍ ക്ഷേത്ര നിര്‍മാണത്തിന് അനുമതി നല്‍കിയിട്ടില്ലെന്നാണ് എരുമേലി പഞ്ചായത്ത് കോടതിയെ അറിയിച്ചത്. പിന്നാലെ നിര്‍മാണം തടഞ്ഞ് കോടതി ഉത്തരവിറക്കുകയും ചെയ്തു. നിര്‍മാണം താത്കാലിമായി സ്റ്റേ ചെയ്യുകയായിരുന്നു. തിങ്കളാഴ്ച ഹരജി വീണ്ടും പരിഗണിക്കും.
Content Highlight: ‘The Muslim identity of Vavar is so disturbing to Hindutva’; T.S. Syam Kumar on the construction of Vapura temple in Erumeli