മലപ്പുറം എം.എസ്.എഫ്. ഹരിത ജില്ലാ കമ്മറ്റി പിരിച്ചുവിട്ട് സംസ്ഥാന കമ്മറ്റി
Kerala News
മലപ്പുറം എം.എസ്.എഫ്. ഹരിത ജില്ലാ കമ്മറ്റി പിരിച്ചുവിട്ട് സംസ്ഥാന കമ്മറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th June 2021, 10:22 pm

മലപ്പുറം: എം.എസ്.എഫിന്റെ വിദ്യാര്‍ത്ഥിനി വിഭാഗമായ ഹരിതയുടെ പുതുതായി തെരഞ്ഞടുത്ത മലപ്പുറം ജില്ലാ കമ്മറ്റിയെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന കമ്മറ്റി. സംസ്ഥാന കമ്മറ്റിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഒരു വിഭാഗം ജില്ലാ കമ്മറ്റിയെ പ്രഖ്യാപിച്ചതെന്നും ഇതിന് സംസ്ഥാന കമ്മറ്റിയുടെ അംഗീകാരമില്ലെന്നും ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്നിയും ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറയും പ്രസ്താവനയിലൂടെ അറിയിച്ചു.

എം.എസ്.എഫിന്റെ ജില്ലാ കമ്മറ്റയുമായി ആശയവിനിമയം നടത്തി സംസ്ഥാന കമ്മറ്റി ജില്ലാ കമ്മറ്റിയെ തെരഞ്ഞടുക്കുന്നതാണ് ഹരിതയുടെ കീഴ്‌വഴക്കം.
2018 ജുലൈയില്‍ തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയാണ് ഹരിതയുടെ ഔദ്യോഗിക മലപ്പുറം ജില്ലാ വിഭാഗമെന്ന് സംസ്ഥാന കമ്മറ്റിയുടെ പ്രസ്താവനയില്‍ പറയുന്നു. എം.എസ്.എഫിന്റെ പ്രായപരിധി കഴിഞ്ഞവരാണ് ഹരിതയുടെതെന്ന പേരിലുള്ള മലപ്പുറം ജില്ലാ കമ്മറ്റിയെന്നും പ്രസ്താവനയില്‍ പറഞ്ഞു.

വ്യാഴാഴ്ച വൈകുന്നേരമാണ് ഓണ്‍ലൈന്‍ യോഗം വിളിച്ച് അഡ്വ. കെ. തൊഹാനി പ്രസിഡന്റും എം.പി. സിഫ്വ ജനറല്‍ സെക്രട്ടറിയും സഫാന ഷംന
ട്രഷററുമായി ഹരിത മലപ്പുറം ജില്ലാ കമ്മറ്റി പ്രഖ്യാപിച്ചത്. മലപ്പുറം ജില്ലാ എം.എസ്.എഫ്. കമ്മറ്റിയുടെ നേതൃത്വത്തിലാണ് പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തത്.

പുതിയ മലപ്പുറം ജില്ലാ കമ്മറ്റിയിലെ ചിലര്‍ കെ.എസ്.യു. പ്രവര്‍ത്തകരാണെന്നും ആരോണപണമുണ്ട്. ജില്ലാ പ്രസിഡന്റായി ഒരു വിഭാഗം തെരഞ്ഞെടുത്ത അഡ്വ. തൊഹാനി കോഴിക്കോട് ലോ കോളേജില്‍ പഠിക്കുമ്പോള്‍ കെ.എസ്.യുവിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു എന്നാണ് ആക്ഷേപം.

അതേസമയം, പുതിയ ഭാരവാഹികളില്‍ അംഗമായ ഷനു ഫര്‍സാന കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയത് തന്റെ അറിവോടെയല്ലെന്ന് പറഞ്ഞ് രംഗത്തെത്തി.
കമ്മിറ്റിയുമായി തനിക്കൊരു ബന്ധവുമില്ലെന്നും ഷനു ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

 

‘ഞാന്‍ ഉള്‍പ്പെടുന്ന ഒരു സംഘത്തെ ഹരിതയുടെ മലപ്പുറം ജില്ലാ കമ്മറ്റി എന്ന പേരില്‍ പ്രഖ്യാപിച്ചതായി അറിയുന്നു. രൂപീകരണ കാലം തൊട്ടേ ഹരിത തുടര്‍ന്നുപോരുന്ന കീഴ്‌വഴക്കങ്ങളുടെ ലംഘനമാണ് ഈ പ്രഖ്യാപനം. എം.എസ്.എഫിന്റെ ജില്ലാ കമ്മറ്റിയുമായി ആശയവിനിമയം നടത്തിയതിനു ശേഷം ഹരിതയുടെ ജില്ലാ കമ്മറ്റിയുടെ ഭാരവാഹികളെ ഹരിതയുടെ സംസ്ഥാന കമ്മറ്റി തെരഞ്ഞെടുത്ത് പ്രഖ്യാപിക്കുന്നതാണ് കീഴ്‌വഴക്കം.
പ്രസ്തുത പ്രഖ്യാപനവുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്നും, എന്റെ അറിവോ സമ്മതമോ കൂടാതെയാണ് ഇത്തരമൊരു പ്രഖ്യാപനം നടന്നത് എന്നും, പ്രഖ്യാപിക്കപ്പെട്ട സംഘത്തിന് യാതൊരു സാധുതയും ഇല്ലെന്നും അറിയിക്കുന്നു.

ഹരിത തുടര്‍ന്നുപോരുന്ന കീഴ്വഴക്കങ്ങളെ അയോഗ്യയായ ഒരു വ്യക്തിയുടെ സ്ഥാനാരോഹണത്തിന് വേണ്ടി ലംഘിച്ചതിലുള്ള എന്റെ പ്രതിഷേധവും ഇവിടെ രേഖപ്പെടുത്തുന്നു,’ ഷനു ഫര്‍സാന ഫേസ്ബുക്ക് പോസ്റ്റല്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS : The MSF Haritha state committee said it could not approve the newly elected Malappuram district committee