പത്തനംതിട്ട: പൂരത്തിന് ആനയെ കൊണ്ടുവരുന്നതിനുള്ള തുക മാറ്റിവെച്ച് നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കാനൊരുങ്ങി ആലിക്കര നവയുഗ പൂരാഘോഷ കമ്മിറ്റി. ചാലിശ്ശേരി മുലയംപറമ്പത്തുകാവ് പൂരത്തില്‍ നിന്നും ആനയെ ഒഴിവാക്കിയാണ് കമ്മിറ്റി അംഗങ്ങള്‍ ഈ സത്പ്രവര്‍ത്തിക്ക് മുതിര്‍ന്നത്.
മുന്‍കാലങ്ങളിലെപ്പോലെ ഈ വര്‍ഷവും ക്ഷേത്ര ഭാരവാഹികള്‍ പൂരത്തിന് ആനയെ കൊണ്ടുവരാന്‍ അഡ്വാന്‍സ് നല്‍കിയിരുന്നു. ചിറക്കല്‍ കാളിദാസന്‍ എന്ന ആനയെ 5,03,000 രൂപ നല്‍കി ഇവര്‍ ഏക്കത്തിനെടുക്കുകയും ചെയ്തു. ആനയുടെ ഉടമയ്ക്ക് 20,000 രൂപ അഡ്വാന്‍സും നല്‍കി.
പിന്നീടാണ് ഈ തുക കഴിഞ്ഞവര്‍ഷം ഹൃദയാഘാതം വന്ന് മരിച്ച ആലിക്കര വേങ്ങാട്ടുപറമ്പില്‍ അജിതന്റെ (45) കുടുംബത്തിന് നല്‍കാന്‍ തീരുമാനിച്ചത്. കൂലിപ്പണിചെയ്തായിരുന്നു അജിതന്‍ കുടുംബം പോറ്റിയിരുന്നത്. ഇതിനിടയിലാണ് മരണം.
ആനയെ ഒഴിവാക്കി ലളിതമായ രീതിയിലാണ് പൂരം ആഘോഷിച്ചതെങ്കിലും ഒരു കുടുംബത്തിനെ സഹായിക്കാന്‍ കഴിഞ്ഞ സംതൃപ്തിയിലാണ് കമ്മിറ്റി അംഗങ്ങളായ നവയുഗ പ്രസിഡന്റ് എം എസ് മനു, സെക്രട്ടറി സനൂപ്, ഖജാന്‍ജി എം കെ ശരത് എന്നിവര്‍.
Content Highlight: The money raised for elephant has handover to needy family by Aalikkara Nava Yuga Pooraghosha Committee