ജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും രാഹുല്‍ഗാന്ധിയ്ക്ക്; ബി.ജെ.പി ഇനി കൂടുതല്‍ വര്‍ഗീയത പുറത്തെടുക്കും: യശ്വന്ത് സിന്‍ഹ
national news
ജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും രാഹുല്‍ഗാന്ധിയ്ക്ക്; ബി.ജെ.പി ഇനി കൂടുതല്‍ വര്‍ഗീയത പുറത്തെടുക്കും: യശ്വന്ത് സിന്‍ഹ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th December 2018, 9:13 am

ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കാണെന്ന് മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ. മോദിയേക്കാള്‍ രാഹുല്‍ കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ടെന്നും തോറ്റത് കൊണ്ട് ബി.ജെ.പി ഇനി കൂടുതല് വര്‍ഗീയത പുറത്തെടുക്കുമെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.

2019ല്‍ ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ കഴിയുന്ന ഉത്തര്‍പ്രദേശില്‍ രാമക്ഷേത്ര വിഷയമടക്കം ഉയര്‍ത്തിക്കൊണ്ടു വന്ന് കൂടുതല്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ബി.ജെ.പി ശ്രമിക്കുമെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.

മോദി മാജിക്ക് അവസാനിച്ചുവെന്നും മറ്റേതൊരു നേതാവിനെയും പോലെയാണ് മോദിയെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും സിന്‍ഹ പറഞ്ഞു. മോദി ദൈവമല്ലെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. ഇനി അവര്‍ ഭയപ്പെടാതെ മുന്നോട്ടു നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത് ഷായുടെ രാജി ആവശ്യപ്പെടാന്‍ ബി.ജെ.പിയില്‍ ആര്‍ക്കും ധൈര്യമുണ്ടാവില്ലെന്നും കാര്യങ്ങള്‍ സാധാരണ നിലയില്‍ തന്നെ ബി.ജെ.പിയില്‍ നടന്നുപോകുമെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.