തൃശൂര്‍: വീണ്ടും വര്‍ഗീയ പരാമര്‍ശവുമായി ബി.ജെ.പി നേതാവും ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ ബി.ഗോപാല കൃഷ്ണന്‍. വിളക്ക് കത്തിക്കുന്നത് ഹറാമാണെന്ന് പറയുന്ന എം.എല്‍.എയാണ് ഗുരുവായൂരിലുള്ളതെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.
‘ഗുരുവായൂര്‍ നടയില്‍ നിന്നിട്ട് ഗുരുവായൂരപ്പനില്‍ ഞാന്‍ വിശ്വസിക്കുന്നു എന്ന് പറയുന്ന ഒരു എം.എല്‍.എ ഇവിടെയുണ്ടോ? വിളക്ക് കത്തിക്കുന്നത് ഹറാമാണെന്ന് പറയുന്നയാളാണ് ഇവിടെ എം.എല്‍.എ. ഗുരുവായൂര്‍ അമ്പലം മിത്താണെന്ന് പറയുന്നയാളാണ് മറ്റൊരു എം.എല്‍.എ. ഇത്തരത്തില്‍ വിരുദ്ധ സമീപനമുള്ളവരല്ലേ ഇവിടെ എം.എല്‍.എമാരാവുന്നത്,’ ബി. ഗോപാല കൃഷ്ണന്‍ പറഞ്ഞു.
എല്‍.ഡി.എഫും യു.ഡി.എഫും എന്തുകൊണ്ടാണ് ഗുരുവായൂരില്‍ ഒരു ഹിന്ദു എം.എല്‍.എയെ നിര്‍ത്താത്തതെന്നും റിപ്പോര്‍ട്ടര്‍ ചാനലിനോട് ബി. ഗോപാലകൃഷ്ണന്‍ ചോദിച്ചു.
കഴിഞ്ഞദിവസം, ഗുരുവായൂരില്‍ ഇതുവരെ ഹിന്ദു എം.എല്‍.എ ഉണ്ടാകാതിരുന്നത് എന്തുകൊണ്ടാണെന്ന് ഗോപാലകൃഷ്ണന്‍ ചോദിച്ച് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു.
ഗുരുവായൂരില്‍ 48 ശതമാനവും ഹിന്ദു ജനവിഭാഗമായിട്ടും 50 വര്‍ഷമായിട്ടും ഇവിടെ നിന്ന് ഒരു ഹിന്ദു എം.എല്‍.എയെ ഇരുമുന്നണികളും നിയമസഭയിലേക്ക് അയച്ചില്ലെന്നും, മലപ്പുറം ജില്ലയില്‍ സംവരണ മണ്ഡലങ്ങളിലൊഴിച്ചുള്ള സ്ഥലങ്ങളില്‍ ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാറില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതാണോ മതേതര കേരളമെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
ഗുരുവായൂരപ്പന്റെ മണ്ണ് അമ്പലക്കൊള്ളക്കാരുടെയും അമ്പലവിരോധികളുടെയും വര്‍ഗീയ മതരാഷ്ട്ര വാദികളുടെയും തടവറയിലാണ്. ഇത്തരം ശക്തികളെ ആട്ടിയോടിച്ച് ഗുരുവായൂരിന്റെ പവിത്രമായ ഭൂമിയെ മോചിപ്പിക്കാനാണ് തന്നെ ഭഗവാന്‍ തന്നെ കൊടുങ്ങല്ലൂരമ്മയുടെ മണ്ണില്‍ നിന്നും ഗുരുവായൂരപ്പന്റെ മണ്ണിലേക്ക് വിളിച്ചിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കിട്ട വീഡിയോയില്‍ പറഞ്ഞിരുന്നു.
സംഭവം വിവാദമായെങ്കിലും നിലപാട് മാറ്റാന്‍ തയ്യാറാകാതെ വിവാദ പരാമര്‍ശം ആവര്‍ത്തിച്ചിരിക്കുകയാണ് ഗോപാലകൃഷ്ണന്‍.
അതേസമയം, തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വര്‍ഗീയ പ്രസ്താവന നടത്തിയതില്‍ ഗോപാലകൃഷ്ണനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെന്ന് സി.പി.ഐ.എം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.വി അബ്ദുല്‍ ഖാദര്‍ അറിയിച്ചു.
അദ്ദേഹത്തിന്റെ പ്രസ്താവന വര്‍ഗീയത ലക്ഷ്യം വെച്ചാണെന്നും മതനിരപേക്ഷ പാരമ്പര്യം തകര്‍ക്കാന്‍ ബി.ജെ.പിക്കാവില്ലെന്നും നിയമപരമായി തന്നെ ഇതിനെ നേരിടുമെന്നും അബ്ദുല്‍ ഖാദര്‍ പറഞ്ഞു. തൃശൂര്‍ എം.പി എന്താണ് നാടിനായി ചെയ്തതെന്നും രണ്ടുകൊല്ലമായി നടത്തുന്നത് പ്രസ്താവനകള്‍ മാത്രമാണെന്നും ക്രിയാത്മകമായി ഇടപെട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
ബി. ഗോപാലകൃഷ്ണന് എതിരെ തെരഞ്ഞെടുപ്പ് അയോഗ്യത ഉള്‍പ്പെടെ ആവശ്യപ്പെട്ട് കെ.എസ്.യു തൃശൂര്‍ ജില്ലാ കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
Content Highlight: The MLA here is one who says lighting a lamp is haram: B. Gopalakrishnan