ക്ഷേത്രത്തിലെ ജാതി വിവേചനത്തെ കുറിച്ച് മന്ത്രി നേരത്തെയും വെളിപ്പെടുത്തിയിരുന്നു; തെളിവ്
Kerala News
ക്ഷേത്രത്തിലെ ജാതി വിവേചനത്തെ കുറിച്ച് മന്ത്രി നേരത്തെയും വെളിപ്പെടുത്തിയിരുന്നു; തെളിവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st September 2023, 9:13 am

കോഴിക്കോട്: ക്ഷേത്രത്തിലെ ജാതി വിവേചനം നേരിട്ട സംഭവം ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നേരത്തെയും വെളിപ്പെടുത്തിയിരുന്നതായി തെളിവുകള്‍. ജനുവരി 26ന് പയ്യന്നൂരിലെ ക്ഷേത്രത്തില്‍ വെച്ച് താന്‍ ജാതി വിവേചനം നേരിട്ടിരുന്നതായി ഫെബ്രുവരി മൂന്നിന് ആലപ്പുഴ മുഹമ്മയിലെ ഒരു പരിപാടിയില്‍ വെച്ച് പറഞ്ഞിരുന്നു.

മുഹമ്മ കാട്ടുകട ശ്രീഘണ്ടാകര്‍ണ ക്ഷേത്രത്തിലെ ദേവസ്വം ബോര്‍ഡ് ഓഫീസ് ഉദ്ഘാടനത്തിനാണ് മന്ത്രി താന്‍ ജാതി വിവേചനം നേരിട്ട കാര്യം ആദ്യം വെളിപ്പെടുത്തിയത്. ഫെബ്രുവരി 5ന് ദേശാഭിമാനി ദിനപത്രത്തിന്റെ ആലപ്പുഴ എഡിഷനില്‍ ഇക്കാര്യം വാര്‍ത്തയായി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ‘ചില ക്ഷേത്രങ്ങളില്‍ അയിത്താചരണം, ക്ഷേത്രങ്ങളിലെ അയിത്തം തുടര്‍ക്കഥ; മന്ത്രി കെ. രാധാകൃഷ്ണന്‍’ എന്ന തലക്കെട്ടോടെയാണ് ദേശാഭിമാനി അന്ന് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

മന്ത്രി ജാതി വിവേചനം നേരിട്ടത് തുറന്നു പറഞ്ഞതുമായി ബന്ധപ്പെട്ട് ദേശാഭിമാനി 2023 ഫെബ്രുവരി 5ന് പ്രസിദ്ധീകരിച്ച വാര്‍ത്ത

ജനുവരിയില്‍ നടന്ന സംഭവം എന്ത് കൊണ്ടാണ് മന്ത്രി ഇത്രയും കാലം പറയാതിരുന്നതെന്ന് പ്രതിപക്ഷനേതാവടക്കം ചോദിക്കുന്ന ഘട്ടത്തിലാണ് ഇക്കാര്യം മന്ത്രി നേരത്തെയും വെളിപ്പെടുത്തിയിരുന്നതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. ബി.ജെ.പി നേതാക്കളും മന്ത്രി ഇക്കാര്യ ഇത്രയും നാളും പുറത്ത് പറയാതിരുന്നതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചിരുന്നു. വിവിധ ദളിത് നേതാക്കളും, എഴുത്തുകാരും മന്ത്രി ഇക്കാര്യം ഇത്രയും നാള്‍ പുറത്ത് പറയാതിരുന്നു എന്ന് വിമര്‍ശിച്ചിരുന്നു.

ജെ.രഘു ഇന്ന് മാധ്യമം ദിനപത്രത്തിന്റെ എഡിറ്റോറില്‍ പേജില്‍ എഴുതിയ ലേഖനത്തിലും മന്ത്രി തുറന്നുപറയാന്‍ വൈകിയതെന്താണ് എന്ന ആരോപണം ആവര്‍ത്തിക്കുന്നുണ്ട്. ‘രാധാകൃഷ്ണന്‍ മന്ത്രിയായ ദേവസ്വം ബോര്‍ഡിന് കീഴില്‍ വെറുമൊരു ശാന്തിക്കാരന്‍ മാത്രമായ ഒരാള്‍, പരസ്യമായി തന്നെ അപമാനിച്ചിട്ടും മാസങ്ങളോളം പുറത്തു പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല’ എന്നാണ് മാധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ ജെ. രഘു പറയുന്നുത്.

ഈ വാദങ്ങളെയും ചോദ്യങ്ങളെയുമെല്ലാം അസ്ഥാനത്താക്കുന്നതാണ് മന്ത്രി ഇക്കാര്യം സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പറഞ്ഞിട്ടുണ്ട് എന്ന വിവരങ്ങള്‍. ഇത് സംബന്ധിച്ച് പത്രവാര്‍ത്തകളും അന്നുണ്ടായിരുന്നെങ്കിലും അന്നത് ശ്രദ്ധിക്കപ്പെട്ടില്ല എന്നതാണ് വസ്തുത. അല്ലെങ്കില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ദേശാഭിമാനിക്ക് മന്ത്രി നേരിട്ട വിവേചനത്തിന്റെ ഗൗരവം മനസിലാക്കുന്നതില്‍ വീഴ്ച പറ്റി എന്നും വിലയിരുത്താം.

ഈ വര്‍ഷം ജനുവരിയിലാണ് പയ്യന്നൂരിലെ ക്ഷേത്രത്തില്‍ വെച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ജാതി വിവേചനം നേരിട്ടത്. ഉദ്ഘാടനത്തിന് വിളക്ക് കത്തിക്കുന്ന സമയത്ത് മന്ത്രിയുടെ ഊഴമെത്തിയപ്പോള്‍ പൂജാരിമാര്‍ വിളക്ക് മന്ത്രിയുടെ കൈയില്‍ നല്‍കാതെ നിലത്ത് വെക്കുകയായിരുന്നു. കഴഞ്ഞ ദിവസം കോട്ടയത്തെ വേലന്‍ സമുദായത്തിന്റെ സമ്മേളനത്തില്‍ മന്ത്രി ഇക്കാര്യം ഒരിക്കല്‍ കൂടി പറഞ്ഞതോടെയാണ് സംഭവം ചര്‍ച്ചയായത്.

content highlights; The minister had earlier revealed about the caste discrimination in the temple; proof