കാറില്‍ ആയുധങ്ങളുമായി മമതയുടെ വസതിയിലേക്ക് കടക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
national news
കാറില്‍ ആയുധങ്ങളുമായി മമതയുടെ വസതിയിലേക്ക് കടക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st July 2023, 7:35 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വസതിയിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമം നടത്തിയയാള്‍ അറസ്റ്റില്‍. ഹരീഷ് ചാറ്റര്‍ജി സ്ട്രീറ്റിലുള്ള മമത ബാനര്‍ജിയുടെ വസതിയിലേക്കാണ് ആയുധങ്ങളും മയക്കുമരുന്നുമായി കാറില്‍ കടക്കാന്‍ ശ്രമിച്ച ഒരാളെ കൊല്‍ക്കത്ത പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.

വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ മമത ബാനര്‍ജി വസതിയിലുണ്ടായിരുന്നവെന്ന് ദി ന്യൂഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനം ഓടിച്ചയാള്‍ മദ്യപിച്ചിരുന്നെന്നും വിവിധ ഏജന്‍സികളുടെ തിരിച്ചറിയല്‍ കാര്‍ഡുകളും ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നുവെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

‘പൊലീസ്’ സ്റ്റിക്കര്‍ പതിച്ച കാറാണ് അനധികൃതമായി വീട്ടിലേക്ക് ഓടിച്ചുകയറ്റാന്‍ ശ്രമിച്ചത്. നൂര്‍ ആലം എന്നയാളാണ് അറിസ്റ്റിലായതെന്നും ഇയാള്‍ കറുത്ത കോട്ടും ടൈയും ധരിച്ചാണ് വാഹനമോടിച്ചതെന്നും കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ വിനീത് ഗോയല്‍ പറഞ്ഞു.

 


ഇയാളുടെ പക്കല്‍ നിന്ന് ഒരു തോക്കും കത്തിയും നിരോധിത വസ്തുക്കളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ പരസ്പരവിരുദ്ധമായാണ് ഇയാള്‍ സംസാരിച്ചതെന്ന് പൊലീസ് പറഞ്ഞു.

 

സെന്‍ട്രല്‍ കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ‘രക്തസാക്ഷി ദിന’ റാലി നടക്കുന്നതിന് തൊട്ട് മുമ്പായിരുന്നു സംഭവം. റാലിയില്‍ പങ്കെടുക്കാന്‍ മമത വസതിയില്‍ നിന്ന് പുറപ്പെടാനിരിക്കെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.