അഞ്ച് മാസത്തെ ശമ്പളത്തിനായി സമരം ചെയ്ത തൊഴിലാളികളെ സ്ഥലം മാറ്റി മാധ്യമം മാനേജ്‌മെന്റ്; കൊടുംക്രൂരതയെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍
Kerala
അഞ്ച് മാസത്തെ ശമ്പളത്തിനായി സമരം ചെയ്ത തൊഴിലാളികളെ സ്ഥലം മാറ്റി മാധ്യമം മാനേജ്‌മെന്റ്; കൊടുംക്രൂരതയെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍
അനിത സി
Wednesday, 18th February 2026, 9:42 pm

തിരുവനന്തപുരം: മാസങ്ങളായി ശമ്പളം നല്‍കാതെ സ്വന്തം സ്ഥാപനത്തിലെ പത്രപ്രവര്‍ത്തകരെ ദ്രോഹിക്കുന്ന മാധ്യമം മാനേജ്‌മെന്റിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍.

ശമ്പളം നല്‍കാതെ നരകിപ്പിക്കുകയും പ്രതിഷേധിക്കുന്ന തൊഴിലാളികളെ പകപോക്കല്‍ സ്ഥലംമാറ്റങ്ങളിലൂടെ ദ്രോഹിക്കുകയുമാണ് മാധ്യമം ചെയ്യുന്നതെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഈ നടപടിയിലൂടെ പുണ്യമാസത്തില്‍ ലോകത്തിന് നല്‍കുന്നത് മനുഷ്യത്വ വിരുദ്ധമായ കൊടുംക്രൂരതയുടെ സന്ദേശമാണെന്നും യൂണിയന്‍ വിമര്‍ശിച്ചു.

അഞ്ച് മാസമായി ശമ്പളമില്ലാതെ കുടിശികയായിരിക്കുകയാണ്. എന്നിട്ടും പത്രത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത രീതിയിലാണ് തൊഴിലാളികളുടെ സഹന പ്രതിഷേധം. ഇവരെയാണ് സ്ഥലം മാറ്റി പീഡിപ്പിക്കുന്നതെന്നും യൂണിയന്‍ പറഞ്ഞു.

ശമ്പളം കിട്ടാത്തതിനാല്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാതെ പ്രയാസപ്പെടുന്ന മനുഷ്യര്‍ക്ക് മേല്‍ അധിക ഭാരവും മാനസിക സമ്മര്‍ദങ്ങളും അടിച്ചേല്‍പ്പിക്കുകയാണ് മാനേജ്‌മെന്റ് ചെയ്യുന്നത്.

ശമ്പള പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ദ്രോഹ സ്ഥലമാറ്റം പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തള്ളിക്കളഞ്ഞുള്ള മാധ്യമം മാനേജ്‌മെന്റിന്റെ പ്രവൃത്തിയെയും യൂണിയന്‍ ചോദ്യം ചെയ്തു.

ശമ്പള പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ ആഭിമുഖ്യത്തില്‍ കോഴിക്കോട്ടെ മാധ്യമം ആസ്ഥാനത്തിന് മുന്നില്‍ തൊഴിലാളികള്‍ 24 മണിക്കൂര്‍ ഉപവാസ സമരം നടത്തിയിരുന്നു. ഇവര്‍ക്ക് സമൂഹത്തിന്റെ നാനാതുറയില്‍ നിന്നും ശക്തമായ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്.

എന്നാല്‍, സമരം കഴിഞ്ഞു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതിഷേധത്തിന്റെ മുന്നണിയിലുണ്ടായിരുന്നവരെയടക്കം വിദൂരങ്ങളിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇത് ജനാധിപത്യ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും തൊഴില്‍ അന്തരീക്ഷം കൂടുതല്‍ വഷളാക്കാന്‍ ശ്രമിക്കുന്നതിന് പകരം തൊഴിലാളികള്‍ക്കായി വിട്ടുവീഴ്ച ചെയ്യണമെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.

Content Highlight: The Madhyamam News Paper  Management transfers workers who were protesting for five months’ salary;  KUWJ condemns

അനിത സി
ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍