മതചിഹ്നങ്ങളോ അതിന്റെ വികലമായ ചിത്രീകരണണങ്ങളോ ഉള്‍പ്പെട്ടതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല; വിവാദത്തില്‍ ലോട്ടറി ഡിപ്പാര്‍ട്‌മെന്റ്
Kerala News
മതചിഹ്നങ്ങളോ അതിന്റെ വികലമായ ചിത്രീകരണണങ്ങളോ ഉള്‍പ്പെട്ടതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല; വിവാദത്തില്‍ ലോട്ടറി ഡിപ്പാര്‍ട്‌മെന്റ്
ആദര്‍ശ് എം.കെ.
Wednesday, 31st December 2025, 11:42 am

 

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സുവര്‍ണ കേരളം ടിക്കറ്റിലെ ചിത്രത്തില്‍ വിശദീകരണവുമായി ഭാഗ്യക്കുറി വകുപ്പ്.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പും കേരള ലളിതകലാ അക്കാദമിയും തമ്മിലുള്ള കരാര്‍ പ്രകാരം വിവിധ ആര്‍ട്ടിസ്റ്റുകളുടെ കലാസൃഷ്ടികള്‍ ലോട്ടറികളില്‍ ഉള്‍പ്പെടുത്താറുണ്ടെന്നും ഏതെങ്കിലും തരത്തില്‍ മതചിഹ്നങ്ങളുടെ പ്രകാശനമോ ദുരുപയോഗമോ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നടത്തിയിട്ടില്ലെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

‘ഇപ്പോള്‍ ആരോപണ വിധേയമായിട്ടുള്ള പ്രകാരം, പ്രസ്തുത പെയ്ന്റിങില്‍ മതചിഹ്നങ്ങളോ അതിന്റെ വികലമായ ചിത്രീകരണങ്ങളോ ഉള്‍പ്പെട്ടിട്ടുള്ളതായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. അബ്‌സ്ട്രാക്ട് രീതിയിലുള്ള പെയിന്റിങ് ആയതിനാല്‍ അതില്‍ ഉള്‍പ്പെട്ടിട്ടുള്ള രൂപങ്ങളുടെ നിര്‍വചനം സാധ്യവുമല്ല.

മുന്‍പറഞ്ഞ സാഹചര്യത്തില്‍, സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ള എസ്.കെ 34 സീരീസിലെ സുവര്‍ണ കേരളം ഭാഗ്യക്കുറിയില്‍ ഏതെങ്കിലും തരത്തില്‍ മതചിഹ്നങ്ങളുടെ പ്രകാശനമോ ദുരുപയോഗമോ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നടത്തിയിട്ടില്ല എന്ന് വ്യക്തമാക്കുന്നു,’ കുറിപ്പില്‍ പറയുന്നു.

സുവര്‍ണ കേരളം ലോട്ടറി

ഈ വിഷയത്തിലുള്ള തെറ്റായ വ്യാഖ്യാനങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ വിട്ടുനില്‍ക്കണമെന്നും സംസ്ഥാന ലോട്ടറി ഡിപ്പാര്‍ട്‌മെന്റ് ആവശ്യപ്പെട്ടു.

ജനുവരി രണ്ടിന് നറുക്കെടുക്കുന്ന ഭാഗ്യക്കുറിയില്‍ ഹിന്ദുമതത്തെ അധിക്ഷേപിക്കും വിധത്തിലുള്ള ചിത്രം ഉള്‍പ്പെടുത്തിയെന്നാണ് ഹിന്ദുത്വവാദികള്‍ ആരോപിക്കുക്കന്നത്. ശിവലിംഗത്തിലേക്ക് ആര്‍ത്തവരക്തം വീഴുന്നതിന് സമാനമാണ് പെയ്ന്റിങ് എന്നാണ് ഇവര്‍ ആരോപിക്കുന്നത്.

ആര്‍ട്ടിസ്റ്റ് ടോം ജോസഫിന്റെ ചിത്രമാണ് ലോട്ടറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലളിതകലാ അക്കാദമിയുടെ ശേഖരത്തില്‍ നിന്നാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഈ ചിത്രം കണ്ടെത്തിയത്. ഒരു കോടി രൂപ ഒന്നാം സമ്മാനമുള്ള ‘സുവര്‍ണ്ണ കേരളം’ (SK 34) ലോട്ടറിയിലാണ് ചിത്രം അച്ചടിച്ചിരിക്കുന്നത്.

12 സീരീസുകളിലായി പുറത്തിറങ്ങിയ ഈ ലോട്ടറിയുടെ പതിനായിരക്കണക്കിന് ടിക്കറ്റുകള്‍ ഇതിനോടകം വിറ്റഴിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ വി.എച്ച്.പി അടക്കമുള്ള വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ കോണുകളില്‍ നിന്നും ആളുകള്‍ രംഗത്തെത്തുന്നുണ്ട്.

സംസ്ഥാന ലോട്ടറി വകുപ്പിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ SK 34 സുവര്‍ണ കേരളം ഭാഗ്യക്കുറിയുടെ ആര്‍ട്ട് വര്‍ക്ക് സംബന്ധിച്ച വിശദീകരണം
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പും കേരള ലളിതകലാ അക്കാദമിയും തമ്മില്‍ ഏര്‍പ്പെട്ട കരാര്‍ പ്രകാരമാണ് സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളില്‍ പ്രസിദ്ധീകരിക്കുന്നതിന് വിവിധ ആര്‍ട്ടിസ്റ്റുകളുടെ പെയിന്റിങ്ങുകള്‍ ലളിതകലാ അക്കാദമി സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന് ലഭ്യമാക്കുന്നത്. ഇത് പ്രകാരം നൂറുകണക്കിന് പെയിന്റിങ്ങുകള്‍ ഭാഗ്യക്കുറി ടിക്കറ്റുകളില്‍ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സംസ്ഥാന ഭാഗ്യക്കുറിയുടെ 02-01-2026 നു നറുക്കെടുക്കുന്ന എസ്.കെ 34 സുവര്‍ണ കേരളം ഭാഗ്യക്കുറിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പെയിന്റിങ്ങും കേരള ലളിതകലാ അക്കാദമിയില്‍ നിന്നും ലഭ്യമാക്കിയിട്ടുള്ളതാണ്.

ഇപ്പോള്‍ ആരോപണ വിധേയമായിട്ടുള്ള പ്രകാരം, പ്രസ്തുത പെയിന്റിങില്‍ മത ചിഹ്നങ്ങളോ അതിന്റെ വികലമായ ചിത്രീകരണണങ്ങളോ ഉള്‍പ്പെട്ടിട്ടുള്ളതായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. അബ്‌സ്ട്രാക്ട് രീതിയിലുള്ള പെയിന്റിങ് ആയതിനാല്‍ അതില്‍ ഉള്‍പ്പെട്ടിട്ടുള്ള രൂപങ്ങളുടെ നിര്‍വചനം സാധ്യവുമല്ല.

മുന്‍പറഞ്ഞ സാഹചര്യത്തില്‍, സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ള എസ്.കെ 34 സീരീസിലെ സുവര്‍ണ കേരളം ഭാഗ്യക്കുറിയില്‍ ഏതെങ്കിലും തരത്തില്‍ മതചിഹ്നങ്ങളുടെ പ്രകാശനമോ ദുരുപയോഗമോ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നടത്തിയിട്ടില്ല എന്ന് വ്യക്തമാക്കുന്നു.

ഈ വിഷയത്തിലുള്ള തെറ്റായ വ്യാഖ്യാനങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ വിട്ടുനില്‍ക്കണം എന്നും ലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് ഉപജീവന മാര്‍ഗവും ആശ്വാസവും ഏകുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പ്രവര്‍ത്തനങ്ങളോട് സഹകരണം ഉണ്ടാവണം എന്നും അഭ്യര്‍ത്ഥിക്കുന്നു.

 

Content Highlight: The lottery department has provided an explanation for the image on the Kerala State Lottery’s Suvarna Keralam ticket.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.