സംഘപരിവാറിന് കൂടി വേണ്ടിയാണ് ഭരിക്കുന്നതെന്ന് ലീഗ് മന്ത്രി പ്രഖ്യാപിക്കുന്നത് ഗൗരവത്തിലെടുക്കണം; പി.എം.എ.വൈ എബ്ലത്തിലെ കെ.എം ഷാജിയുടെ പ്രസ്താവനയില്‍ എസ്.എഫ്.ഐ
Kerala
സംഘപരിവാറിന് കൂടി വേണ്ടിയാണ് ഭരിക്കുന്നതെന്ന് ലീഗ് മന്ത്രി പ്രഖ്യാപിക്കുന്നത് ഗൗരവത്തിലെടുക്കണം; പി.എം.എ.വൈ എബ്ലത്തിലെ കെ.എം ഷാജിയുടെ പ്രസ്താവനയില്‍ എസ്.എഫ്.ഐ
നിഷാന. വി.വി
Saturday, 27th June 2026, 1:22 pm

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.എം ഷാജിക്കെതിരെ കടുത്ത വിമര്‍ശനവുമായി എസ്.എഫ്.ഐ പ്രസിഡന്റ് എം. ശിവപ്രസാദ്. പി.എം.എ.വൈ പദ്ധതിയുടെ എംബ്ലം വീടുകള്‍ക്ക് മുന്നില്‍ വെക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു ശിവപ്രസാദിന്റെ വിമര്‍ശനം.

പി.എം.എ.വൈ പദ്ധതിയില്‍ അനുവദിക്കുന്ന വീടുകള്‍ക്കു മുന്നില്‍ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുടെ ചിത്രം അടങ്ങിയ എംബ്ലം വെക്കുന്നതിന് എന്താണ് കുഴപ്പം എന്നാണ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി ചോദിക്കുന്നതെന്നും അധികാരം മനുഷ്യനെ മയക്കുമെന്ന് കേട്ടിട്ടുണ്ട്, എന്നാല്‍ ചേര തോല്‍ ഉരിയുന്നത് പോലെ ഇത്രയും നാള്‍ പറഞ്ഞ രാഷ്ട്രീയം ഉരിഞ്ഞു കളഞ്ഞു സുന്ദരക്കുട്ടനായി നില്‍ക്കുന്ന ലീഗ് നേതാവിനെ കാണുമ്പോള്‍ കൗതുകം തോന്നി പോവുകയാണെന്നും ശിവപ്രസാദ് പറഞ്ഞു.

മന്ത്രിയായ ശേഷം ഇദ്ദേഹം വിദ്യാര്‍ത്ഥികളോട് നിങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊന്നും പോയി സമയം കളയരുത് എന്ന് ഉപദേശിക്കുന്നതും കേട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശിവപ്രസാദിന്റെ പ്രതികരണം.

അധികാരത്തിനു വേണ്ടി രാഷ്ട്രീയ വിഷയങ്ങള്‍ വൈകാരികമായി അണികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് കയ്യടി നേടുകയും അധികാരം കിട്ടിയാല്‍ അതേ രാഷ്ട്രീയം ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയും ചെയ്യുന്നത് ഒരു നല്ല രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയായി തോന്നുന്നില്ലെന്നും സംഘപരിവാറിനോട് ഇന്ത്യയിലെ മതനിരപേക്ഷ സമൂഹം നടത്തുന്ന പോരാട്ടം കേവലം അധികാര തര്‍ക്കമല്ല, അത് ഇന്ത്യയുടെ ആശയങ്ങളെ നിലനിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനും ഉള്ള പോരാട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ അത് മനസിലാക്കാതെ അധികാരം തലക്ക് പിടിച്ച് നടുവെ ഓടുകയാണ് ലീഗ് നേതാവ് ചെയ്യുന്നത്. ന്യൂനപക്ഷ രാഷ്ട്രീയം ഈ നേതാവിന് അധികാരത്തിലേക്കുള്ള ചവിട്ടുപടി മാത്രമാണ്. അധികാരം കിട്ടിയാല്‍ പിന്നെ എന്ത് ന്യൂനപക്ഷ അവകാശങ്ങള്‍? എന്ത് സംഘപരിവാര്‍? എന്ത് പോരാട്ടം?
വീട് ഏതൊരു മനുഷ്യന്റെയും ആത്മാഭിമാനത്തിന്റെ കൂടി മുഖമാണ്. അതുകൊണ്ടാണ് കേരളത്തില്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായി പണിയുന്ന ഒരു വീടിനു മുന്നിലും പ്രത്യേകമായ ഒരു ലോഗോയും പതിക്കേണ്ടതില്ലെന്ന് ഇടതുപക്ഷ ഗവണ്‍മെന്റ് തീരുമാനം എടുത്തത്. ആ തീരുമാനം മാതൃകാപരവും ആയിരുന്നു,’ അദ്ദേഹം പറഞ്ഞു.

എന്നാല്‍ നരേന്ദ്രമോദിയുടെ ചിത്രം അടങ്ങുന്ന എംബ്ലം വീടിനു മുന്നില്‍ പതിക്കണമെന്ന സംഘപരിവാര്‍ – ബി.ജെ.പി അജണ്ടക്ക് എന്താണ് കുഴപ്പം എന്ന് ചോദിക്കുന്നതിലൂടെ കേരളത്തില്‍ അധികാരത്തില്‍ എത്താന്‍ കഴിയാതെ പോയ സംഘപരിവാരിന് കൂടി വേണ്ടിയാണ് തങ്ങള്‍ ഭരിക്കുന്നതെന്ന് ലീഗ് മന്ത്രി പ്രഖ്യാപിക്കുന്നത് ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. എന്തുപറ്റി ഷാജിയേട്ടാ എന്ന് ചോദിക്കാന്‍ ലീഗിന്റെ അണികള്‍ ഇപ്പോഴെങ്കിലും തയ്യാറാവുന്നത് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അങ്ങനെ ഒരു എംബ്ലം വീടുകളില്‍ വെയ്ക്കുന്നതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പൈസ കളയേണ്ട കാര്യമില്ല. അന്ന് കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്തും അത്തരത്തില്‍ പല പേരുകള്‍ വന്നിട്ടുണ്ട്. ഇന്ദിര ആവാസ് യോജന എന്നൊക്കെ പേരിലുള്ള പദ്ധതികളാണ് വന്നത്. അതുപോലെ ഇപ്പോഴും വരുന്നുണ്ട് എന്ന് കരുതി അതിനെ തടുക്കേണ്ട കാര്യമില്ല. അതുകൊണ്ട് കേന്ദ്രസര്‍ക്കാരുമായി അണ്‍ഹെല്‍ത്തി ആയിട്ടുള്ള ഒരു ഡിബേറ്റിലേക്ക് പോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല,’ ഇതായിരുന്നു കെ.എം ഷാജിയുടെ പ്രതികരണം.

Content Highlight: The League Minister’s announcement that he is ruling for the Sangh Parivar should be taken seriously; SFI on the statement of PMAY Ablat’s KM Shaji

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.