കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന് അധിക സീറ്റിന് അര്‍ഹതയുണ്ടെന്ന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ലീഗിന് കൂടുതല്‍ സീറ്റില്‍ മത്സരിക്കാനുള്ള അര്‍ഹതയുണ്ടെന്നും നിലവിലുള്ള സീറ്റ് നിലനിര്‍ത്തുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ലീഗിന്റെ കൈവശമുള്ള സീറ്റുകള്‍ വെച്ചുമാറില്ലെന്നും ഇക്കാര്യം മുന്നണി ചര്‍ച്ചയില്‍ ഉന്നയിക്കുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. മുസ്‌ലിം ലീഗില്‍ എം.എല്‍.എമാരുടെ കാര്യത്തില്‍ മൂന്ന് ടേം എന്ന നിബന്ധനയില്ല. എന്നാല്‍ ചില മണ്ഡലങ്ങളില്‍ മാറ്റങ്ങള്‍ വേണ്ടതുണ്ട്. കാരണം, പുതിയ ആളുകളെ മുന്‍നിരയിലേക്ക് കൊണ്ടുവരണം.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ലീഗിന് മികച്ച പ്രകടനം കാഴ്ച വെക്കാനായിട്ടുണ്ട്. സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ തന്നെ വിജയിപ്പിക്കാനായി. അതുകൊണ്ട് തന്നെ സമയം വരുമ്പോള്‍ അധിക സീറ്റ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടാകുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
കൂടാതെ മുന്നണിയ്ക്കുള്ളില്‍ മുഖ്യമന്ത്രി പദവിയോ ഉപമുഖ്യമന്ത്രി സ്ഥാനമോ കൂടുതല്‍ മന്ത്രി സ്ഥാനമോ തങ്ങള്‍ ആവശ്യപ്പെടില്ലെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞു.
സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിക്കു മെന്ന് തങ്ങള്‍ മനോരമ ന്യൂസിനോട് പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വനിതകള്‍ക്ക് പ്രാമുഖ്യം നല്‍കുമെന്നും അദ്ദേഹം പ്രതികരിച്ചു.
തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം ഉണ്ട്. തൃശൂരിന് അപ്പുറമുള്ള ജില്ലകളില്‍ ഇത്തവണ മികച്ച പ്രകടനമാണ് ലീഗ് കാഴ്ചവെച്ചത്. അക്കാര്യം സീറ്റ് നിര്‍ണയത്തില്‍ ഉന്നയിക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മത്സരിക്കാന്‍ പ്രാപ്തരായ ഒരുപാട് പുതുമുഖങ്ങള്‍ ലീഗിലുണ്ട്. അവരെയെല്ലാം പരിഗണിക്കണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകന്‍ റഹീസ് റഷീദിനെതിരായ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ‘തീവ്രവാദി’ പരാമര്‍ശത്തിലും സാദിഖലി തങ്ങള്‍ പ്രതികരിച്ചു.
വെള്ളാപ്പള്ളിയെ തിരുത്തേണ്ട ആവശ്യം മുസ്‌ലിം ലീഗിന് ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മലപ്പുറത്ത് മുസ്‌ലിങ്ങള്‍ മാത്രമല്ല, എല്ലാ മതസ്ഥരുമുണ്ട്. അവരും കൂടി വോട്ട് ചെയ്തിട്ടാണ് ലീഗ് വിജയിക്കുന്നതെന്നും വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ ജനങ്ങള്‍ തന്നെ തള്ളികളയുമെന്നും സാദിഖലി തങ്ങള്‍ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ ലീഗിനെ നയിക്കുമെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി മുന്നണി ബന്ധമില്ലെന്നും വെള്ളാപ്പള്ളിയെ തന്റെ കാറില്‍ കയറ്റില്ലെന്നും തങ്ങള്‍ വ്യക്തമാക്കി.
Content Highlight: The League deserves more seats; will not give up the seats it already has: Sadik ali Shihab Thangal