മറ്റ് ജൂനിയർമാരെയും അഭിഭാഷകൻ അക്രമിച്ചിട്ടുണ്ട്, കേരളീയ സമൂഹത്തിന് തന്നെ അപമാനകരം: വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി
Kerala News
മറ്റ് ജൂനിയർമാരെയും അഭിഭാഷകൻ അക്രമിച്ചിട്ടുണ്ട്, കേരളീയ സമൂഹത്തിന് തന്നെ അപമാനകരം: വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th May 2025, 12:12 pm

തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയര്‍ വനിതാ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ ആക്രമിച്ച സംഭവത്തിൽ വിമർശനവുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. അഭിഭാഷകക്ക് നേരെയുണ്ടായ ആക്രമണം കേരളീയ സമൂഹത്തിന് തന്നെ അപമാനകരമെന്ന് പി. സതീദേവി വിമർശിച്ചു. ഇന്നലെയായിരുന്നു അഭിഭാഷകക്ക് മർദനമേറ്റത്. അഭിഭാഷകയായ ശ്യാമിലി ജസ്റ്റിനാണ് മര്‍ദനത്തിന് ഇരയായത്. അഡ്വ. ബെയ്ലിന്‍ ദാസാണ് ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ചത്.

അഭിഭാഷക സമൂഹത്തിന് അങ്ങേയറ്റം അപമാനം വരുത്തിവെച്ച സംഭവമാണ് ഇന്നലെ തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ ഉണ്ടായിട്ടുള്ളതെന്നും ആളുകൾ നോക്കി നിൽക്കെ ഏറ്റവും നിഷ്ടൂരമായിട്ടുള്ള ആക്രമണമാണ് ഉണ്ടായതെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു.

‘അഭിഭാഷക സമൂഹത്തിന് അങ്ങേയറ്റം അപമാനം വരുത്തിവെച്ച സംഭവമാണ് ഇന്നലെ തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ ഉണ്ടായിട്ടുള്ളത്. ആളുകൾ നോക്കി നിൽക്കെ ഏറ്റവും നിഷ്ടൂരമായ ആക്രമണമാണ് ജൂനിയർ അഭിഭാഷകക്ക് നേരെ ഉണ്ടായിട്ടുള്ളത്. ഈ സംഭവത്തിൽ പ്രതിയായിട്ടുള്ള അഭിഭാഷകൻ പൊലീസിന് പിടി കൊടുക്കാതെ ഒളിവിൽ കഴിയുകയാണ് എന്നാണ് മനസിലാക്കാൻ കഴിയുന്നത്.

ഈ സംഭവത്തിൽ എത്രയും പെട്ടന്ന് തന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തുകൊണ്ട്‌ ആവശ്യമായ നിയമ നടപടികളിലേക്ക് കടക്കണമെന്നാണ് പറയാൻ ഉള്ളത്. ഇന്നലെ ജൂനിയർ അഭിഭാഷകക്ക് മാരകമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവർക്ക് ഏഴ് മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട് എന്ന് അറിയിച്ചതിന് പിന്നാലെയാണ് ആശുപത്രിയിൽ നിന്നും തത്ക്കാലം ഡിസ്ചാർജ് നൽകിയത്.

ഇന്ന് വീണ്ടും ആശുപത്രിയിൽ പോകുന്നുണ്ടെന്നാണ് അറിഞ്ഞിട്ടുള്ളത്. തീർച്ചയായിട്ടും ഇത്തരത്തിലുള്ള സംഭവങ്ങൾ വ്യക്തമാക്കുന്നത് കേരള സമൂഹത്തിൽ ആളുകളുടെ ഇടയിലുള്ള ഒരു അധീശക്ത മനോഭാവമാണ്. ഒരുപക്ഷേ ജൂനിയർ ആയിട്ടുള്ളത് ഒരു പുരുഷനായിരുന്നെങ്കിൽ ഇത്തരത്തിൽ ആക്രമിക്കപ്പെടുമായിരുന്നില്ല. തന്റെ ജൂനിയർ ഒരു പെൺകുട്ടി ആണെന്നത് കൊണ്ടാണ് അയാൾ തന്റെ അധീശക്ത മനോഭാവം പ്രകടിപ്പിച്ചുകൊണ്ട് ഏറ്റവും ക്രൂരമായ രീതിയിൽ ആക്രമണം നടത്തിയത്. ഇത് ഒറ്റപ്പെട്ട ഒരു സംഭവമായിരുന്നില്ല എന്നാണ് പറയുന്നത്.

ഈ ഓഫീസിലുള്ള മറ്റ്‌ ജൂനിയർമാരെയും ഇതേ രൂപത്തിൽ ഇയാൾ ആക്രമിച്ചിട്ടുണ്ട്. പലരും ഓഫീസ് വിട്ട് പോയിട്ടുണ്ട് എന്നാണ് പല റിപ്പോർട്ടുകളും വരുന്നത്. ശാരീരികമായ ആക്രമണം മാത്രമല്ല സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള അങ്ങേയറ്റം വൃത്തികെട്ട ഭാഷയിൽ അയാൾ സംസാരിക്കുകയും ചെയ്തു. അതുകൊണ്ട് സ്ത്രീത്വത്തെ അപമാനിച്ചതിനും തൊഴിലിടത്തിൽ സ്ത്രീക്കെതിരായിട്ട് കൈയേറ്റം നടത്തി എന്നതിനും ആശ്ലീലമായ പദങ്ങൾ ഉപയോഗിച്ച് അധിക്ഷേപിച്ചതിനുമൊക്കെ ആവശ്യമായ വകുപ്പുകൾ ചേർത്ത് ഇയാൾക്കെതിരെ കേസ് എടുക്കണം,’ പി. സതീദേവി പറഞ്ഞു.

ഇന്നലെയായിരുന്നു ആക്രമണം ഉണ്ടായത്. ശ്യാമിലിയെ രണ്ട് തവണ അഭിഭാഷകന്‍ മര്‍ദിച്ചതായാണ് എഫ്.ഐ.ആര്‍. ഇടത് കവിളിലേറ്റ ആദ്യത്തെ അടിക്ക് തന്നെ ശ്യാമിലി താഴെ വീഴുകയും എഴുന്നേറ്റ് വന്നപ്പോള്‍ വീണ്ടും അടിച്ചെന്നുമാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

യുവതിയുടെ മുഖത്ത് ഗുരുതരമായ പരിക്കുണ്ടെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് അഭിഭാഷകനെ ബാര്‍ അസോസിയേഷന്‍ സംരക്ഷിക്കുകയാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ഓഫീസിനകത്ത് രണ്ട് വനിതാ അഭിഭാഷകര്‍ തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും അത് സൂചിപ്പിക്കാനാണ് അഭിഭാഷകനെ സമീപിച്ചതെന്നും എന്നാല്‍ പരാതി പോലും കേള്‍ക്കാതെ തന്നെ മര്‍ദിക്കുകയായിരുന്നുവെന്നുമാണ് ശ്യാമിലി മാധ്യമങ്ങളോട് പ്രതികരിച്ചത്. നിയമനടപടിയുടെ ഭാഗമായി ബാര്‍ അസോസിയേഷനെ സമീപിച്ചപ്പോള്‍ അവര്‍ സഹകരിച്ചില്ലെന്നും യുവതി പറഞ്ഞിരുന്നു.

 

Content Highlight: The lawyer has also attacked other juniors, which is a disgrace to the Kerala society itself: Women’s Commission Chairperson P. Satidevi