'എന്നെ ഒരഴിമതിക്കാരനും ഗൂഢാലോചനക്കാരനുമാക്കുന്നു'; വ്യക്തിഹത്യ സഹിക്കാനാകുന്നില്ല: മരണത്തിനു മുമ്പുള്ള വീഡിയോയിൽ ജോസ് നെല്ലേടം
Kerala
'എന്നെ ഒരഴിമതിക്കാരനും ഗൂഢാലോചനക്കാരനുമാക്കുന്നു'; വ്യക്തിഹത്യ സഹിക്കാനാകുന്നില്ല: മരണത്തിനു മുമ്പുള്ള വീഡിയോയിൽ ജോസ് നെല്ലേടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th September 2025, 10:00 am

പുൽപ്പള്ളി: വയനാട്ടിൽ ആത്മഹത്യ ചെയ്ത മുള്ളൻകൊല്ലി പഞ്ചായത്ത് അംഗം ജോസ് നെല്ലേടത്തിന്റെ അവസാന വീഡിയോ പുറത്ത്. തങ്കച്ചന്റെ വീട്ടിൽ തോട്ടയും മദ്യവും ഉണ്ടെന്ന വിവരം താനാണ് പൊലീസിനെ അറിയിച്ചതെന്നും എന്നാൽ പ്രാഥമിക അന്വേഷണം നടത്താതെയാണ് തങ്കച്ചനെ അറസ്റ്റ് ചെയ്തതെന്നും ജോസ് നെല്ലേടം വീഡിയോയിൽ പറയുന്നു.

സമൂഹമാധ്യമങ്ങളിൽ നടക്കുന്ന തെറ്റായ പ്രചരണം തന്റെ ചോരയ്ക്കുവേണ്ടിയാണെന്നും വ്യക്തിഹത്യ സഹിക്കാനാകുന്നില്ലെന്നും പ്രാദേശിക ലേഖകന് അയച്ചു നൽകിയ വീഡിയോയിൽ ജോസ് പറയുന്നു.

‘ജനജാഗ്രത സമിതിയുടെ ഭാഗമായി പുഴയുടെ തീരത്ത് ചേർന്ന് കിടക്കുന്ന ഈ വാർഡിൽ നിന്നും ആളുകൾ തരുന്ന ഇത്തരം വിവരങ്ങൾ മുമ്പും പൊലീസിന് കൈമാറിയിട്ടുണ്ട്. അതിൽ പരിശോധന നടത്തി കേസ് രജിസ്റ്റർ ചെയ്ത് ആളുകളെ പ്രതി ചേർക്കുന്നതിന് മുമ്പ് പൊലീസ് പ്രാഥമിക അന്വേഷണം നടത്തേണ്ടതായിരുന്നു. അതിനു പകരം കഴിഞ്ഞ 26 ന് പൊലീസ് എന്നെ വിളിച്ച് വിശദവിവരങ്ങൾ തേടുകയും എനിക്ക് അറിയാവുന്ന വിവരങ്ങൾ അവരുമായി പങ്കുവെക്കുകയും ചെയ്തു. പക്ഷെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഞാൻ ഒരഴിമതിക്കാരനും ഗൂഢാലോചനക്കാരനും ആണെന്ന് പറഞ്ഞ് പ്രചരണങ്ങൾ നടക്കുണ്ട്.’ ജോസ് നെല്ലേടത്ത് പറഞ്ഞു.

ജോസിനെ തകർക്കാൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇതിനുപിന്നിൽ ഒരു വിഭാഗം കോൺഗ്രസ് നേതാക്കളാണെന്നും ജോസ് നെല്ലേടത്തിന്റെ കുടുംബം ആരോപിച്ചു. തങ്കച്ചനെ കുടുക്കിയ പ്രതിയെ പൊലീസ് ഇതുവരെ പിടികൂടിയില്ലെന്നും ജോസിന്റെ വളർച്ച പാർട്ടിയിലെ ചിലർക്ക് അസ്വാരസ്യങ്ങൾ ഉണ്ടാക്കിയിട്ടുണെന്നും കുടുംബം പറഞ്ഞു.

ഇന്നലെ ജോസിന്റെ വീട്ടിൽ നിന്നും പൊലീസ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ചതിച്ചു എന്ന് ആരോപിക്കുന്ന കത്തിലെ കൂടുതല്‍ പുറത്തുവിട്ടിട്ടില്ല.

സാമ്പത്തിക ബാധ്യതയുണ്ടെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. മൂന്ന് കോണ്‍ഗ്രസ് നേതാക്കളുടെ പേര് കത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പേരുകള്‍ പൊലീസ് പുറത്തുവിടാന്‍ തയ്യാറായില്ല.

ജോസ് നെല്ലേടത്തിന്റെ സംസ്ക്കാരം ഇന്ന് വൈകീട്ട് നാലരയ്ക്ക് നടക്കും.

വയനാട് മുള്ളൻകൊല്ലിയിലെ വാർഡ് മെമ്പറും കോൺഗ്രസ് നേതാവുമായ ജോസ് നെല്ലടത്തിനെ ഇന്നലെയായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനടുത്തുള്ള കുളത്തിൽ കൈ ഞരമ്പ് മുറിച്ച്, കാലുകൾ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.

Content Highlight: The last video of Jose Nelledam, a member of Mullankolli Panchayat who committed suicide in Wayanad, has been released