'നിങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്ന സകല കാര്യങ്ങള്‍ക്കും നന്ദി...; അഭിമുഖത്തിനൊടുവില്‍ ജോണി ലൂക്കോസിനോട് മുഖ്യമന്ത്രി
Kerala News
'നിങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്ന സകല കാര്യങ്ങള്‍ക്കും നന്ദി...; അഭിമുഖത്തിനൊടുവില്‍ ജോണി ലൂക്കോസിനോട് മുഖ്യമന്ത്രി
ആദര്‍ശ് എം.കെ.
Saturday, 21st March 2026, 5:31 pm

 

തിരുവനന്തപുരം: മനോരമ ന്യൂസിന് വേണ്ടി ജോണി ലൂക്കോസ് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ അഭിമുഖത്തിലെ അവസാന ഭാഗം ചര്‍ച്ചയാകുന്നു. നിങ്ങള്‍ ചെയ്തുകൊണ്ടിരിരിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും നന്ദിയെന്ന് ചിരിയോടെ മുഖ്യമന്ത്രി നല്‍കിയ മറുപടിയാണ് സൈബറിടങ്ങളില്‍ ചര്‍ച്ചയാകുന്നത്.

സി.എം. പറഞ്ഞതിലെ കതിരും പതിരും തെരഞ്ഞെടുപ്പ് ഫലം തെളിയിക്കട്ടെ എന്ന് ജോണി ലൂക്കോസ് പറഞ്ഞതിന് മറുപടിയായാണ് നിങ്ങളും ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും നന്ദിയെന്ന് ചിരിയോടെ മുഖ്യമന്ത്രി പറഞ്ഞത്.

50 മിനിട്ടോളം നീണ്ട അഭിമുഖത്തില്‍ തെരഞ്ഞെടുപ്പിനെ കുറിച്ചും ജി. സുധാകരന്‍ പാര്‍ട്ടി വിട്ടതുമടക്കമുള്ള രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയായിരുന്നു. ചര്‍ച്ചയ്‌ക്കൊടുവിലാണ് മുഖ്യമന്ത്രി ജോണി ലൂക്കോസ് അടക്കമുള്ളവര്‍ക്ക് നന്ദി പറഞ്ഞത്.

സോഷ്യല്‍ മീഡിയിയല്‍ ഈ മറുപടിയും ചിരിയും സജീവ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

‘സി.പി.ഐ.എം എന്ന രാഷ്ട്രീയ പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ഇന്നലെ വരെ പറഞ്ഞതും, ഇന്ന് പറഞ്ഞു കൊണ്ടിരിക്കുന്നതും, നാളെ പറയാന്‍ അണിയറയില്‍ തയ്യാറാക്കി വെച്ചിരിക്കുന്നതുമായ നുണകളെ നോക്കി നിഷ്‌കളങ്കമായ ചിരിയോടെ കമ്മ്യുണിസ്റ്റുകാരനായ സ. പിണറായി വിജയന്‍ നന്ദി പറയുമ്പോള്‍, ഇത്രയും കാലത്തെ നിങ്ങളുടെ വേട്ടയാടല്‍ ഈ പാര്‍ട്ടിയെ എത്രത്തോളം കരുത്തുറ്റതാക്കി എന്നു കൂടിയാണ് അദ്ദേഹം പറയാതെ പറയുന്നത്.

മനോരമ ന്യൂസിന്റെ സീനിയര്‍ എഡിറ്റര്‍ ശ്രീ ജോണി ലൂക്കോസിന്റെ മുഖത്തെ ചിരിയില്‍ ഒരിറ്റ് കുറ്റബോധം മിന്നിമറഞ്ഞോ എന്ന് സംശയിക്കാവുന്നതാണ്. എന്നാലും മനോരമയായത് കൊണ്ട് നുണകള്‍ തുടരും,’ എന്നാണ് എസ്.എഫ്.ഐ സംസ്ഥാന അധ്യക്ഷന്‍ എം. ശിവപ്രസാദ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

‘ചാനലുകള്‍ക്കെല്ലാം മുഖ്യമന്ത്രി ഇന്റര്‍വ്യൂ കൊടുക്കുന്നുണ്ടെങ്കിലും കാണാന്‍ കൗതുകവും താല്പര്യവും തോന്നിയത് മനോരമയുടെ ജോണിലൂക്കോസുമായി നടത്തുന്നതിനോടായിരുന്നു. അഭിമുഖത്തിന്റെ കാര്യത്തില്‍ മീഡിയാ ചരിത്രത്തില്‍ അത്രയ്ക്ക് വലുതാണല്ലോ ജോണി ലൂക്കോസിന്റെ സ്ഥാനം. തുടര്‍ ചോദ്യങ്ങളാല്‍ കുഴപ്പിച്ച് കുഴപ്പിച്ച് ആളുകളെ കുഴീല്‍ ചാടിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. പണ്ട് പി.ഗോവിന്ദപ്പിള്ളക്കെതിരെ പാര്‍ട്ടി നടപടി വരുന്നത് ജോണി ലൂക്കോസിന് നല്കിപ്പോയ ഉത്തരങ്ങളുടെ പേരിലായിരുന്നു. പി.ജി.യെ മാത്രമല്ല, തുടര്‍ന്ന് മറ്റ് ചിലരെ കൂടി അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ കുഴപ്പത്തിലാക്കിയിട്ടുണ്ടെന്ന് ചരിത്രം. അതുകൊണ്ടാണ് അതീവ കൗശലക്കാരനായ ജോണി ലൂക്കോസ് / പിണറായി അഭിമുഖം കാണാന്‍ കാത്തിരുന്നത്.

പതിവുരീതിയില്‍ മൂര്‍ച്ചയേറിയ ചോദ്യങ്ങളുമായി മുന്നേറിയ ജോണിയെ അതിഗംഭീരമായി പ്രതിരോധിച്ചുകളഞ്ഞു മുഖ്യമന്ത്രി. സകല കുരുക്കന്‍ ചോദ്യങ്ങളെയും സാമര്‍ത്ഥ്യത്തോടെ അഴിച്ചു കുടഞ്ഞു. ഒരു ചോദ്യവും പ്രതീക്ഷിച്ച ഫലം ചെയ്യാഞ്ഞതിന്റെ നിരാശ ജോണിയില്‍ പ്രകടമായിരുന്നു. ഒടുക്കം ‘പറയുന്ന കാര്യങ്ങളില്‍ എങ്ങനെയാണ് ഇത്രയ്ക്ക് ശ്രദ്ധ കൊടുക്കുന്നത്, അബദ്ധത്തില്‍ പോലും ഒരബദ്ധം പറയുന്നില്ലല്ലോ’ – എന്ന് ജോണി ചോദിക്കുമ്പോള്‍ ചിരിച്ചുപോയി. ‘നിങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും നന്ദി’ എന്ന മറുപടിയോടെ വീണ്ടും കസറുകയായിരുന്നു മുഖ്യമന്ത്രി. രസമുണ്ടായിരുന്നു ഈ അഭിമുഖം. മറ്റെല്ലാത്തിനെയും അപേക്ഷിച്ച്,’ എന്നായിരുന്നു എഴുത്തുകാരന്‍ സി.എസ്. രാജേഷ് ഫേസ്ബുക്കിലെഴുതിയത്.

‘പറഞ്ഞത് ജോണി ലൂക്കോസിനോടും മനോരമയോടുമാണെങ്കിലും കേട്ട് സൈക്കിളില്‍ നിന്ന് വീണ ചിരി ചിരിച്ചത് കുറേയധികം പേരാണ്’, ‘സി. എമ്മിന്റെ ചിരി ഉഗ്രനായിരുന്നു’, തുടങ്ങി നിരവധി കമന്റുകളും എത്തുന്നുണ്ട്.

 

Content Highlight: The last part of Chief Minister Pinarayi Vijayan’s interview with Johnny Lucas is being discussed.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.