ചെന്നൈ: മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ശേഷം, ജനുവരി 27 തിങ്കളാഴ്ച തമിഴ്‌നാട് തൊഴിൽ വകുപ്പ് ഔദ്യോഗികമായി സാംസങ് ഇന്ത്യ വർക്കേഴ്സ് യൂണിയൻ (SIWU) രജിസ്റ്റർ ചെയ്തു. 2024 സെപ്റ്റംബർ ഒമ്പതിന് ആരംഭിച്ച സാംസങ്ങിൻ്റെ ശ്രീപെരുമ്പത്തൂർ പ്ലാൻ്റിലെ തൊഴിലാളികളുടെ നീണ്ടകാലത്തെ സമരത്തിന് ശേഷമാണ് ഈ വിജയം.
സെൻ്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസിൻ്റെ (സി.ഐ.ടി.യു) പിന്തുണയോടെ തൊഴിലാളികൾ യൂണിയൻ്റെ അംഗീകാരവും രജിസ്ട്രേഷനും, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും, മെച്ചപ്പെട്ട കൂലിയും ആവശ്യപ്പെട്ട് സമരം ചെയ്തിരുന്നു.
1500 ഓളം തൊഴിലാളികൾ 37 ദിവസമായി നീണ്ടുനിന്ന പണിമുടക്കിന്റെ ഭാഗമായിരുന്നു. സമരത്തിൽ പങ്കെടുത്ത തൊഴിലാളികൾക്കെതിരെ നടപടിയെടുക്കില്ലെന്ന് സാംസങ് മാനേജ്‌മെൻ്റ് ഉറപ്പ് നൽകിയിട്ടുണ്ട്.
‘ഇത് സംസ്ഥാനത്തെ തൊഴിലാളി പ്രസ്ഥാനത്തിൻ്റെ ചരിത്ര വിജയമാണ്’, തൊഴിൽ വകുപ്പിൽ നിന്നുള്ള എസ്.ഐ.ഡബ്ല്യു.യു രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയ ശേഷം സി.ഐ.ടി.യു കാഞ്ചീപുരം ജില്ലാ സെക്രട്ടറിയും സാംസങ് ഇന്ത്യ വർക്കേഴ്സ് യൂണിയൻ പ്രസിഡൻ്റുമായ ഇ. മുത്തുകുമാർ പറഞ്ഞു,
ഒരു മാസത്തിലേറെ നീണ്ട സാംസങ് തൊഴിലാളികളുടെ സമരത്തിനൊടുവിൽ രജിസ്‌ട്രേഷൻ അനുവദിക്കാൻ തമിഴ്‌നാട് സർക്കാരിൻ്റെ തൊഴിൽ ക്ഷേമ വകുപ്പ് നിർബന്ധിതരാവുകയായിരുന്നു. ഇവർക്ക് ആദ്യം രജിസ്ട്രേഷൻ തൊഴിൽ വകുപ്പ് നിഷേധിച്ചിരുന്നു. ചരിത്ര വിജയത്തിന് ശേഷം സി.ഐ.ടി.യു അംഗങ്ങളുടെയും സാംസങ് തൊഴിലാളികളുടെയും പ്രവർത്തകർ ഇന്ന് മധുരം വിതരണം ചെയ്യുകയും ആഘോഷിക്കുകയും ചെയ്തു.
Content Highlight: The labour department issued the certificate of registration for the trade union