താരിഫുകളുടെ രാജാവ്; ഇന്ത്യൻ ജനതയുടെ ചെലവിൽ ബ്രാഹ്‌മിൺസ് കൊള്ളയടിക്കുന്നു: യു.എസ് വ്യാപാര ഉപദേഷ്ടാവ്
World
താരിഫുകളുടെ രാജാവ്; ഇന്ത്യൻ ജനതയുടെ ചെലവിൽ ബ്രാഹ്‌മിൺസ് കൊള്ളയടിക്കുന്നു: യു.എസ് വ്യാപാര ഉപദേഷ്ടാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st September 2025, 10:52 am

വാഷിങ്ടൺ: ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മേൽ യു.എസ് ചുമത്തിയ തീരുവയെ ന്യായീകരിച്ച് യു.എസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ.

ഇന്ത്യ റഷ്യക്കുള്ള അറവ് ശാല മാത്രമാണെന്നും റഷ്യൻ എണ്ണ കരാറിൽ നിന്ന് ലാഭം കൊയ്യുന്നത് ഇന്ത്യയിലെ ബ്രാഹ്‌മണരാണെന്നും പറഞ്ഞ അദ്ദേഹം, ഇന്ത്യയെ താരിഫുകളുടെ രാജാവ് എന്നും വിമർശിച്ചു.

‘നികുതിദായകർ എന്ന നിലയിൽ നമ്മൾ എന്താണ് ചെയ്യേണ്ടത്. നമ്മൾ അവർക്ക് കൂടുതൽ പണം അയയ്ക്കണം. ഇന്ത്യൻ ജനതയുടെ ചെലവിൽ ബ്രാഹ്‌മിൺസ് കൊള്ളയടിക്കാനാണ് ശ്രമിക്കുന്നത്. അത് നമുക്ക് അവസാനിപ്പിക്കണം,’ പീറ്റർ നവാരോ പറഞ്ഞു.

ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് നവാരോ ഇക്കാര്യം പറഞ്ഞത്. വൈറ്റ് ഹൗസിലെ വ്യാപാര ഉത്പാദന വിഭാഗത്തിലെ സീനിയർ കൗൺസിലറും ഡൊണാഡ് ട്രംപിന്റെ അടുത്ത സഹായിയുമാണ് പീറ്റർ നവാരോ.

ഇന്ത്യൻ റിഫൈനർമാർ റഷ്യയിൽ നിന്നും വിലകുറഞ്ഞ ക്രൂഡ് ഓയിൽ വാങ്ങി സംസ്‌കരിച്ച് വിദേശത്ത ഉയർന്ന വിലക്ക് വിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായിരിക്കെ,  ഇന്ത്യ എന്തിനാണ് വ്ളാദിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഇടപാട് നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഇന്ത്യയ്ക്ക് നിലവിൽ 50 ശതമാനം തീരുവയുണ്ടെങ്കിലും ചൈനയ്ക്ക് 50 ശതമാനത്തിലധികം തീരുവയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2022 ഫെബ്രുവരിയിൽ റഷ്യ ഉക്രൈൻ അധിനിവേശം നടത്തുന്നതിന് മുമ്പ് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയിരുന്നത് ചെറിയ അളവിൽ മാത്രമാണ്.

ഇന്ത്യക്കാർ ഇക്കാര്യത്തിൽ വളരെ അഹങ്കാരികളാണെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് പറയുന്നത് ഇന്ത്യയാണെന്നും അങ്ങനെയെങ്കിൽ ജനാധിപത്യത്തിനൊപ്പം നിൽക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്ത്യ ചെയ്യുന്ന കാര്യങ്ങൾ കാരണം എല്ലാവർക്കും നഷ്ടം സംഭവിക്കുന്നുവെന്നും ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും നഷ്ടം സംഭവിക്കുന്നുവെന്നും പീറ്റർ കൂട്ടിച്ചേർത്തു.

ഇന്ത്യയ്ക്കെതിരെ നവാരോ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഇതാദ്യമല്ല. നേരത്തെയും അദ്ദേഹം ഇന്ത്യയെ ‘എണ്ണ പണമിടപാട് സ്ഥാപനം’ എന്ന് വിളിച്ചിരുന്നു. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിനെതിരെ അദ്ദേഹം ആഞ്ഞടിക്കുകയും ഉക്രൈൻ സംഘർഷത്തെ ‘മോദിയുടെ യുദ്ധം’ എന്ന് പരാമർശിക്കുകയും ചെയ്തിരുന്നു.

Content Highlight: The king of tariffs; Brahmins plunder at the expense of the Indian people