കോട്ടയം: കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായ കോട്ടയത്ത് തങ്ങളുടെ രാഷ്ട്രീയ കരുത്ത് തെളിയിക്കാന്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഇന്ന് സംസ്ഥാന കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കുന്നു.
കോട്ടയം ജില്ലയിലെ ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും ഇതിനോടൊപ്പം നടക്കുന്നുണ്ട്.
ഒരു വശത്ത് ജോസ് കെ. മാണി വിഭാഗത്തിന്റെ സ്റ്റിയറിങ് കമ്മിറ്റി നടക്കുമ്പോള്‍, മറുവശത്ത് ജോസഫ് വിഭാഗം തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനും കരുത്തറയിക്കാനുമുള്ള ശ്രമത്തിലാണ്.
കേരള കോണ്‍ഗ്രസ് എം യു.ഡി.എഫിലേക്ക് വരുന്നതിനെ ജോസഫ് വിഭാഗം നഖശിഖാന്തം എതിര്‍ക്കുന്നുണ്ട്. ജോസ് കെ. മാണി ഇല്ലാതെ തന്നെ യു.ഡി.എഫിലെ കേരള കോണ്‍ഗ്രസ് കരുത്തരാണെന്നും, ഭരണം നേടാന്‍ തങ്ങള്‍ക്ക് പ്രാപ്തിയുണ്ടെന്നും ബോധ്യപ്പെടുത്തുകയാണ് ഈ കണ്‍വെന്‍ഷന്റെ പ്രധാന ലക്ഷ്യം.
തദ്ദേശ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ മുന്നേറ്റമാണ് ഇതിന് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഏതെങ്കിലും നേതാക്കള്‍ വ്യക്തിപരമായി വരാന്‍ താത്പര്യപ്പെടുന്നുണ്ടെങ്കില്‍ അവരെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കാമെന്ന നിലപാടാണ് ജോസഫ് വിഭാഗത്തിനുള്ളത്.
മുന്നണി രാഷ്ട്രീയത്തിലെ അനിശ്ചിതത്വം യു.ഡി.എഫിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ജോസ് വിഭാഗത്തെ മുന്നണിയിലേക്ക് ക്ഷണിക്കുന്നുണ്ടെങ്കിലും ജോസഫ് വിഭാഗം ഇതിനെ പൂര്‍ണമായും എതിര്‍ക്കുകയാണ്.
അതേസമയം, എല്‍.ഡി.എഫിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് ജോസ് വിഭാഗം വ്യക്തമാക്കിയിരുന്നു. കേരളാ കോണ്‍ഗ്രസിന് ഒറ്റ നിലപാടെയുള്ളു അത് ഇടത് പക്ഷത്തിനൊപ്പമാണെന്നാണ് ജോസ് കെ. മാണി പറഞ്ഞത്. കേരളാ കോണ്‍ഗ്രസ് എവിടെയുണ്ടോ അവിടെയാണ് ഭരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.