ഡോ. ഹാരിസ് ഉന്നയിക്കുന്ന വിഷയങ്ങൾ പ്രസക്തം; പരിഹരിക്കാനായാൽ ഗുണമുണ്ടാകുക പൊതുജനത്തിന്: ഡോ. പി.എസ്. ജിനേഷ്
Kerala News
ഡോ. ഹാരിസ് ഉന്നയിക്കുന്ന വിഷയങ്ങൾ പ്രസക്തം; പരിഹരിക്കാനായാൽ ഗുണമുണ്ടാകുക പൊതുജനത്തിന്: ഡോ. പി.എസ്. ജിനേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th June 2025, 2:22 pm

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചിറയ്ക്കല്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ പ്രസക്തമാണെന്നും അവ പരിഹരിക്കാനായാൽ ഗുണമുണ്ടാകുക ജനങ്ങൾക്ക് തന്നെയാണെന്നും ഇൻഫോ ക്ലിനിക് അഡ്മിനും കോ ഫൗണ്ടറുമായ ഡോ. പി.എസ്. ജിനേഷ്.

തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ‘കോട്ടയം ജില്ല ആശുപത്രിയിൽ സി.ടി സ്കാൻ മെഷീൻ വാങ്ങിയിട്ട് എത്ര വർഷത്തിനുശേഷമാണ് പ്രവർത്തിച്ചു തുടങ്ങിയത് എന്നറിയാമോ?’ എന്ന ചോദ്യത്തിൽ തുടങ്ങുന്ന പോസ്റ്റിൽ കേരളത്തിലെ മെഡിക്കൽ കോളേജുകളിലെ ശോചനീയാവസ്ഥയെക്കുറിച്ചും അവ മാറ്റേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

‘കോട്ടയം ജില്ല ആശുപത്രിയിൽ സി.ടി സ്കാൻ മെഷീൻ വാങ്ങിയിട്ട് എത്ര വർഷത്തിനുശേഷമാണ് പ്രവർത്തിച്ചു തുടങ്ങിയത് എന്നറിയാമോ? ഒന്ന് അന്വേഷിച്ചു നോക്കിയാൽ മനസിലാക്കാൻ സാധിക്കും. ത്രീ ഫേസ് കണക്ഷൻ ലഭിക്കാൻ കെ.എസ്.ഇ.ബിക്ക് പെൻഡിങ് ചാർജോ മറ്റോ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട എന്തോ ഒരു ടെക്നിക്കൽ വിഷയം. അത് പരിഹരിക്കാൻ വർഷങ്ങൾ എടുത്തു. ഏകദേശം 10-15 വർഷങ്ങൾക്ക് മുൻപ് ആശുപത്രി ആര്‍.എം.ഒ നിരന്തരം ഓടി. ഇന്നത്തെ മന്ത്രി വി. എൻ. വാസവൻ വരെ ഇടപെട്ടിട്ടാണ് പ്രശ്നം പരിഹരിച്ചത്. അന്ന് അദ്ദേഹം ജില്ലാ സെക്രട്ടറിയാണോ എം.എൽ.എ ആണോ എന്ന് ഓർമയില്ല. അതുവരെ ഒരു പുതിയ സി.ടി സ്കാൻ മെഷീൻ ഒരു മുറിയിൽ പൂട്ടി വച്ചിരിക്കുകയായിരുന്നു, വർഷങ്ങളോളം,’ അദ്ദേഹം കുറിച്ചു.

അതാണ് നമ്മുടെ സിസ്റ്റമെന്ന് വിമർശിച്ച പി.എസ്. ജിനേഷ് മെഡിക്കൽ കോളേജുകളിൽ സർജറി ചെയ്യാനായി ശസ്ത്രക്രിയ ഉപകരണങ്ങൾ പുറത്തുനിന്ന് വാങ്ങി നൽകേണ്ടി വരുന്നത് പലർക്കും അറിയുന്ന കാര്യമായിരിക്കുമെന്നും . സർക്കാർ മെഡിക്കൽ കോളേജുകളെ ആശ്രയിക്കുന്ന പലർക്കും ഈ സാഹചര്യം വന്നിട്ടില്ലേയെന്നും ചോദിച്ചു.

ഇവിടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചില ചോദ്യങ്ങൾ ഉന്നയിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം ഡോക്ടർ ഹാരിസ് ഉന്നയിക്കുന്ന വിഷയങ്ങൾ തികച്ചും പ്രസക്തമാണെന്നും കൂട്ടിച്ചേർത്തു.

‘ഇവിടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചില ചോദ്യങ്ങൾ ഉന്നയിക്കുന്നത്. ചില പോരായ്മകൾ പറയുന്നത്. അദ്ദേഹം ഉന്നയിക്കുന്ന വിഷയങ്ങൾ തികച്ചും പ്രസക്തമാണ്. മെച്ചപ്പെട്ടാൽ ഗുണം കിട്ടുന്നത് ജനങ്ങൾക്ക് തന്നെയാണ്.

സത്യത്തിൽ ഒരു വകുപ്പ് മേധാവി ഇങ്ങനെ പറയുമ്പോൾ ആരോഗ്യ മന്ത്രി അദ്ദേഹത്തെ കേൾക്കണം എന്നാണ് എൻറെ ആഗ്രഹവും അഭ്യർത്ഥനയും. അങ്ങനെ സംഭവിച്ചാൽ അതാവും ഏറ്റവും പോസിറ്റീവായ കാര്യം. സാമ്പത്തിക പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സാധിക്കുന്ന കാര്യങ്ങൾ ചെയ്താൽ രോഗികൾക്കും ഗുണമാണ്.

ബ്യൂറോക്രസി ഇത്തരം വിഷയങ്ങൾ ഉന്നയിക്കുന്നവർക്ക് എപ്പോഴും എതിരാണ്. ഇങ്ങനെ പറയുന്ന ഒരാളെ ഒതുക്കാനാവും അവരുടെ താത്പര്യം . കൂടുതൽ പേരുടെ ചോദ്യങ്ങൾ ഉണ്ടാവാതിരിക്കാൻ അവർ അത് നിരന്തരം ഉപയോഗിക്കുന്നുണ്ട്, അതാണ് പണ്ടുമുതൽ നടന്നുകൊണ്ടിരിക്കുന്നത്. അവർക്ക് വഴങ്ങാതെ അദ്ദേഹം ഉന്നയിച്ച വിഷയങ്ങൾ പരിശോധിക്കുവാനും സാധിക്കുന്ന രീതിയിൽ കുറവുകൾ നികത്താനും ആരോഗ്യമന്ത്രി വീണാ ജോർജ് ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഡോക്ടർ ഹാരിസ് സത്യസന്ധൻ, അദ്ദേഹം ഉന്നയിച്ച കാര്യങ്ങൾ അന്വേഷിക്കും എന്ന് ആരോഗ്യമന്ത്രി പറഞ്ഞ വാർത്ത ഇപ്പോഴാണ് കണ്ടത്. സന്തോഷവും ആശ്വാസവും രേഖപ്പെടുത്തുന്നു,’ അദ്ദേഹം കുറിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമത്തെക്കുറിച്ച് ഡോ. ഹാരിസ് ചിറക്കൽ ഉയർത്തിയ ആരോപണങ്ങൾ വലിയ ചർച്ചയായിരുന്നു. ആശുപത്രിയിൽ ഉപകരണങ്ങൾ ഇല്ലെന്നും, അവ വാങ്ങിനൽകാൻ ഉദ്യോഗസ്ഥരും മറ്റുള്ളവരുടെയും ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്നുമായിരുന്നു ഹാരിസ് ചിറക്കൽ പറഞ്ഞത്. ഗുരുതര പ്രശ്നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷൻ അടക്കം മാറ്റിവെയ്ക്കേണ്ടി വരികയാണെന്നും മികച്ച ചികിത്സ നൽകാൻ ഡോക്ടർമാർ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതിൽ മുൻപിൽ നിൽക്കുകയാണെന്നും ഡോ. ഹാരിസ് ചിറക്കൽ കുറ്റപ്പെടുത്തിയിരുന്നു. പലരോടും അപേക്ഷിച്ചിട്ടും യാതൊരു പരിഹാരവും ഇല്ല എന്നും ഹാരിസ് പറഞ്ഞിരുന്നു.

എന്നാൽ ഡോക്ടറിന്‍റേത് വൈകാരിക പ്രതികരണമാണെന്നും മൊത്തം സംവിധാനത്തെ നാണം കെടുത്താൻ വേണ്ടി പോസ്റ്റിട്ടതാകാമെന്നുമായിരുന്നു ഡി.എം.ഇ പ്രതികരിച്ചത്. എങ്കിലും ഡോ. ഹാരിസ് തന്റെ നിലപാടിൽ തന്നെ ഉറച്ചുനിന്നു.

പിന്നാലെ ഡോ. ഹാരിസ് ചിറയ്ക്കല്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. ഹാരിസിന്റെ പോസ്റ്റുമായി ബന്ധപ്പെട്ട് സമഗ്രമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളങ്കമറ്റ ഡോക്ടറാണ് ഹാരിസ് ചിറയ്ക്കലെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു.

 

 

Content Highlight: The issues raised by Dr. Harris are relevant; if resolved, it will benefit the public