രാഹുലിന് രാജ്യമൊട്ടാകെ നടപ്പാക്കാനായില്ല; ചത്തീസ്ഗഡില്‍ ന്യായ് നടപ്പിലാക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്
national news
രാഹുലിന് രാജ്യമൊട്ടാകെ നടപ്പാക്കാനായില്ല; ചത്തീസ്ഗഡില്‍ ന്യായ് നടപ്പിലാക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്
ന്യൂസ് ഡെസ്‌ക്
Wednesday, 28th August 2019, 9:04 pm

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ച പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു രാജ്യത്ത് അധികാരത്തിലെത്തിയാല്‍ ന്യായ് പദ്ധതി നടപ്പിലാക്കും എന്നത്. രാഹുല്‍ ഗാന്ധിയായിരുന്നു ഈ പദ്ധതി മുന്നോട്ട് വെച്ചത്. പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനായ തോമസ് പിക്കറ്റിയുടെ ഉപദേശം സ്വീകരിച്ചായിരുന്നു രാഹുല്‍ അന്ന് ഈ പദ്ധതി അവതരിപ്പിച്ചത്.

മിനിമം വരുമാനം ഉറപ്പ് വരുത്തുന്ന പദ്ധതിയായിരുന്നു ന്യായ്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ഈ വാഗ്ദാനത്തെ ജനങ്ങള്‍ തള്ളിക്കളയുകയും ബി.ജെ.പിയെ വീണ്ടും അധികാരത്തിലേറ്റുകയുമായിരുന്നു.

ഇപ്പോഴിതാ രാഹുലിന്റെ ആ സ്വപ്‌ന പദ്ധതി തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനമായ ചത്തീസ്ഗഡില്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ന്യായ് പരീക്ഷണ പദ്ധതിയാണ് ചത്തീസ്ഗഡില്‍ നടപ്പിലാക്കുക. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശ പ്രകാരമായിരിക്കും പദ്ധതി നടപ്പിലാക്കുക.

ദരിദ്ര കുടുംബങ്ങള്‍ക്ക് വര്‍ഷം കുറഞ്ഞത് 72000 രൂപയെങ്കിലും വരുമാനം ഉറപ്പ് വരുത്തുമെന്നായിരുന്നു പദ്ധതി. പദ്ധതിയുടെ നത്തിപ്പുമായി ബന്ധപ്പെട്ട് ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും സോണിയാ ഗാന്ധിയും കഴിഞ്ഞയാഴ്ച ചര്‍ച്ച നടത്തിയിരുന്നു.

ദരിദ്ര കുടുംബങ്ങളിലെ 20% കുടുംബങ്ങള്‍ക്കെങ്കിലും 72000 രൂപ ഉറപ്പ് വരുത്തുന്ന പദ്ധതിയാണ് ആദ്യ ഘട്ടമെന്ന വിധം ചത്തീസ്ഡില്‍ നടപ്പിലാക്കുക. ബസ്തറിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുക.