‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മോളിവുഡ് ടൈംസ്’. യുവതാരം നസ്‌ലെൻ നായകനാകുന്ന ഈ ചിത്രം പ്രഖ്യാപനം മുതൽക്കേ സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച ഹൊറർ സംവിധായകനാകാൻ ആഗ്രഹിക്കുന്ന ‘വിനീത് മാധവൻ’ എന്ന കഥാപാത്രമായാണ് നസ്‌ലെൻ ഈ ചിത്രത്തിലെത്തുന്നത്.
ചിത്രത്തിന്റെ ടീസറിന്റെ തുടക്കത്തിൽ, വിനീതിന്റെ ചെറുപ്പകാലത്ത് തനിക്ക് ഒരു ഫിലിം ക്യാമറ വാങ്ങിത്തരാൻ അവൻ അച്ഛനോട് ആവശ്യപ്പെടുന്നത് കാണാം. പ്രശസ്ത ഹോളിവുഡ് സംവിധായകൻ മനോജ് നൈറ്റ് ശ്യാമളന് ചെറുപ്പത്തിൽ അദ്ദേഹത്തിന്റെ അച്ഛൻ ഒരു ഫിലിം ക്യാമറ വാങ്ങി നൽകിയതുകൊണ്ടാണ് അദ്ദേഹം ഇന്ന് ഇത്രയും വലിയ നിലയിൽ എത്തിയതെന്ന് വിനീത് അച്ഛനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്.
മോളിവുഡ് ടൈംസ്,മനോജ് നൈറ്റ് ശ്യാമളൻ.Photo:Screengrab/NYU
തന്റെ മകൻ മനോജ് നൈറ്റ് ശ്യാമളനെപ്പോലെ ഒരു വലിയ ഹോളിവുഡ് ഡയറക്ടറാകാൻ ആഗ്രഹിക്കുന്നു എന്ന് കേൾക്കുമ്പോൾ, ‘ഇവിടെ കൊച്ചു മോളിവുഡേ ഉള്ളൂ’ എന്നാണ് അച്ഛൻ നൽകുന്ന മറുപടി. എന്നാൽ ആ കൊച്ചു മോളിവുഡിൽ തന്റെ സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന ആവേശഭരിതനായ ഒരു ചെറുപ്പക്കാരനെയാണ് നസ്‌ലെനിലൂടെ സംവിധായകൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ആരാണ് ടീസറിൽ പരാമർശിക്കുന്ന ‘എം.നൈറ്റ് ശ്യാമളൻ’?
സസ്‌പെൻസ് നിറഞ്ഞ കഥകളും അപ്രതീക്ഷിത ട്വിസ്റ്റുകളും കൊണ്ട് ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ വംശജനായ ഹോളിവുഡ് സംവിധായകനാണ് മനോജ് നൈറ്റ് ശ്യാമളൻ. ചെറുപ്പത്തിൽ അച്ഛൻ വാങ്ങിക്കൊടുത്ത ഒരു ചെറിയ ഫിലിം ക്യാമറയിൽ തുടങ്ങിയ സിനിമാമോഹമാണ് പിന്നീട് ഹോളിവുഡിൽ അദ്ദേഹത്തിന്റേതായ ഒരു സാമ്രാജ്യം തീർക്കാൻ കാരണമായത്.
മനോജ് നൈറ്റ് ശ്യാമളൻ.Photo:The Guardian/The Echo
1999-ൽ പുറത്തിറങ്ങിയ ‘ദി സിക്സ്ത് സെൻസ്’ (The Sixth Sense) എന്ന ഒരൊറ്റ ചിത്രം മതി അദ്ദേഹത്തിന്റെ മേക്കിങ് ലെവൽ മനസിലാക്കാൻ. ബ്രൂസ് വിൽസ് പ്രധാന വേഷത്തിലെത്തിയ ഈ ചിത്രം ലോകമെമ്പാടും വൻ വിജയമായി മാറുകയും, ഇതിന്റെ ക്ലൈമാക്സ് സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ട്വിസ്റ്റുകളിൽ ഒന്നായി വിലയിരുത്തപ്പെടുകയും ചെയ്യുന്നു. പിന്നീട് ‘അൺബ്രേക്കബിൾ’, ‘സൈൻസ്’, ‘ദി വില്ലേജ്’ എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം ഹോളിവുഡിൽ തന്റെ സ്ഥാനം ഉറപ്പിച്ചു.
തുടർന്ന് പുറത്തിറങ്ങിയ ‘ദി ലാസ്റ്റ് എയർബെൻഡർ’, ‘ആഫ്റ്റർ എർത്ത്’ എന്നീ ചിത്രങ്ങൾ പരാജയപ്പെടുകയും കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വരികയും ചെയ്തെങ്കിലും അദ്ദേഹം പിന്മാറിയില്ല. 2015-ൽ പുറത്തിറങ്ങിയ ‘ദി വിസിറ്റ്’ എന്ന സൈക്കോളജിക്കൽ ഹൊറർ ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി. തുടർന്ന് 2016-ൽ ജെയിംസ് മക്കാവോയിയുടെ അസാധ്യ പ്രകടനവുമായി എത്തിയ ‘സ്പ്ലിറ്റ്’, 2019-ൽ പുറത്തിറങ്ങിയ ‘ഗ്ലാസ്’ എന്നീ ചിത്രങ്ങളിലൂടെ’ ഒരു ‘സിനിമാറ്റിക് യൂണിവേഴ്സ്’ തന്നെ സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചു. കേവലം 191 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച് 236 കോടിയിലധികം ലാഭം നേടിയ ‘ഗ്ലാസ്’ ഒരു ഇൻഡസ്ട്രി ഹിറ്റായി മാറുകയായിരുന്നു.
മോളിവുഡ് ടൈംസ്.Photo: Screen grab/X.com
പ്രീ-റിലീസ് ട്രെയ്‌ലർ ഇല്ല; സർപ്രൈസുമായി ‘മോളിവുഡ് ടൈംസ്’
എം നൈറ്റ് ശ്യാമളനെ മാതൃകയാക്കുന്ന വിനീത് മാധവന്റെ കഥ പറയുന്ന ‘മോളിവുഡ് ടൈംസ്’ പ്രേക്ഷകർക്ക് വലിയൊരു സർപ്രൈസ് ഒരുക്കിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ചിത്രത്തിന് ഒരു പ്രീ-റിലീസ് ട്രെയിലർ ഉണ്ടായിരിക്കില്ലെന്ന് സംവിധായകൻ അഭിനവ് സുന്ദർ നായക് കഴിഞ്ഞ ദിവസം എക്സ് (X) അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു.
കഥയെക്കുറിച്ച് മുൻകൂട്ടി ഒന്നും അറിയാതെ, പൂർണമായും തിയേറ്ററിൽ പോയി കണ്ട് ആസ്വദിക്കേണ്ട ഒരു സർപ്രൈസ് ചിത്രമാണിതെന്ന വാർത്ത പുറത്തുവന്നതോടെ വലിയ ആകാംഷയിലാണ് സിനിമാപ്രേമികൾ. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ഇതിനോടകം തന്നെ ഇന്ത്യയൊട്ടാകെ ആരംഭിച്ചുകഴിഞ്ഞു.
Content Highlight: The Indian-American Hollywood director, M. Night Shyamalan, mentioned in Mollywood Times