വയനാട് ദുരന്തം; വായ്പ എഴുതിത്തള്ളല്‍ എവിടെ വരെ എത്തി? കേന്ദ്രത്തോട് ഹൈക്കോടതി
Kerala
വയനാട് ദുരന്തം; വായ്പ എഴുതിത്തള്ളല്‍ എവിടെ വരെ എത്തി? കേന്ദ്രത്തോട് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th August 2025, 1:16 pm

തിരുവനന്തപുരം: വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളലില്‍ കേന്ദ്രത്തിന് മുന്നറിയിപ്പുമായി ഹൈക്കോടതി. തീരുമാനം അറിയിക്കാന്‍ കേന്ദ്രത്തിന് സെപ്റ്റംബര്‍ 10വരെ ഹൈക്കോടതി നിലവില്‍ സാവകാശം നല്‍കിയിട്ടുണ്ട്. വായ്പ എഴുതിത്തള്ളല്‍ എവിടെ വരെ എത്തിയെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു. അവസാനമായി ഒരു അവസരം കൂടി തരാമെന്നും കോടതി പറഞ്ഞു.

ദുരന്ത ബാധിതരുടെ കാര്യത്തില്‍ വളരെ ശക്തമായ നിലപാട് നേരത്തെയും ഹൈക്കോടതി സ്വീകരിച്ചിരുന്നു. ഈ കാര്യത്തില്‍ കേന്ദ്രത്തിന്റെ മെല്ലെപ്പോക്കിനെതിരെയുള്ള വിമര്‍ശനമായാണ് ഹൈക്കോടതിയുടെ ഈ മുന്നറിയിപ്പ്. വയനാട് ദുരന്തബാധിതരുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹരജിയാണ് ഹൈക്കോടതി ഇന്നും പരിഗണിച്ചിരുന്നത്.

സമയബന്ധിതമായി ഇതിന്റെ തീര്‍പ്പ് കല്‍പ്പിക്കണമെന്ന് ഹൈക്കോടതി കേന്ദ്രത്തോട് മുമ്പും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പലതവണ ഈ കാര്യത്തില്‍ നിലപാടറിയിക്കണമെന്ന് പറഞ്ഞിട്ടും അതില്‍ വ്യക്തമായ നിലപാട് കേന്ദ്രം സ്വീകരിച്ചിരുന്നില്ല.

ഇതുമായി ബന്ധപ്പെട്ട യോഗം നടക്കുന്നുണ്ടെന്നും കുറച്ചും സമയം കൂടെ ആവശ്യമാണെന്നും കേന്ദ്ര അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് സെപ്റ്റംബര്‍ പത്തിനുള്ളില്‍ നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്.

Content highlight: The High Court has warned the Center over the loan waiver of Wayanad disaster victims