കിഫ്ബി കേസില്‍ ഇ.ഡിക്ക് തിരിച്ചടി; തുടര്‍ സമന്‍സുകള്‍ അയക്കുന്നത് ഹൈക്കോടതി തടഞ്ഞു
Kerala News
കിഫ്ബി കേസില്‍ ഇ.ഡിക്ക് തിരിച്ചടി; തുടര്‍ സമന്‍സുകള്‍ അയക്കുന്നത് ഹൈക്കോടതി തടഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th October 2022, 3:04 pm

കൊച്ചി: കിഫ്ബിക്കും മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസകിനുമെതിരായ കേസില്‍ ഇ.ഡിയുടെ തുടര്‍നടപടികള്‍ തടഞ്ഞ് ഹൈക്കോടതി. രണ്ട് മാസത്തേക്കാണ് ജസ്റ്റിസ് വി.ഡി. അരുണ്‍ നടപടികള്‍ സ്റ്റേ ചെയ്തത്. എന്നാല്‍ കേസില്‍ ഇ.ഡിക്ക് അന്വേഷണം തടരാമെന്നും കോടതി പറഞ്ഞു.

കേസില്‍ റിസര്‍വ് ബാങ്കിനെ കോടതി കക്ഷി ചേര്‍ത്തു. കേസ് അടുത്തമാസം 15ന് വീണ്ടും പരിഗണിക്കും. ഇ.ഡിയുടെ നോട്ടീസ് ചോദ്യം ചെയ്ത് ഡോ. തോമസ് ഐസക്കും കിഫ്ബിയും സമര്‍പ്പിച്ച ഹരജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

എന്ത് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തോമസ് ഐസക്കിനെ സമന്‍സ് അയച്ച് വിളിച്ച് വരുത്തിയതെന്ന് വ്യക്തമാക്കാന്‍ ഇ.ഡിക്ക് ബാധ്യതയുണ്ടെന്ന് നേരത്തെ കോടതി വിലയിരുത്തിയിരുന്നു. തുടര്‍ന്ന് തോമസ് ഐസക്ക് പ്രതിയല്ലെന്നും അദ്ദേഹം സാക്ഷിയാണെന്നും ഇ.ഡി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ഇ.ഡി നല്‍കിയ നോട്ടീസ് അവ്യക്തമാണ്. തന്നോട് ആവശ്യപ്പെട്ടിട്ടുള്ള രേഖകള്‍ നിലവില്‍ ഇ.ഡിയുടെ കൈവശമുള്ളവയാണ്. നോട്ടീസുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ വിലക്കണം. കിഫ്ബിയോ താനോ ചെയ്ത കുറ്റമെന്തെന്ന് നോട്ടീസില്‍ പറഞ്ഞിട്ടില്ല. കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാരപരിധിക്ക് പുറത്താണെന്നും തോമസ് ഐസക്ക് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കിഫ്ബി പ്രവര്‍ത്തനങ്ങള്‍ നിയമാനുസൃതമല്ലെന്നും ക്രമക്കേടുകള്‍ ഉണ്ടെന്നുമുള്ള സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ വിദേശത്തുനിന്നു പണം കൈപ്പറ്റിയതും മസാല ബോണ്ട് ഇറക്കാനായി റിസര്‍വ് ബാങ്കിന്റെ അനുമതി തേടിയതിലെ ക്രമക്കേടുകളുമാണ് അന്വേഷിക്കുന്നത്. കിഫ്ബി വിദേശത്തു പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് 2021 മാര്‍ച്ചിലാണ് ഇ.ഡി കേസെടുത്തത്.

Content Highlight: The High Court has stayed the issuance of further summonses in KIIFB case