സൈന്യത്തിന് സംസ്ഥാനം നല്‍കേണ്ട 120 കോടി ബില്‍ തുക വയനാട് ദുരിതബാധിതരുടെ പുനരധിവാസത്തിനായി ഉപയോഗിക്കാം: ഹൈക്കോടതി
Wayanad landslide
സൈന്യത്തിന് സംസ്ഥാനം നല്‍കേണ്ട 120 കോടി ബില്‍ തുക വയനാട് ദുരിതബാധിതരുടെ പുനരധിവാസത്തിനായി ഉപയോഗിക്കാം: ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th July 2025, 2:30 pm

കൊച്ചി: കേരളത്തിലെ ദുരന്ത ഘട്ടങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനം സൈന്യത്തിന് നല്‍കേണ്ട തുക മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി ഉപയോഗിക്കാമെന്ന് ഹൈക്കോടതി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹരജി പരിഗണിച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരിന് തുക ഉപയോഗിക്കാനുള്ള അനുമതി ഇടക്കാല ഉത്തരവിലൂടെ കോടതി നല്‍കിയത്. സൈന്യം നല്‍കിയ 120 കോടി ബില്‍ തുക ദുരിതബാധിതരുടെ പുനരധിവാസത്തിനായി ചെലവഴിക്കാനാണ് ഡിവിഷന്‍ ബെഞ്ചിന്റെ അനുമതി.

അതേസമയം ദുരിതബാധിതരുടെ പുനരധിവാസത്തിനായുള്ള നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്ന് സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്ന കാര്യം ആഭ്യന്തര-ധന മന്ത്രാലയങ്ങള്‍ തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഈ വിഷയത്തില്‍ രണ്ട് ആഴ്ചക്കുള്ളില്‍ തീരുമാനമെടുക്കാന്‍ സമ്മര്‍ദം ചെലുത്താമെന്ന് അഡീഷണല്‍ സൊളിസിറ്റര്‍ ജനറല്‍ എ.ആര്‍.എല്‍ സുന്ദരേശന്‍ കോടതിയെ അറിയിച്ചു. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ഗുണപരമാകുന്ന സമ്മര്‍ദം മാത്രമേ ചെലുത്തൂവെന്നും എ.എസ്.ജിയോട് ഹൈക്കോടതി നിര്‍ദേശിച്ചു.

Content Highlight: The High Court has said that the amount the state should have paid to the army for rescue operations during the disaster in Kerala can be used for the rehabilitation of Mundakai-Churalmala