ചാന്‍സിലര്‍ക്ക് തിരിച്ചടി; കാലിക്കറ്റ് വി.സി നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി
Kerala
ചാന്‍സിലര്‍ക്ക് തിരിച്ചടി; കാലിക്കറ്റ് വി.സി നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th November 2025, 7:21 am

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല സ്ഥിരം വി.സി (വൈസ് ചാന്‍സിലര്‍) നിയമനത്തിനായി ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ രൂപീകരിച്ച സെര്‍ച്ച് കമ്മിറ്റി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. സര്‍ക്കാരിനെ വെല്ലുവിളിച്ച് തിടുക്കത്തില്‍ വിജ്ഞാപനമിറക്കിയ ഗവര്‍ണര്‍ക്ക് ഇപ്പോള്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തിരിച്ചടിയായി.

മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയിലെ രണ്ട് അംഗങ്ങളുടെ നിയമനം ചോദ്യം ചെയ്യപ്പെട്ടതിലൂടെ കമ്മിറ്റിയുടെ നിലനില്‍പ്പ് ഇല്ലാതായി. വീണ്ടും സെര്‍ച്ച് കമ്മിറ്റി രൂപീകരണ നടപടികളിലേക്ക് കടക്കാന്‍ ജസ്റ്റിസ് വി.ജി. അരുണ്‍ നിര്‍ദേശിച്ചു. വി.സി നിയമനത്തിനായി ചാന്‍സലര്‍ രൂപീകരിച്ച സെര്‍ച്ച് കം സെലഷന്‍ കമ്മിറ്റിയുടെ നിയമസാധുത ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരാണ് ഹര്‍ജി നല്‍കിയത്.

മൂന്നംഗ കമ്മിറ്റിയിലേക്ക് സെനറ്റ് നാമനിര്‍ദേശം ചെയ്ത പ്രൊഫ. എ. സാബു രാജിവച്ചിരുന്നു. കൂടാതെ ചാന്‍സലറുടെ പ്രതിനിധി ഡോ. എലുവത്തിങ്കല്‍ ഡി. ജെമ്മിസിന്റെ യോഗ്യത ചോദ്യം ചെയ്തുമായിരുന്നു സര്‍ക്കാര്‍ ഹര്‍ജി. രാജിക്കത്ത് പരിഗണിക്കാതെ പ്രൊഫ. സാബുവിനെക്കൂടി ഉള്‍ക്കൊള്ളിച്ച് ഗവര്‍ണര്‍ വിജ്ഞാപനമിറക്കുകയായിരുന്നു.

രാജിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രൊഫ. സാബു കഴിഞ്ഞദിവസം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കേരള സ്റ്റേറ്റ് സയന്‍സ് കോണ്‍ഗ്രസിന്റെ സംഘാടന ചുമതലയുള്ളതിനാലാണ് രാജിയെന്നും വ്യക്തമാക്കിയിരുന്നു. ഡോ. എലുവത്തിങ്കല്‍ ഡി. ജെമ്മിസിനുപകരമായി പ്രൊഫ. ജി.യു. കുല്‍ക്കര്‍ണിയെ ഉള്‍പ്പെടുത്തിയെന്ന് ചാന്‍സലര്‍ അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

യു.ജി.സി പ്രതിനിധിയായ മുംബൈ സര്‍വകലാശാല വി.സി പ്രൊഫ. രവീന്ദ്ര ഡി കുല്‍ക്കര്‍ണിയാണ് കമ്മിറ്റിയിലെ മൂന്നാമത്തെ അംഗം. ചാന്‍സലര്‍ ഇറക്കിയ വിജ്ഞാപനത്തില്‍ ഇടപെടുന്നില്ലെങ്കിലും വി.സി നിയമനത്തിനായുള്ള അപേക്ഷകളിലെ തീരുമാനം അന്തിമ ഉത്തരവിന് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജി ഡിസംബര്‍ അഞ്ചിന് വീണ്ടും പരിഗണിക്കും.

Content Highlight: The High Court has ruled that the search committee formed by Governor to appoint a permanent VC of Calicut University will not survive