നിയമവും രാഷ്ട്രീയവും അറിയുന്ന ഗവര്‍ണര്‍ പഠിച്ചിട്ടുതന്നെയാവും നിയമന ഉത്തരവില്‍ ഒപ്പുവെച്ചത്: ഡോ. ഗോപിനാഥ് രവീന്ദ്രന്‍
Kerala News
നിയമവും രാഷ്ട്രീയവും അറിയുന്ന ഗവര്‍ണര്‍ പഠിച്ചിട്ടുതന്നെയാവും നിയമന ഉത്തരവില്‍ ഒപ്പുവെച്ചത്: ഡോ. ഗോപിനാഥ് രവീന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th December 2021, 1:19 pm

 

കണ്ണൂര്‍: രാഷ്ട്രീയവും നിയമവും അറിയുന്ന ഗവര്‍ണര്‍ തന്റെ നിയമന ഉത്തരവില്‍ അതിനെ കുറിച്ച് പഠിച്ചിട്ട് തന്നെയാണ് ഒപ്പുവെച്ചിട്ടുണ്ടാവുകയെന്ന് ഡോ. ഗോപിനാഥ് രവീന്ദ്രന്‍.

സാധാരണ രീതിയില്‍ ഇങ്ങനെ നിയമനം നടക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പുനര്‍നിയമനം ചോദ്യം ചെയ്തുള്ള ഹരജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പ്രതികരണം.

ഉത്തരവ് പുറത്തിറങ്ങിയ ശേഷം വിവാദങ്ങളുണ്ടാകുന്നത് ശരിയല്ല. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഉത്തരവ് റദ്ദാക്കുകയാണ് വേണ്ടത്.

ഒഴിവാകണമെന്ന് പറഞ്ഞാല്‍ ഞാന്‍ ഒഴിയുമായിരുന്നു. ഇക്കാര്യത്തില്‍ ശക്തമായ രാഷ്ട്രീയ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന കാര്യമുറപ്പാണെന്നും
അദ്ദേഹം പറഞ്ഞു.

പ്രോ ചാന്‍സലര്‍ എന്ന നിലയില്‍ ഈ വിഷയത്തിലെ തന്റെ നിലപാട് അറിയിക്കുകയാണ് മന്ത്രി ആര്‍. ബിന്ദു ചെയ്തിട്ടുള്ളത്. അതില്‍ തെറ്റില്ലെന്ന് രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ സര്‍വകലാശാല വി.സി പുനര്‍നിയമനത്തിനെതിരായ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കാതെ തള്ളുകയായിരുന്നു. ജസ്റ്റിസ് അമിത് റാവലിന്റേതാണ് നടപടി.

സംസ്ഥാന സര്‍ക്കാരിന് ആശ്വാസം നല്‍കുന്നതാണ് കോടതി നടപടി. അതേസമയം വിഷയത്തില്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ ഹരജിക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

2017 നവംബര്‍ മുതല്‍ ഇക്കഴിഞ്ഞ നവംബര്‍ 22 വരെയായിരുന്നു കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്റെ നിയമന കാലാവധി.

എന്നാലിത് അടുത്ത 4 വര്‍ഷത്തേക്കു കൂടി പുനര്‍നിയമനം നടത്തി ഉത്തരവിറക്കിയതാണ് വിവാദമായത്. നിയമന ഉത്തരവില്‍ ഒപ്പിട്ടത് സമ്മര്‍ദ്ദത്തിന്റെ പുറത്താണെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തലും വന്നതോടെ വിഷയം കൂടുതല്‍ സങ്കീര്‍ണമായിരുന്നു.

മാത്രമല്ല വി.സി പുനര്‍നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന കത്ത് പുറത്തുവന്നിരുന്നു.

അക്കാദമിക് മികവ് നിലനിര്‍ത്താന്‍ ഡോ ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതു സംബന്ധിച്ച് ഗവര്‍ണര്‍ക്കാണ് മന്ത്രി കത്ത് നല്‍കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: The Governor who know about law and politics Dr. Gopinath Ravindran