തെലങ്കാന മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്റെ എം.എല്‍.സി നാമനിര്‍ദ്ദേശം ഗവര്‍ണറുടെ പരിഗണനയില്‍
India
തെലങ്കാന മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്റെ എം.എല്‍.സി നാമനിര്‍ദ്ദേശം ഗവര്‍ണറുടെ പരിഗണനയില്‍
ശ്രീരാഗ് പാറക്കല്‍
Sunday, 19th April 2026, 8:35 am

ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനെ തെലങ്കാന സര്‍ക്കാര്‍ എം.എല്‍.സിയായി (മെമ്പര്‍ ഓഫ് ലജിസ്ലേറ്റീവ് കൗണ്‍സില്‍) നാമനിര്‍ദേശം ചെയ്യുന്നത് ഗവര്‍ണറുടെ പരിഗണനയിലാണെന്ന് റിപ്പോര്‍ട്ട്.

ഗവര്‍ണറുടെ ക്വാട്ട പ്രകാരമാണ് അസ്ഹറുദ്ദീനെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ സംസ്ഥാന മന്ത്രിസഭ ശുപാര്‍ശ ചെയ്തത്. നാമനിര്‍ദേശം ചെയ്യാന്‍ ഗവര്‍ണര്‍ക്ക് ഇനിയും മതിയായ സമയമുണ്ടെന്ന് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

നാമനിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും വേഗത്തിലാക്കുന്നതിനുമായി സര്‍ക്കാര്‍ പുതിയ ഗവര്‍ണര്‍ ശിവ് പ്രതാപ് ശുക്ലയെ കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് 30ന് നല്‍കിയ ശുപാര്‍ശക്ക് മുന്‍ ഗവര്‍ണര്‍ ജിഷ്ണു ദേവ് വര്‍മ അംഗീകാരം നല്‍കിയിരുന്നില്ല.

ഈ വിഷയത്തില്‍ സുപ്രീം കോടതിക്ക് എതിര്‍പ്പില്ലെന്നും സംസ്ഥാന സര്‍ക്കാരിന് ഗവര്‍ണറുടെ അനുമതി തേടാമെന്നും രേവന്ത് റെഡ്ഡി നേരത്തെ പറഞ്ഞിരുന്നു. എന്തെങ്കിലും നിയമപരമായ തടസം ഉണ്ടായാല്‍ സര്‍ക്കാരിന് ഹൈക്കോടതിയെ സമീപിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2025 ഒക്ടോബര്‍ 31ന് ന്യൂനപക്ഷ ക്ഷേമ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അസ്ഹറുദ്ദീന്‍ മന്ത്രിസഭയില്‍ തുടരുന്നതിന് 2026 ഏപ്രില്‍ 30ന് മുമ്പ് നിയമസഭയിലേക്കോ നിയമ നിര്‍മാണ കൗണ്‍സിലിലേക്കോ തെരഞ്ഞെടുക്കപ്പെടാന്‍ ഭരണഘടനാപരമായി അര്‍ഹനാണ്.

Content Highlight: The Governor is reportedly considering nominating former Indian cricketer Mohammad Azharuddin as an MLC by the Telangana government

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ