സൈന്യത്തിന്റേത് അളന്നുകുറിച്ചുള്ള നടപടി, തീവ്രവാദ ആസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത വിധത്തിലുള്ള ഇടപെടലുകള്‍ ഗവണ്‍മെന്റ് ഉറപ്പാക്കണം: സി.പി.ഐ.എം പോളിറ്റ്ബ്യൂറോ
national news
സൈന്യത്തിന്റേത് അളന്നുകുറിച്ചുള്ള നടപടി, തീവ്രവാദ ആസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത വിധത്തിലുള്ള ഇടപെടലുകള്‍ ഗവണ്‍മെന്റ് ഉറപ്പാക്കണം: സി.പി.ഐ.എം പോളിറ്റ്ബ്യൂറോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th May 2025, 1:55 pm

തിരുവനന്തപുരം: ഓപ്പറേഷന്‍ സിന്ദൂറിനെ പിന്തുണച്ച് സി.പി.ഐ.എം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എം.എ ബേബി. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഇന്ത്യന്‍ സൈന്യത്തിന്റെ നടപടിയായ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരവാദികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുവാന്‍ ഗവണ്‍മെന്റ് വിളിച്ച സര്‍വകക്ഷി യോഗത്തില്‍ എല്ലാ പാര്‍ട്ടികളും യോജിച്ച് ഒരു നിലപാട് വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിനനുസരിച്ച് ഇപ്പോള്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് നാമകരണം ചെയ്തിട്ടുള്ള സൈനിക നടപടി ഉണ്ടായിരിക്കുകയാണെന്നും ആ നടപടിക്ക് മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും പോലെ സി.പി.ഐ.എമ്മും പിന്തുണക്കുന്നുവെന്നും എം.എ ബേബി വ്യക്തമാക്കി.

സൈനിക നടപടി സംബന്ധിച്ച് സൈനിക വക്താക്കള്‍ വിശദീകരിച്ചത് വളരെ കൃത്യമായി ലക്ഷ്യസ്ഥാനങ്ങള്‍ നിശ്ചയിച്ച് കൊണ്ട് മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാതെയുള്ള അളന്ന് കുറിച്ചുള്ള സൈനിക നടപടിയുണ്ടായി എന്നാണ്. അത് വളരെ ശ്രദ്ധേയമാണെന്നും അത്തരത്തിലുള്ള നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാവേണ്ടതെന്നും എം.എ ബേബി പറഞ്ഞു.

സര്‍വകക്ഷി യോഗത്തിലെ തീരുമാനപ്രകാരം സര്‍ക്കാരിന്റെ നടപടികളെ സി.പി.ഐ.എം പോളിറ്റ് ബ്യൂറോയിലെ അംഗങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അയല്‍ രാജ്യത്ത് വീണ്ടും തീവ്രവാദി ആസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത വിധത്തിലുള്ള ഇടപെടലുകള്‍ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നുമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ തീവ്രവാദികളെ നിയമനടപടികള്‍ക്ക് വിധേയമാക്കാന്‍ ഇന്ത്യക്ക് കൈമാറണമെന്ന ആവശ്യം രാജ്യം ശക്തമായി പിന്തുടരേണ്ടതുണ്ടെന്നും നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയും ജനങ്ങളുടെ ഐക്യവും കാത്ത് സൂക്ഷിക്കാവുന്ന വിധത്തില്‍ കേന്ദ്രഗവണ്‍മെന്റ് ഈ വിഷയം കൈകാര്യം ചെയ്യണമെന്നും എം.എ ബേബി പറഞ്ഞു.

രാജ്യത്തിന് ആത്മവിശ്വാസം നല്‍കുന്ന രീതിയില്‍ ഭീകരാക്രമണത്തിനെതിരെ ശക്തമായ പ്രതികരണം വേണം എന്നാണ് ഇന്ത്യന്‍ ജനത പൊതുവേ ആഗ്രഹിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പറഞ്ഞു.

പഹല്‍ഗാമിലെ ഭീകരാക്രമണത്തെ ഒറ്റപ്പെട്ട സംഭവമായി കാണാന്‍ സാധിക്കില്ലെന്നും പ്രകോപനത്തിന്റെ ഭാഗമായാണ് ഇന്ത്യയുടെ മണ്ണില്‍ ഭീകരവാദികള്‍ കടന്നാക്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും തീവ്രവാദ പ്രസ്ഥാനങ്ങളൊഴിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആക്രമണത്തെ അപലപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭീകരതയ്‌ക്കെതിരായി എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്നും ലോകരാഷ്ട്രങ്ങളും ഇന്ത്യയ്ക്കനുകൂലമായ നിലപാട് സ്വീകരിക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: The government should ensure that the military’s actions are proportionate and that terrorist headquarters cannot function: CPIM Politburo