കല്‍പ്പറ്റ: വന്യജീവികളെ നേരിടാന്‍ വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വന്യജീവി ആക്രമണം തടയാനായി പരമ്പരാഗതമായി ചെയ്യുന്ന പല പ്രതിരോധ സംവിധാനങ്ങളും കഴിഞ്ഞ മൂന്ന് വര്‍ഷമായി സര്‍ക്കാര്‍ ചെയ്യുന്നില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
ബധലില്ല, കിടങ്ങില്ല, സൗരോര്‍ജ വേലിയില്ല, ഗാര്‍ഡില്ല, ഇങ്ങനെ ഒരു സംവിധാനവും സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും മറ്റ് രാജ്യങ്ങളിലുമെല്ലാം വന്യജീവി ആക്രമണം തടയുന്നതിന് വേണ്ടി അതിര്‍ത്തികളില്‍ ചെയ്യുന്ന ഒരു ആധുനിക സംവിധാനങ്ങളുണ്ടായിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മലയോരത്ത് ജീവിക്കുന്ന മനുഷ്യനെ അതിന്റെ വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.
മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദര്‍ശനി എസ്റ്റേറ്റിന് സമീപത്താണ് കടുവ ആക്രമണം ഉണ്ടായത്. വനംവകുപ്പിലെ താത്കാലിക വാച്ചറുടെ ഭാര്യ രാധയെ കടുവ കടിച്ചുകൊല്ലുകയായിരുന്നു. തോട്ടത്തില്‍ കാപ്പി പറിയ്ക്കാന്‍ പോയപ്പോഴാണ് യുവതിയെ കടുവ ആക്രമിച്ചത്. തണ്ടര്‍ബോള്‍ട്ട് സംഘമാണ് രാധയുടെ മൃതദേഹം ആദ്യം കണ്ടത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.
സംഭവത്തിന് പിന്നാലെ കടുവയെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റേതാണ് നിര്‍ദേശം. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.കടുവയെ നരഭോജി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കൊല്ലുമെന്ന് മന്ത്രി ഒ.ആര്‍. കേളു അറിയിച്ചിരുന്നു. വിദഗ്ധരായ ഷൂട്ടര്‍മാരെയും വെറ്റിനറി ഡോക്ടര്‍മാരെയും സ്ഥലത്തെത്തിക്കുമെന്നും മന്ത്രി അറിയിച്ചു.
മരിച്ച യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 11 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ കൈമാറുമെന്ന് മന്ത്രി ഒ.ആര്‍. കേളു പറഞ്ഞു.
അതേസമയം വന്യജീവികളുടെ ആക്രമണത്തില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി പരതിപക്ഷ നേതാവ് മലയോര സമര യാത്ര നടത്തുമെന്ന് പ്രഖ്യാപിച്ചു. വന്യമൃഗങ്ങളുടെ അക്രമത്തില്‍നിന്ന് മലയോര കര്‍ഷകരേയും ജനങ്ങളേയും രക്ഷിക്കുക, കാര്‍ഷിക മേഖലയിലെ തകര്‍ച്ചക്ക് പരിഹാരമുണ്ടാക്കുക, ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് പ്രതിപക്ഷനേതാവിന്റെ മലയോര യാത്ര. മലയോര സമര യാത്ര ജനുവരി 25 ന് (നാളെ) കരുവഞ്ചാലില്‍(ഇരിക്കൂര്‍) നിന്നും ആരംഭിച്ച് ഫെബ്രുവരി 5 ന് അമ്പൂരിയില്‍ (തിരുവനന്തപുരം) സമാപിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.