റാഞ്ചി: ജാര്‍ഖണ്ഡില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ അഞ്ഞൂറോളം കസ്റ്റഡി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹോം, പ്രിസണ്‍സ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്.
സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം, 2018 മുതല്‍ സംസ്ഥാനത്ത് 437 മരണങ്ങള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലും, 42 മുതല്‍ 45 വരെ മരണങ്ങള്‍ പോലീസ് കസ്റ്റഡിയിലും നടന്നിട്ടുണ്ട്
കസ്റ്റഡി മരണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുംതാസ് അന്‍സാരി സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
അന്വേഷണങ്ങളിലെ വീഴ്ച കസ്റ്റഡിയില്‍ നടന്ന മരണങ്ങളില്‍ പകുതിയോളം കേസുകളില്‍ മാത്രമേ ഇതുവരെ ജുഡീഷ്യല്‍ അന്വേഷണം നടന്നിട്ടുള്ളൂ എന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്.
പോലീസ് കസ്റ്റഡിയില്‍ നടന്ന 42 മരണങ്ങളില്‍ 11 എണ്ണത്തില്‍ അന്വേഷണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കസ്റ്റഡിയില്‍ നടക്കുന്ന മരണങ്ങള്‍ സ്വാഭാവികമല്ലെന്നും അവ ദുരൂഹമാകാന്‍ സാധ്യതയുള്ളതിനാല്‍ നിഷ്പക്ഷവും ഉന്നതതലവുമായ അന്വേഷണം വേണമെന്നും ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ഷദാബ് അന്‍സാരി വാദിച്ചു.
ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഒഴിവാക്കുന്നതിനായി പോലീസ് സ്റ്റേഷനുകളിലും ജയിലുകളിലും ഉത്തരവാദിത്തം നിശ്ചയിക്കണമെന്നും, സുപ്രീം കോടതിയുടെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും (എന്‍.എച്ച്.ആര്‍.സി) മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന മരണങ്ങളില്‍ ഇപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നത് പ്രായോഗികമായേക്കില്ലെന്നാണ് വിഷയത്തില്‍ കോടതിയുടെ നിരീക്ഷണം. ഇതിനെത്തുടര്‍ന്ന് ഇത്തരം കേസുകളില്‍ അന്വേഷണത്തിനായി വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ ഹരജിക്കാരന്റെ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു.