പോര് കടുക്കുന്നു: ഗവര്‍ണറുടെ അറ്റ്‌ഹോം പരിപാടി ബഹിഷ്‌കരിച്ച് സര്‍ക്കാര്‍
Kerala
പോര് കടുക്കുന്നു: ഗവര്‍ണറുടെ അറ്റ്‌ഹോം പരിപാടി ബഹിഷ്‌കരിച്ച് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th August 2025, 7:57 pm

തിരുവനന്തപുരം: ഗവര്‍ണര്‍ – സര്‍ക്കാര്‍ പോരിനിടെ ഗവര്‍ണര്‍  സംഘടിപ്പിക്കുന്ന അറ്റ്‌ഹോം പരിപാടി ബഹിഷ്‌കരിച്ച് സര്‍ക്കാര്‍. പരിപാടിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തില്ല. പ്രതിപക്ഷ നേതാവും പരിപാടിയിൽ പങ്കെടുത്തില്ല. അറ്റ്‌ഹോം പരിപാടിയില്‍ പങ്കെടുത്തത് ചീഫ് സെക്രട്ടറി മാത്രം.

പൗരപ്രമുഖർക്കും വിശിഷ്ടാതിഥികൾക്കുമായാണ് ഗവർണർ വിരുന്ന് സൽക്കാരം നടത്തുന്നത്.  രാജ്ഭവനിലെ വിരുന്ന് സൽക്കാരത്തിന് 15 ലക്ഷം രൂപയുടെ അധിക ഫണ്ട് സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു.

ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായി ഇരിക്കുന്ന സമയത്തും സമാനമായ രീതിയില്‍ അറ്റ്‌ഹോം പരിപാടി സര്‍ക്കാര്‍ ബഹിഷ്‌കരിച്ചിരുന്നു. അതേരീതിയില്‍ തന്നെയാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും വിട്ടുനിന്നത്.

രാജ്ഭവനിൽ അടുത്തിടെ നടന്ന പരിപാടികളിൽ കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം വെച്ച സാഹചര്യത്തിൽ പരിപാടികൾ ബഹിഷ്‌കരിക്കുന്ന തരത്തിലേക്ക് മന്ത്രിമാർ കടന്നിരുന്നു.

ഇതിന് പിന്നാലെ സർവകലാശാല വിഷയങ്ങളിൽ സർക്കാർ-ഗവർണർ പ്രശ്നം രൂക്ഷമായി. താത്കാലിക വി.സി നിയമനവിമായി ബന്ധപ്പെട്ട ​ഗവർണറുടെ നിലപാടിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താത്കാലിക വി.സി നിമയനത്തിലാണ് സർക്കാർ കോടതിയെ സമീപിച്ചത്. വിഷയത്തിൽ മന്ത്രിമാരായ ആർ. ബിന്ദുവും പി. രാജീവും രാജ്ഭവനിലെത്തി ചർച്ച നടത്തിയിരുന്നു. സര്‍ക്കാര്‍ അയച്ച ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിടാതെ പിടിച്ച് വെച്ചിരുക്കുകയായിരുന്നു.

ഓ​ഗസ്റ്റ് 14ന് വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന നിർദേശത്തെ ചൊല്ലി സർക്കാർ-ഗവർണർ പോര് വീണ്ടും മുറികിയിരുന്നു. കേരളത്തിന്റെ പ്രതിക്ഷേധം മുഖ്യമന്ത്രി ​ഗവർണറെ അറിയിക്കണമെന്ന് പ്രതിപക്ഷ നേതാവും പറഞ്ഞിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് ചേര്‍ന്ന അറ്റ്‌ഹോം പരിപാടിയില്‍ നിന്ന് സര്‍ക്കാര്‍ വിട്ടുനിന്നത്.

Content Highlight: The government boycotts the governor’s at-home program