അണ്ടര്‍ 19 ലോകകപ്പിനുള്ള ടീമിനെ കഴിഞ്ഞ ദിവസം ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ആയുഷ് മാഹ്‌ത്രെയാണ് ഇത്തവണ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍. വൈഭവ് സൂര്യവംശി, വിഹാന്‍ മല്‍ഹോത്ര, ആരോണ്‍ ജോര്‍ജ് എന്നിവരടങ്ങുന്ന വമ്പന്‍ താരനിര തന്നെ താരത്തിന് കീഴില്‍ അണിനിരക്കുന്നുണ്ട്.
വെടിക്കെട്ട് വീരന്മാരുമായി ഇറങ്ങുമ്പോള്‍ മറ്റൊരു കിരീടം തന്നെയാവും ഇന്ത്യന്‍ സംഘത്തിന്റെ ലക്ഷ്യം. 16 ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റില്‍ മാഹ്‌ത്രെയുടെ കീഴില്‍ യുവ ഇന്ത്യ കഴിഞ്ഞ തവണ ഫൈനലില്‍ നഷ്ടമായ കിരീടം ഷെല്‍ഫിലെത്തിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അങ്ങനെ കലാശപ്പോരില്‍ ജേതാക്കളാവാന്‍ സാധിച്ചാല്‍ ആറാം തവണയായിരിക്കും ഇന്ത്യ കിരീടമുയര്‍ത്തുക.
അണ്ടർ 19 ലോകകപ്പുമായി മുഹമ്മദ് കൈഫ് .Photo: Wikipedia/x.com
2000ലാണ് യുവ ഇന്ത്യ ആദ്യ ലോകകിരീടം സ്വന്തമാക്കിയത്. അന്ന് ക്യാപ്റ്റന്‍ മുഹമ്മദ് കൈഫായിരുന്നു. ശ്രീലങ്കന്‍ ടീമിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചായിരുന്നു അന്ന് കന്നി കിരീടത്തില്‍ മുത്തമിട്ടത്. പിന്നീട് എട്ട് വര്‍ഷത്തിന് ശേഷമാണ് മറ്റൊരു ലോകകപ്പില്‍ മെന്‍ ഇന്‍ ബ്ലൂ ജേതാക്കളായത്. അന്നാകട്ടെ ഇന്ത്യന്‍ സംഘത്തിനെ ഈ നേട്ടത്തിലേക്ക് എത്തിച്ചത് സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുമാണ്. 2008ല്‍ കലാശപ്പോരിലെ എതിരാളികള്‍ സൗത്ത് ആഫ്രിക്കയായിരുന്നു.
അതിന് ശേഷം 2012, 2018, 2022 എന്നീ വര്‍ഷങ്ങളില്‍ ഇന്ത്യ തങ്ങളുടെ നേട്ടം ആവര്‍ത്തിച്ചു. ഉന്മുക്ത് ചന്ദ്, പൃഥ്വി ഷാ, യാഷ് ഡുള്‍ എന്നിവരായിരുന്നു ഈ വര്‍ഷങ്ങളില്‍ ടീമിന്റെ നായകന്മാര്‍. 2012ലും 2018ലും ഓസ്ട്രേലിയയാണ് എതിരാളികളെങ്കില്‍ 2022ല്‍ കലാശപ്പോരില്‍ ഇംഗ്ലണ്ടും ഇന്ത്യയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞു.
അവസാനം ലോകകപ്പ് നടന്ന 2024ല്‍ ഇന്ത്യ ഈ നേട്ടം വീണ്ടും ആവര്‍ത്തിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഉദയ് സഹാറന് കീഴില്‍ ഇറങ്ങിയ ഇന്ത്യന്‍ സംഘത്തിന് ഫൈനലില്‍ മുട്ടുമടക്കേണ്ടി വന്നു. മറുവശമുണ്ടായിരുന്ന ഓസ്ട്രേലിയന്‍ യുവനിര 79 റണ്‍സിന്റെ വിജയവുമായി കിരീടം ഉയര്‍ത്തി.
2022 അണ്ടർ 19 ലോകകപ്പുമായി ഇന്ത്യൻ ടീം Photo: ICC/x.com
അന്ന് അവസാന നിമിഷം കൈവിട്ട കിരീടം സ്വന്തമാക്കാനാണ് ഇത്തവണ ഇന്ത്യ കച്ചമുറുക്കുന്നത്. കൈഫും കോഹ്‌ലിയും പൃഥ്വിയും നേടിയത് മാഹ്‌ത്രെയും കൈവരിക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.
2026 ജനുവരി 15നാണ് 16ാം ലോകകപ്പിന് അരങ്ങുണരുക. സിംബാബ്വെയും നമീബിയയുമാണ് ടൂര്‍ണമെന്റില്‍ ആതിഥേയത്വം വഹിക്കുന്നത്. ഫെബ്രുവരി ആറിനാണ് ടൂര്‍ണമെന്റിന്റെ കലാശപ്പോര്.
ടൂര്‍ണമെന്റില്‍ നാല് ഗ്രൂപ്പുകളിക്കായി 16 ടീമുകളാണ് പരസ്പരം പോരടിക്കുക. ഗ്രൂപ്പ് ബിയിലാണ് ടൂര്‍ണമെന്റില്‍ ഇന്ത്യ ഇടം പിടിച്ചിട്ടുള്ളത്. ന്യൂസിലാന്‍ഡ്, യു.എസ്.എ, ബംഗ്ലാദേശ് എന്നിവരാണ് ഇന്ത്യയുടെ ഒപ്പം ഈ ഗ്രൂപ്പിലുള്ളത്.