ന്യൂയോർക്ക്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കിയ യു.എസ് നടപടി രാജ്യങ്ങളുടെ അടിസ്ഥാന സംരക്ഷണത്തെ ദുർബലപ്പെടുത്തിയെന്ന് യു.എൻ.
വെനസ്വേലയിലെ ജനങ്ങളെ കേൾക്കണമെന്നും ഇത്തരം നടപടികൾ ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ സുരക്ഷയെ ബാധിക്കുന്നുവെന്നും യു.എൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് പറഞ്ഞു.
വെനസ്വേലയുടെ പരമാധികാരത്തിനും യു.എൻ ചാർട്ടറിനും വിരുദ്ധമായ ഈ സൈനിക ഇടപെടൽ മനുഷ്യാവകാശങ്ങളുടെ വിജയമല്ലെന്നും അത് അന്താരാഷ്ട്ര സുരക്ഷയുടെ ഘടനയെ തകർക്കുകയാണെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി.
‘ഒരു രാജ്യത്തിന്റെ പ്രാദേശിക സമഗ്രതയ്‌ക്കോ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനോ എതിരായി രാജ്യങ്ങളെ ഭീഷണിപ്പെടുത്തുകയോ ബലപ്രയോഗം നടത്തുകയോ ചെയ്യുന്നത് യു.എൻ ചാർട്ടറിന്റെ ലംഘനാമാണ്,’ ഹൈക്കമ്മീഷണറുടെ വക്താവ് രവീന ഷംദാസാനി പറഞ്ഞു.
വളരെക്കാലമായി വെനസ്വേലൻ ജനതയുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
മനുഷ്യാവകാശങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങളോടുള്ള പൂർണ ബഹുമാനം ഉറപ്പാക്കാൻ യുഎസിനോടും വെനസ്വേലൻ അധികാരികളോടും അന്താരാഷ്ട്ര സമൂഹത്തോടും യു.എൻ ആവശ്യപ്പെട്ടു.
വെനസ്വേലയുടെ ഭാവി വെനസ്വേലൻ ജനത മാത്രം നിർണയിക്കണം. സ്വയം നിർണയത്തിനുള്ള അവകാശം ഉൾപ്പെടെയുള്ള അവരുടെ മനുഷ്യാവകാശങ്ങളോടും അവരുടെ ജീവിതത്തിനും വിഭവങ്ങൾക്കും മേലുള്ള പരമാധികാരത്തോടും അന്താരാഷ്ട്ര സമൂഹം പൂർണ ബഹുമാനം കാണിക്കണമെന്നും യു.എൻ വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കാരാക്കാസിൽ യു.എസ് ആക്രമണം നടത്തിയത്. വിവിധ സംസ്ഥാനങ്ങളിലെ സൈനിക ജനവാസ കേന്ദ്രങ്ങൾക്ക് നേരെയാണ് യു.എസ് ആക്രമണം നടത്തിയത്.