സൗത്ത് ആഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള നാലാം ടി-20 മത്സരം ഉപേക്ഷിച്ചു. ഉത്തര്‍ പ്രദേശിലെ എകാനാ ക്രിക്കറ്റ് സ്റ്റേഡിയം ബി ഗ്രൗണ്ടില്‍ നടക്കേണ്ട മത്സരം കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്നാണ് ഉപേക്ഷിച്ചത്. ഏഴ് മണിക്ക് തുടങ്ങേണ്ടിയിരുന്ന മത്സരം മൂടല്‍ മഞ്ഞ് കാരണം നീട്ടി വെക്കുകയായിരുന്നു.
ടോസിടാന്‍ പോലും സാധിക്കാതെയാണ് മത്സരം ഒഴിവാക്കിയത്. ഇതോടെ പരമ്പരയില്‍ 2-1ന് ഇന്ത്യയാണ് മുന്നിലുള്ളത്. പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ പ്രോട്ടിയാസിന് അടുത്ത മത്സരം ഏറെ നിര്‍ണായകമാണ്.
എന്ത് വില കൊടുത്തും പ്രോട്ടിയാസ് പരമ്പര സമനിലയിലെത്തിക്കാന്‍ പരിശ്രമിക്കും. അതേസമയം പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയ്ക്കും അവസാന മത്സരത്തില്‍ വിജയം അനിവാര്യമാണ്. ഡിസംബര്‍ 19നാണ് സൗത്ത് ആഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള അവസാന ടി-20 മത്സരം അരങ്ങേറുന്നത്. അഹമ്മദാബാദാണ് വേദി.