ദിലീപിന് പിറകില്‍ പള്‍സര്‍ സുനി നില്‍ക്കുന്നത് ഫോട്ടോ ഷോപ്പ്, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ അത് സമ്മതിച്ചു: ആര്‍. ശ്രീലേഖ
Kerala News
ദിലീപിന് പിറകില്‍ പള്‍സര്‍ സുനി നില്‍ക്കുന്നത് ഫോട്ടോ ഷോപ്പ്, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ അത് സമ്മതിച്ചു: ആര്‍. ശ്രീലേഖ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th July 2022, 11:36 pm

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഉണ്ടാക്കിയത് വ്യാജ തെളിവാണെന്ന് മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ ഐ.പി.എസ്. ദിലീപിനെ തുടക്കം മുതല്‍ സംശയിച്ചത് മാധ്യമങ്ങളാണെന്നും പൊലീസിന് മേല്‍ മാധ്യമങ്ങളുടെ വലിയ സമ്മര്‍ദം ഉണ്ടായിരുന്നുവെന്നും ശ്രീലേഖ പറയുന്നു.

ദിലീപ് മറ്റൊരാളുടെ ഒപ്പം നില്‍ക്കുന്ന ഫോട്ടോയുടെ പിറകില്‍ പള്‍സര്‍ സുനി നില്‍ക്കുന്നത് ഫോട്ടോഷോപ്പാണെന്നും ഒരു ഉദ്യോഗസ്ഥന്‍ തന്നെ അത് സമ്മതിച്ചതാണെന്നും ശ്രീലേഖ പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖ ദിലീപ് കേസിനെ പറ്റി പറയുന്നത്.

‘ജയിലില്‍ നിന്നും കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് എഴുതിയത് സുനി അല്ല. സഹ തടവുകാരന്‍ വിപിനാണ് കത്തെഴുതിയത്. ഇയാള്‍ ജയിലില്‍ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പൊലീസുകാര്‍ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

സാക്ഷികള്‍ കൂറുമാറാന്‍ കാരണം പൊലീസ് അന്വേഷണം ശരിയായി നടത്താത്തതിനാലാണ്. പള്‍സര്‍ സുനി മുമ്പും നടിമാരെ ആക്രമിച്ച കാര്യം തനിക്കറിയാമെന്നും പലരും പണം കൊടുത്ത് രക്ഷപ്പെടുകയായിരുന്നു. ജയിലില്‍ സുനിക്ക് ഉപയോഗിക്കാനുള്ള ഫോണ്‍ എത്തിച്ചതും പൊലീസുകാരാണ്. ദിലീപും സുനിയും കണ്ടതിന് തെളിവുകളില്ല. ഒരേ ടവര്‍ ലൊക്കേഷന്‍ എന്നതും തെളിവായി കാണാന്‍ ആകില്ല. ദിലീപിനെ തുടക്കം മുതല്‍ സംശയിച്ചത് മാധ്യമങ്ങളാണ്. പൊലീസിന് മേല്‍ മാധ്യമങ്ങളുടെ വലിയ സമ്മര്‍ദം ഉണ്ടായിരുന്നു.

ദിലീപിനെതിരായ തെളിവായി എനിക്ക് കാണിച്ച് തന്നത് ദിലീപിനൊപ്പം ഷൂട്ടിങ് ലൊക്കേഷനില്‍ പള്‍സര്‍ സുനി നില്‍ക്കുന്ന ചിത്രമാണ്. ദിലീപും വേറൊരാളും നില്‍ക്കുമ്പോള്‍ പിറകില്‍ പള്‍സര്‍ സുനി നില്‍ക്കുന്നതായിരുന്നു ചിത്രം. അന്നത് വ്യാപകമായി പ്രചരിച്ചിരുന്നു. ആ ചിത്രമാണ് പൊലീസുകാരന്‍ തന്നെ കാണിച്ചത്. ഇത് കണ്ടാല്‍ തന്നെ ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് അറിയില്ലേയെന്ന് ഞാന്‍ വെറുതേ പറഞ്ഞു. അപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു, ”ശരിയാണ് ശ്രീലേഖ പറഞ്ഞത് അത് ഫോട്ടോഷോപ്പ് തന്നെയാണെന്ന്” ഉദ്യോഗസ്ഥന്‍ സമ്മതിച്ചു. അത്തരമൊരു തെളിവ് വേണ്ടതിനാല്‍ ചിത്രം ഫോട്ടോഷോപ്പ്ഡ് ആണെന്നും അദ്ദേഹം അംഗീകരിച്ചു. അതെനിക്ക് വളരെ ഷോക്കായിരുന്നു,’ ശ്രീലേഖ പറയുന്നു.

താന്‍ പറയുന്നത് വിശ്വസിക്കേണ്ടവര്‍ വിശ്വസിച്ചാല്‍ മതിയെന്നും ദിലീപിനെ ശിക്ഷിക്കാന്‍ ഒരു തെളിവും ഇല്ലാതിരിക്കെ ആണ് ഗൂഢാലോചന എന്ന പേരില്‍ പുതിയ കേസ് ഉയര്‍ന്നു വന്നതെന്നും ശ്രീലേഖ പറയുന്നു. അന്ന് മാധ്യമ സമ്മര്‍ദത്തില്‍ അറസ്റ്റ് ഉണ്ടായി ഇന്നിപ്പോള്‍ തെളിവ് ഇല്ല എന്ന് പറഞ്ഞാല്‍ വിശ്വാസ്യത കൂടുമെന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

Content Highlight: The former DGP . Srilekha IPS said that the evidence against Dileep in the actress attack case was false