വലിയ പെരുന്നാളിന് ശേഷം തകര്‍പ്പന്‍ ഡാന്‍സുമായി ഷെയ്ന്‍ നിഗം; ഉല്ലാസത്തിലെ ആദ്യ ഗാനം
Film News
വലിയ പെരുന്നാളിന് ശേഷം തകര്‍പ്പന്‍ ഡാന്‍സുമായി ഷെയ്ന്‍ നിഗം; ഉല്ലാസത്തിലെ ആദ്യ ഗാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 11th June 2022, 6:39 pm

ഷെയ്ന്‍ നിഗം നായകനാവുന്ന പുതിയ ചിത്രം ഉല്ലാസത്തിലെ ആദ്യ ഗാനം പുറത്ത്. സത്യം വീഡിയോസ് ചാനലിലൂടെയാണ് പെണ്ണേ പെണ്ണേ എന്ന പാട്ട് റിലീസ് ചെയ്തത്. തകര്‍പ്പന്‍ ഡാന്‍സ് മൂവ്‌മെന്റുമായിട്ടാണ് ഷെയ്ന്‍ പാട്ടിലെത്തിയിരിക്കുന്നത്.

ചെമ്പകരാജും ഷാന്‍ റഹ്മാനും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. ഹരിനാരായണന്‍ ബി.കെയുടെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയത്.

നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ട്രെയ്‌ലറും ടീസറുമെല്ലാം ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിയാണ് ഫേസ്ബുക്ക് പേജിലൂടെ ട്രെയ്‌ലര്‍ പുറത്ത് വിട്ടത്. നവാഗതനായ ജീവന്‍ ജോജോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രവീണ്‍ ബാലകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നത്. കൈതമറ്റം ബ്രദേഴ്‌സിന്റെ ബാനറില്‍ ജോയി കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഷെയ്ന്‍ നിഗത്തെ കൂടാതെ അജു വര്‍ഗീസ്, ദീപക് പറമ്പോള്‍, രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്ട് അപരിചതര്‍ തമ്മില്‍ ഉണ്ടാകുന്ന പ്രണയത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിന്റേതായി നേരത്തെ പുറത്ത് ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

ഗോപി സുന്ദറാണ് ചിത്രത്തിലെ ബി.ജി.എം ചിട്ടപ്പെടുത്തിയിരിക്കുന്നത്. കലാ സംഘം സിനിമാസ് ആണ് ചിത്രത്തിന്റെ വിതരണം. ഷെയ്ന്‍ നിഗം നായകനായി ഏറ്റവും ഒടുവില്‍ തീയറ്ററില്‍ റീലീസ് ചെയ്ത ചിത്രം വെയിലാണ്.

Content Highlight: The first song of the new movie ullasam starring Shane Nigam has been released