അര്‍ജുന്‍ ദാസും അന്ന ബെന്നും ആദ്യമായി ഒന്നിക്കുന്നു; 'കോണ്‍സിറ്റി'യുടെ പോസ്റ്റര്‍ പങ്കുവെച്ച്  ലോകേഷ് കനകരാജ്
Indian Cinema
അര്‍ജുന്‍ ദാസും അന്ന ബെന്നും ആദ്യമായി ഒന്നിക്കുന്നു; 'കോണ്‍സിറ്റി'യുടെ പോസ്റ്റര്‍ പങ്കുവെച്ച്  ലോകേഷ് കനകരാജ്
ഐറിന്‍ മരിയ ആന്റണി
Tuesday, 20th January 2026, 11:24 am

നവാഗതനായ ഹരീഷ് ദുരൈരാജിന്റെ സംവിധാനത്തില്‍ അര്‍ജുന്‍ ദാസും അന്ന ബെന്നും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. കോണ്‍സിറ്റി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫ്സ്റ്റ് ലുക്ക് പോസ്റ്റര്‍ സംവിധായകന്‍ ലോകേഷ് കനകരാജാണ് പുറത്ത് വിട്ടത്.

കോണ്‍സിറ്റി സിനിമയ്ക്കും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും എല്ലാവിധ ആശംസകളും എന്നറിയിച്ചുകൊണ്ടാണ് ലോകേഷ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചത്. ഒരു ഫാമിലി എന്റര്‍ടെയ്നറായാണ് കോണ്‍സിറ്റി ഒരുങ്ങുന്നതെന്നാണ് പോസ്റ്റര്‍ സൂചന നല്‍കുന്നത്.

വ്യത്യസ്തമായ കഥാപശ്ചാത്തലവും സന്ദര്‍ഭവും കൊണ്ട് കോണ്‍ സിറ്റി എല്ലാ വിഭാഗം പ്രേക്ഷകരെയും ആകര്‍ഷിക്കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. മലയാളി താരം അന്ന ബെന്നും അര്‍ജുന്‍ ദാസും ഒന്നിക്കുന്ന ആദ്യം ചിത്രം കൂടിയാണ് കോണ്‍സിറ്റി. സിനിമയില്‍ യോഗി ബാബു, വടിവുക്കരശി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

മംഗളൂരു, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഇതുവരെ 80 ശതമാനത്തോളം ഷൂട്ടിങ് പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ട്. പവര്‍ ഹൗസ് പിക്‌ചേഴ്‌സിന്റെ ആദ്യ പ്രൊഡക്ഷനായെത്തുന്ന ചിത്രം എം.ആന്‍ഡ്.എം മൂവി മേക്കേഴ്സ്, ക്ലൗട്ട് സ്റ്റുഡിയോസ് എന്നിവയുമായി സഹകരിച്ചാണ് നിര്‍മിക്കുന്നത്. സിനമയുടെ റിലീസ് തീയതി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.

കുംകി 2 ആണ് അര്‍ജുന്‍ ദാസിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അതേസമയം ഏറെ നിരൂപക പ്രശംസ നേടിയ കൊട്ടുക്കാളി എന്ന ചിത്രത്തിലാണ് അന്ന ബെന്‍ അവസാനമായി അഭിനയിച്ചത്. ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയാണ് അന്ന ഭാഗമായ അവസാന മലയാള ചിത്രം.

കോണ്‍സിറ്റിയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അരവിന്ദ് വിശ്വനാഥനാണ്. അരുള്‍മോസസ് എ എഡിറ്റിങ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ കലാസംവിധാനം രാജ് കമലാണ് നിര്‍വഹിക്കുന്നത്.

Content Highlight: The first look poster of the film  Concity Arjun Das and Anna Ben in lead roles is out

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.