നീനയെയും സാറയെയും തിരുത്തുന്ന, ആണാകാന്‍ നില്‍ക്കാത്ത അച്ചു | Filmy vibes
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘പെണ്ണാണെങ്കിലും അവള്‍ക്ക് ആണിന്റെ തന്റേടമാണെന്ന’ വിശേഷണമാണ് പൊതുവെ മലയാള സിനിമയില്‍ ബോള്‍ഡായ സ്ത്രീകഥാപാത്രങ്ങള്‍ക്ക് നല്‍കാറുള്ളത്. ബൈക്ക് ഓടിക്കുന്ന, പുക വലിക്കുന്ന, മദ്യപിക്കുന്ന, രാത്രി യാത്ര ചെയ്യുന്ന, ധൈര്യമുള്ള, ആണ്‍ സുഹൃത്തുക്കളുള്ള നായികമാരെല്ലം മലയാള സിനിമയില്‍ ആണ്‍കുട്ടികളാണ്. അത്തരം കഥാപാത്രങ്ങളെല്ലാം പതിവായി പിന്തുടരുന്ന ചില ശൈലികളുമുണ്ട്. മുടി ബോബ് ചെയ്യുന്നതും സ്ത്രീകളെ പുച്ഛിക്കുന്ന ഡയലോഗുകളടിക്കുന്ന സീനുകളും അത്തരം നിര്‍ബന്ധങ്ങള്‍ക്ക് ഉദാഹരണമാണ്.

ലാല്‍ജോസ് സംവിധാനം ചെയ്ത നീന എന്ന സിനിമ സ്ത്രീകളുടെ ബോള്‍ഡ്‌നെസിനെ ആണത്തമായി അവതരിപ്പിക്കുന്നുണ്ട്. പുരുഷന്മാര്‍ക്ക് മാത്രമാണ് ധൈര്യമുള്ളതെന്നും അവര്‍ മാത്രമേ ബൈക്കോടിക്കുകയും പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുകയുള്ളൂ എന്നുമുള്ള തെറ്റിദ്ധാരണ കൂടെ ഇതിനു ആക്കം കൂട്ടുന്നുണ്ട്. നീനയില്‍ ദീപ്തി സതി ചെയ്ത നീനയുടെ ബോള്‍ഡന്‍സിനെ ആണെന്ന വിശേഷണം നല്‍കിയാണ് പ്രോത്സാഹിപ്പിക്കുന്നത്.

നീനയിലെ അപാകതകളെല്ലാം തന്നെ ഈ അടുത്ത് തിയേറ്ററുകളിലെത്തിയ മൈക്കും പിന്തുടരുന്നുണ്ട്. നായികയുടെ ബോബ് ചെയ്ത മുടി, സ്ത്രീകളോടുള്ള പുച്ഛം എന്നിവയെല്ലാം ഈ ചിത്രത്തിലും ആവര്‍ത്തിക്കപ്പെടുന്നുണ്ട്.

മൈക്കിലെ അനശ്വര ചെയ്ത സാറ എന്ന കഥാപാത്രത്തിന് വണ്ടി ഓടിക്കണം, സിഗരറ്റ് വലിക്കണം, കുടിക്കണം, ആരെയും പേടിക്കാതെ ഇറങ്ങിനടക്കണം. ഇതിനെല്ലാം കൂടെ അവള്‍ കണ്ടെത്തുന്ന വഴി ആണാവുക എന്നതാണ്. പെണ്ണായാല്‍ ഇതൊന്നും ചെയ്യാന്‍ പറ്റില്ലെന്ന മണ്ടന്‍ ന്യായീകരണങ്ങളാണ് പുരുഷനാവാനായി അവള്‍ നിരത്തുന്നത്.

ഇതൊക്കെ ചെയ്യാന്‍ ആണാവണമെന്നില്ല എന്നതിന്റെ നേര്‍കാഴ്ചയാണ് ജിയോ ബേബി ഡയറക്ട് ചെയ്ത് ഇപ്പോള്‍ പുറത്തിറങ്ങിയ ശ്രീധന്യ കാറ്ററിങ് സര്‍വീസ് എന്ന സിനിമയിലെ അച്ചു.

ബൈക്കോടിക്കുന്ന, രാത്രി ഒറ്റക്ക് സഞ്ചരിക്കുന്ന, ബോയ് ഫ്രണ്ട്‌സുള്ള പെണ്‍കുട്ടികളെ ആണുങ്ങളായി ചിത്രീകരിക്കുന്ന പതിവ് ശ്രീധന്യ കാറ്ററിങ് സര്‍വീസില്‍ തെറ്റിച്ചിരിക്കുകയാണ്. ഇതിലെ അച്ചു ബൈക്കോടിക്കും, രാത്രി ഒന്നും കൂസാതെ ഇറങ്ങി നടക്കും, ആണ്‍ സുഹൃത്തുക്കളെ കാണാന്‍ ഒറ്റക്ക് പോവും. പക്ഷെ ഒരിടത്തു പോലും ‘അവള്‍ പെണ്ണാണെങ്കിലും ആണിന്റെ തന്റേടമാണെന്ന’ വര്‍ത്താനം വരുന്നില്ല. ആണുങ്ങളുമായി അവളെ ഉപമിക്കുന്നുമില്ല.

അച്ചുവിന്റെ തന്റേടം കാണിക്കാന്‍ അവളുടെ മുടി ബോബ് ചെയ്യാതിരുന്നത് ജിയോ ബേബിയുടെ മികച്ച തീരുമാനമാണ്. തന്റേടമുള്ള സ്ത്രീകളെ പുരുഷന്മാരാക്കുന്ന പതിവ് രീതിയില്‍ നിന്നും വ്യതിചലിക്കുകയാണ് ശ്രീധന്യ കാറ്ററിങ് സര്‍വീസ്. ബോള്‍ഡായ സ്ത്രീയെ ആണാക്കാത്തതിന് ജിയോ ബേബിക്ക് നന്ദി.

Content Highlight: The female characters in the movies Mike, Neena and Sreedhanya Catering Service