കണ്ണൂര്‍: പാനൂര്‍ നഗരസഭയിലെ പാലത്തായി വാര്‍ഡിലെ എല്‍.ഡി.എഫ് വിജയത്തില്‍ പങ്കുചേര്‍ന്ന് പാലത്തായി പെണ്‍കുട്ടിയുടെ കുടുംബം. കാലങ്ങളായി യു.ഡി.എഫ് കയ്യടക്കിവെച്ച വാര്‍ഡാണിത്. പാലത്തായി പെണ്‍കുട്ടിയുടെ വീട് ഉള്‍ക്കൊള്ളുന്ന വാര്‍ഡില്‍ മികച്ച വിജയമാണ് ഇടതുപക്ഷം സ്വന്തമാക്കിയത്.
117 വോട്ടിന്റെ ഭൂരിപക്ഷത്തോടെ സി.പി.ഐ.എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം എം.പി. ബൈജുവാണ് എല്‍.ഡി.എഫിനായി വാര്‍ഡ് പിടിച്ചെടുത്തത്. പാലത്തായി പീഡനത്തെ മുന്‍നിര്‍ത്തി വലിയ തോതിലുള്ള പ്രചാരണം ഇടതുപക്ഷത്തിനെതിരെ നടന്നിരുന്നു.
ഈ വാര്‍ഡില്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 47 ശതമാനത്തോളം സ്വന്തമാക്കിയാണ് ബൈജു വിജയം സ്വന്തമാക്കിയത്. 515 വോട്ടുകളാണ് ബൈജുവിന് നേടാന്‍ സാദിച്ചത്. കോണ്‍ഗ്രസിലെ ടി.കെ. അശോകന്‍ മാസ്റ്റര്‍ 396 വോട്ടുമായി രണ്ടാം സ്ഥാനത്തെത്തി.
സ്വതന്ത്രമായി മത്സരിച്ച മഹമ്മൂദ് മഞ്ചാന്‍ 119 വോട്ടുകള്‍ നേടിയപ്പോള്‍ വെറും 72 വോട്ടുകളിലൊതുങ്ങി ബി.ജെ.പി സ്ഥാനാര്‍ത്ഥി നാലാം സ്ഥാനത്തേക്ക് വീണു.
ഈ വിജയം നുണപ്രചരണങ്ങള്‍ക്കുള്ള മറുപടിയാണെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. ഹരീന്ദ്രന്‍ പ്രതികരിച്ചു.
‘ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്ന നിലയിലും, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ എന്ന നിലയിലും സ. ബൈജു അതിന്റെയെല്ലാം മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു. മുസ്‌ലിം ലീഗുകാരടക്കമുള്ള യു.ഡി.എഫുകാരും മറ്റുള്ളവരും കൂട്ടത്തോടെ വോട്ട് ചെയ്ത് ബൈജുവിനെ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുകയായിരുന്നു,’ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ഹരീന്ദ്രന്‍ പറഞ്ഞു.
ഇരയാക്കപ്പെട്ട കുട്ടിയുടെ കുടുംബത്തിനും, പ്രദേശവാസികള്‍ക്കും അറിയാവുന്ന ഒരു സത്യത്തെ വളച്ചൊടിച്ച് സംസ്ഥാന വ്യാപകമായി സി.പി.ഐഎം വിരുദ്ധ പ്രചാരണമാക്കി മാറ്റിയപ്പോള്‍ അത് വിശ്വസിച്ചു പോയ ലക്ഷക്കണക്കിന് ആളുകള്‍ പാലത്തായിക്കാരുടെ ഈ ജനവിധിയിലൂടെയെങ്കിലും സത്യം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, 23 സീറ്റുകളുമായി യു.ഡി.എഫ് പാനൂര്‍ നഗരസഭാ ഭരണം പിടിച്ചു. എല്‍.ഡിഎഫ്. 15 സീറ്റ് നേടിയപ്പോള്‍ എന്‍.ഡി.എ മൂന്ന് സീറ്റും സ്വന്തമാക്കി.
നിലവില്‍ പാലത്തായി പോക്‌സോ കേസില്‍ പ്രതി പത്മരാജന്‍ ജയിലില്‍ തുടരുകയാണ്. നംവബര്‍ 15ന് തലശ്ശേരി അതിവേഗ പോക്‌സോ കോടതി ബി.ജെ.പി നേതാവായ പത്മരാജന് മരണം വരെ ജീവപര്യന്തം ശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. രണ്ട് പോക്‌സോ കേസുകളിലായി 20 വര്‍ഷം വീതമാണ് പത്മരാജന് ശിക്ഷ വിധിച്ചിരുന്നത്.
പത്തുവയസുകാരിയായ വിദ്യാര്‍ത്ഥിനിയെ അധ്യാപകനായ പത്മരാജന്‍ പീഡനത്തിനിരയാക്കി എന്നാണ് കേസ്. 2020 ഫെബ്രുവരിയിലാണ് പത്മരാജനെതിരെ പരാതി ഉയര്‍ന്നത്. പീഡനത്തെ കുറിച്ച് വിദ്യാര്‍ത്ഥിനി തന്നെയാണ് ചൈല്‍ഡ്‌ലൈനിനോട് വെളിപ്പെടുത്തിയത്.
കേസില്‍ ശിക്ഷപ്പെട്ടതിന് പിന്നാലെ ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു.
Content Highlight: The family of the Palathayi girl participated in the LDF victory in the Palathayi ward of Panur Municipality.