ജെറുസലേം: അധിനിവേശ വെസ്റ്റ് ബാങ്കിലെ സിന്‍ജിലില്‍ ഇസ്രഈലി കുടിയേറ്റക്കാര്‍ കൊലപ്പെടുത്തിയ അമേരിക്കന്‍ പൗരന്റെ മരണത്തില്‍ ഉടനടി അന്വേഷണം വേണമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനോട് ആവശ്യപ്പെട്ട് കുടുംബം. റാമല്ലയുടെ വടക്കുള്ള സിന്‍ജില്‍ പട്ടണത്തില്‍ വെച്ച് സെയ്ഫ് അല്‍-ദിന്‍ കമല്‍ അബ്ദുള്‍ കരീം മുസല്ലത്ത് (23) എന്ന ഫലസ്തീന്‍-അമേരിക്കന്‍ യുവാവിനെ കുടിയേറ്റക്കാര്‍ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മാസം ബന്ധുക്കളെ കാണാന്‍വേണ്ടി വെസ്റ്റ് ബാങ്കില്‍ എത്തിയതായിരുന്നു മുസല്ലത്ത്.
യുവാവിനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാന്‍ ആക്രമികള്‍ തടഞ്ഞെന്നും പ്രാഥമിക ശുശ്രുഷകള്‍ പോലും നല്‍കാന്‍ സമ്മതിച്ചില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ഹോസ്പിറ്റലില്‍ എത്തുന്നതിന് മുമ്പ് മുസ്ലത്ത് മരണപ്പെടുകയായിരുന്നു.
അധിനിവേശ വെസ്റ്റ് ബാങ്കിലെ പുതിയ നിയമവിരുദ്ധ ഔട്ട്പോസ്റ്റിനെതിരെ പ്രകടനം നടത്തിയവര്‍ക്കെതിരെ ഇസ്രഈല്‍ കുടിയേറ്റക്കാര്‍ നടത്തിയ ആക്രമണത്തിലാണ് മുസല്ലത്ത് കൊല്ലപ്പെട്ടത്.സംഭവസ്ഥലത്ത് ഉണ്ടായിരുന്നിട്ടും ഇസ്രഈല്‍ സൈന്യം നടപടിയെടുത്തില്ലെന്ന വിമര്‍ശനം ഉയരുന്നുണ്ട്.
ഇസ്രഈല്‍-ഫലസ്തീന്‍ കരാറുകള്‍ പ്രകാരം കുടിയേറ്റ നിര്‍മാണം നിരോധിച്ചിരിക്കുന്ന ഏരിയ ബി എന്നറിയപ്പെടുന്ന സ്ഥലത്താണ് പ്രസ്തുത ഔട്ട്പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. ഇതിനെതിരെ പ്രതിഷേധം നടത്തിയവര്‍ക്ക് നേരെ ഇസ്രഈല്‍ കുടിയേറ്റക്കാര്‍ ക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
മുസല്ലത്തിനൊപ്പം മറ്റൊരു ഫലസ്തീന്‍ യുവാവും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തില്‍ കുറഞ്ഞത് 10 പേര്‍ക്ക് പരിക്കേറ്റു. കുടിയേറ്റക്കാര്‍ ഒരു പ്രതിഷേധക്കാരനെ കാര്‍ കൊണ്ട് ഇടിച്ചു തെറിപ്പിക്കുകയും ആംബുലന്‍സിന്റെ ജനാലകള്‍ തകര്‍ക്കുകയും ചെയ്തുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവസ്ഥലത്തുണ്ടായിരുന്ന ഇസ്രഈല്‍ സൈന്യം ആരെയും അറസ്റ്റ് ചെയ്തില്ലെന്നും ആരോപണമുണ്ട്.
സമീപ വര്‍ഷങ്ങളില്‍ വെസ്റ്റ് ബാങ്കില്‍ ഇസ്രഈല്‍ നിരവധി അമേരിക്കന്‍ പൗരന്മാരെ കൊലപ്പെടുത്തിയിട്ടുണ്ട്. ഫലസ്തീന്‍ അമേരിക്കന്‍ പത്രപ്രവര്‍ത്തക ഷിരീന്‍ അബു അക്ലേ, ഫലസ്തീന്‍ അമേരിക്കന്‍ കൗമാരക്കാരനായ ഒമര്‍ മുഹമ്മദ് റാബിയ, തുര്‍ക്കി അമേരിക്കന്‍ ആക്ടിവിസ്റ്റ് ഐസനൂര്‍ എസ്ഗി ഈഗി എന്നിവര്‍ അതില്‍ ഉള്‍പ്പെടുന്നു.
ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രഈല്‍ നടത്തുന്ന അധിനിവേശം നിയമവിരുദ്ധമാണെന്നും എത്രയും വേഗം അത് പിന്‍വലിക്കണമെന്നും ഐക്യരാഷ്ട്രസഭയുടെ പരമോന്നത കോടതി കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു.
Content Highlight: The family of an American citizen killed by Israeli settlers in Sinjil, West Bank, is calling on the US State Department to immediately investigate the death