ന്യൂദല്‍ഹി: പെണ്‍കുട്ടിയും പ്രതിയും തമ്മില്‍ പ്രണയബന്ധമുണ്ടായിരുന്നു, വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയായിരുന്നു തുടങ്ങിയ കാരണങ്ങള്‍ പോക്സോ കേസില്‍ ജാമ്യം അനുവദിക്കുന്നതിനെ ബാധിക്കില്ലെന്ന് സുപ്രീം കോടതി.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളില്‍ നിന്നുള്ള സംരക്ഷണ നിയമം 2012, ഐ.പി.സി എന്നിവ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച ജാര്‍ഖണ്ഡ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജിയുടെ ഉത്തരവ് റദ്ദാ്കികൊണ്ടായിരുന്നു ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
ജാമ്യാപേക്ഷ അനുവദിക്കുന്നതില്‍ ഹൈക്കോടതിക്ക് വ്യക്തമായ പിഴവുണ്ടായതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സെക്ഷന്‍ 164 പ്രകാരം എഫ്.ഐ.ആറില്‍ പറയുന്നതിനനുസരിച്ച് പരാതിക്കാരിയും പ്രതിയും തമ്മില്‍ പ്രണയബന്ധം ഉണ്ടായിരുന്നു. പ്രതി പരാതിക്കാരിയെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കേസ് കൊടുത്തത് എന്നത് വിചിത്രമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
‘പ്രഥമദൃഷ്ട്യാ, കോടതിക്ക് മുമ്പാകെയുള്ള തെളിവുകളില്‍ നിന്ന് കുറ്റകൃത്യം നടന്ന തീയതിയില്‍ പരാതിക്കാരിക്ക് പതിമൂന്ന് വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു പ്രണയബന്ധം ഉണ്ടായിരുന്നുവെന്നതും, പെണ്‍കുട്ടിയും പ്രതിയും തമ്മിലുള്ള വിവാഹത്തിന് പ്രതി വിസമ്മതിക്കുന്നതും ജാമ്യം അനുവദിക്കുന്നതിനെ ബാധിക്കാത്ത കാര്യങ്ങളാണ്,’ കോടതി പറഞ്ഞു.
എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ഥിയാണ് പ്രതിയെന്ന കാര്യം കോടതി പരിഗണിക്കണമെന്നും വിചാരണയിലുടനീളം ജാമ്യം ലഭിക്കില്ലെന്ന് പറയുന്ന ബെഞ്ച് വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുക്കണമെന്നും പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
‘ഐ.പി.സി 376 ഉം പോക്‌സോ വകുപ്പും കണക്കിലെടുക്കുമ്പോള്‍, ഹൈക്കോടതി പ്രതിക്ക് ജാമ്യം നല്‍കികൊണ്ട് പറഞ്ഞ കാരണങ്ങള്‍ വിചിത്രമാണ്. ജാമ്യത്തിനുള്ള അപേക്ഷ അനുവദിക്കാന്‍ പാടില്ലായിരുന്നു,’ പരാതിക്കാരിയുടെ അഭിഭാഷകന്‍ ആനന്ദ് ഗ്രോവര്‍ പറഞ്ഞു.
അതേസമയം, കേസില്‍ കുറ്റപത്രം സമര്‍പ്പിട്ടുണ്ടെങ്കിലും അശ്ലീലമെന്ന് ആരോപിക്കപ്പെടുന്ന വീഡിയോകള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതിയുമായി പെണ്‍കുട്ടിക്ക് ലൈംഗിക ബന്ധമുണ്ടായിരുന്നതായി സൂചിപ്പിക്കുന്ന മെഡിക്കല്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പ്രതിയുടെ അഭിഭാഷകന്‍ രഞ്ജന്‍ കോടതിയില്‍ വാദിച്ചു.
പ്രതി തന്നെ വിവാഹം കഴിക്കാന്‍ വിസമ്മതിക്കുന്നതായും ഇരുവരും തമ്മിലുള്ള ചില സ്വകാര്യ വീഡിയോകള്‍ തന്റെ പിതാവിന് അയച്ചുകൊടുത്തതായും പെണ്‍കുട്ടി നേരത്തെ ആരോപിച്ചിരുന്നു.
2021 മെയ് 24 ന് പൊലീസ് പ്രത്യേക ജഡ്ജിക്ക് മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതിയുടെ ജാമ്യാപേക്ഷ ജാര്‍ഖണ്ഡ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജി അനുവദിച്ചത്.
Content Highlights: The fact that there was love is not a reason to grant bail in the Pocso case: Supreme Court